വാരനാട്ടേക്ക് വിളിച്ചാല്‍ ഇനിയും വരും; വൈറല്‍ വീഡിയോയില്‍ പ്രതികരണവുമായി വിനീത് ശ്രീനിവാസന്‍
നേരത്തെ ഗാനമേളയ്ക്ക് ശേഷം വിനീത് സ്‌റ്റേജില്‍ നിന്ന് ഇറങ്ങിയോടിയെന്ന രീതിയിലായിരുന്നു ഈ വീഡിയോ പ്രചരിച്ചത്. ഇത് പരിപാടി മോശമായത് കൊണ്ടാണെന്നും പ്രചാരണമുണ്ടായിരുന്നു.

ആലപ്പുഴ: വാരനാട് ദേവീ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നടന്ന ഗാനമേളയ്ക്ക് ശേഷം വിനീത് ശ്രീനിവാസന്‍ ഓടിരക്ഷപ്പെട്ടു എന്ന തരത്തില്‍ പ്രചരിച്ച വീഡിയോയില്‍ പ്രതികരണവുമായി താരം. ഏറ്റവും മികച്ച അന്തരീക്ഷമായിരുന്നു വാരനാട്ട് ലഭിച്ചതെന്നും, ഇനിയും വിളിച്ചാല്‍ വരുമെന്നും വിനീത് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
വാരനാട് ക്ഷേത്രത്തില്‍ നടന്ന ഗാനമേള സംബന്ധിച്ച് ഒരുപാടു വാര്‍ത്തകളും വീഡിയോസും വന്നതുകൊണ്ടാണ് ഇതെഴുതുന്നത്. അടുത്ത കാലത്ത് ഞാന്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ചു പാടിയ ഒരു വേദിയായിരുന്നു അത്. പ്രോഗ്രാമിന്റെ അവസാനഘട്ടത്തില്‍,അനിയന്ത്രിതമായ ജനതിരക്കു കാരണം ഗാനമേള അവസാനിപ്പിച്ച് പുറത്തു കടക്കേണ്ട ഒരു സാഹചര്യം ഉണ്ടായി.
ക്ഷേത്ര പരിസരത്ത് വണ്ടികയറ്റാന്‍ നിര്‍വാഹമില്ലാത്തതുകൊണ്ട്, വണ്ടി വരെ അല്‍പദൂരം ഓടേണ്ടിവന്നു. അല്ലാതെ ആരും ഒരുതരത്തിലുമുള്ള ദേഹോപദ്രവം ഉണ്ടാക്കിയിട്ടില്ല. പരിപാടി അവസാനിക്കുന്നതുവരെ, ഓരോ പാട്ടും എന്നോടൊപ്പം ഏറ്റുപാടിയ സഹൃദയരായ വാരനാട്ടുകാരാണ് ഇപ്പോഴും മനസ്സുമുഴുവന്‍.ഒരു കലാകാരന് ഇതിനപ്പുറം എന്താണ് വേണ്ടത്. സിനിമ പിന്നണി ഗായകനായി ഇതെന്റെ ഇരുപതാം വര്‍ഷമാണ്.
രണ്ടാം തവണയാണ് വാരനാട് പ്രോഗ്രാമിന് വരുന്നത്. ഇനിയും വിളിച്ചാല്‍, ഇനിയും വരുമെന്നും വിനീത് കുറിച്ചു.
നേരത്തെ ഗാനമേളയ്ക്ക് ശേഷം വിനീത് സ്‌റ്റേജില്‍ നിന്ന് ഇറങ്ങിയോടിയെന്ന രീതിയിലായിരുന്നു ഈ വീഡിയോ പ്രചരിച്ചത്. ഇത് പരിപാടി മോശമായത് കൊണ്ടാണെന്നും പ്രചാരണമുണ്ടായിരുന്നു.
എന്നാല്‍ സെല്‍ഫിയെടുക്കുന്നതിനായി ആളുകള്‍ ബലമായി പിടിച്ച് നിര്‍ത്തിയതിനെ തുടര്‍ന്ന് വിനീത് കാറിലേക്ക് ഓടിക്കയറുകയായിരുന്നുവെന്ന് നിരവധി പേര്‍ വിശദീകരിച്ചിരുന്നു. ഇത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്നും തിരക്കഥാകൃത്ത് സുനീഷ് വാരനാടും പറഞ്ഞിരുന്നു. രണ്ടര മണിക്കൂറോളം ഗംഭീരമായ പരിപാടിയായിരുന്നു വിനീതും സംഘവും നടത്തിയതെന്നും സുനീഷ് പറഞ്ഞിരുന്നു.












Click it and Unblock the Notifications