'സ്ലീവ്‌ലെസും ഷോട്ട്‌സുമല്ല പ്രശ്‌നം, മനോഭാവമാണ് മാറേണ്ടത്'; വേറിട്ട കാമ്പയിനുമായി വിദ്യാര്‍ത്ഥികൾ
കോഴിക്കോട്: സിവിക് ചന്ദ്രനെതിരെ ഉയര്‍ന്ന പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട കോടതി നടത്തിയ വിധി പ്രസ്താവം ഏറെ വിവാദമായിരുന്നു. അതിജീവിതയുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ടായിരുന്നു കോടതിയുടെ പരാമര്‍ശം. ഇതിനെതിരെ വലിയ വിവാദങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ഇതില്‍ പ്രതിഷേധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളുടെ വേറിട്ട പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്.

മിനി സ്‌കേര്‍ട്ടും ഷോര്‍ട്ട്‌സും ധരിച്ച് പൊതുസ്ഥലത്തുള്ള ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. ബിരുദ വിദ്യാര്‍ത്ഥികളായ ആന്‍സി ഷാജു, രാധിക ദിജു, ഫിയോണ ജോസഫ്, ശ്രീനിമ, ശ്രിലക്ഷ്മി പ്രകാശ് എന്നിവരാണ് വേറിട്ട ഫോട്ടോഷൂട്ടുമായി രംഗത്തെത്തിയത്. ലേഡ് വൈസ് ചെയര്‍ പേഴ്‌സണ്‍ കൂടിയായ ഫിയോണയാണ് പ്രതിഷേധത്തിന്റെ മുഖ്യ സംഘാടക.

WINCA ( women in campus ) 'not for asking it' എന്ന കാമ്പയിന്റെ ഭാഗമായാണ് ഫോട്ടോ സീരീസ് സംഘടിപ്പിച്ചത്. സിവിക് ചന്ദ്രന്‍ വിഷയത്തിലെ കോടതി നിലപാടാണ് ഇങ്ങനെയൊരു ക്യാമ്പയില്‍ സംഘടിപ്പിക്കാന്‍ കാരണം. ഇവര്‍ പങ്കുവച്ച ഫോട്ടോഷൂട്ട് സീരീസ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. എന്നാല്‍ അതൊക്കെ സ്ത്രീകളുടെ വസ്ത്രധാരണത്തിലെ കുഴപ്പമാണെന്ന് ചൂണ്ടിക്കാണിച്ച് കുറ്റവാളികളെ വിട്ടയക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് യൂണിയന്‍ ജനറല്‍ സെക്രട്ടറി ഹെന്ന പറഞ്ഞു. സിവിക് ചന്ദ്രന്റെ കേസില്‍ കോടതി സ്വീകരിച്ച നിലപാട് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല. ഈ വിധിയുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ക്യാമ്പയില്‍ സംഘടിപ്പിച്ചതെന്ന് ഹെന്ന വ്യക്തമാക്കി.

ഈ ഫോട്ടോഷൂട്ട് നടത്തിയത് വസ്ത്രമാണോ പ്രശ്‌നമെന്ന ചോദ്യത്തിലൂന്നിയായിരുന്നു. കോളേജ്, ക്യാമ്പസ് ബസ് സ്റ്റോപ്പ്, മിഠായി തെരുവ് എന്നിവിടങ്ങളില്‍ വച്ചാണ് ഈ ഫോട്ടോഷൂട്ട് നടത്തിയത്. ഈ ബോധവത്കരണ ക്യാമ്പയിനെ ആരും പ്രകടമായി എതിര്‍ത്തില്ല, എന്നാല്‍ ഒരാള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നെന്ന് ഫിയോണ പറഞ്ഞു.

ശരീര ഭാരം കുറയ്ക്കണോ: ഈ അഞ്ച് പാനീയങ്ങള്‍ സ്ഥിരമാക്കൂ
ഈ നാടിന്റെ സംസ്‌കാരം തകര്‍ന്നു. നിങ്ങള്‍ക്ക് മതാപിതാക്കള്‍ ഇല്ലേ, എന്നതായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം, എന്നാല്‍ ഞങ്ങള്‍ വന്നത് വഴക്കിനല്ലെന്നും ആശയ പ്രചാരണത്തിന് മാത്രമാണെന്നും അവരെ പറഞ്ഞു മനസിലാക്കിയെന്നും ഫിയോണ വ്യക്തമാക്കി. സോഷ്യല്‍ മീഡിയകളില്‍ സൈബര്‍ ആക്രമണം നേരിട്ടെങ്കിലും ഈ മുന്നേറ്റത്തിന് ശക്തി പകരുക മാത്രമാണ് ചെയ്തതെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

ശരീരം കാണിച്ച് വസ്ത്രം ധരിക്കാനുള്ള കപട മൂവ്‌മെന്റ് ആണെന്ന് പുച്ഛിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. എന്ത് വസ്ത്രം ധരിക്കണമെന്നാണ് തങ്ങളുടെ തീരുമാനം. അതിലെ സഭ്യതയെ കുറിച്ച് വ്യക്തമായ ബോധം ഞങ്ങള്‍ക്കുണ്ട്. വസ്ത്രമാണ് ബലാത്സംഗത്തിന് കാരണമെന്ന് ചിന്തിക്കുന്ന വലിയൊരു സമൂഹം ഇവിടെയുണ്ട്. ആ സമൂഹത്തിന് ഒരു മാറ്റം വരണമെന്ന് ഫിയോണ പറഞ്ഞു.

സ്ത്രീകളോട് അതിക്രമം ചെയ്തവനാണ് തല കുനിക്കേണ്ടത്. അല്ലാതെ ആക്രമിക്കപ്പെട്ട സ്ത്രീയല്ല. വസ്ത്രം എങ്ങനെ ധരിക്കണമെന്നല്ല. പകരം സ്ത്രീകളെ നോക്കുന്ന മനോഭാവമാണ് മാറേണ്ടത്. ഇപ്പോഴും വനിത ഡോക്ടര്‍മാര്‍ സ്ലീവ്‌ലെസ് ഡ്രസ് ഇടുന്നത് ശരിയല്ലെന്ന കാഴ്ചപ്പാടുണ്ട്. നിങ്ങളൊക്ക എന്ത് ഡോക്ടര്‍മാരാണെന്ന് ചോദിക്കുന്നവരുണ്ട്. ഒരു നല്ല ഡോക്ടറെ നിര്‍ണയിക്കുന്നത് വസ്ത്രമല്ല, തൊഴിലിലുള്ള നൈപുണ്യവും രോഗിയോടുള്ള മനോഭാവമാണെന്ന് ഫിയോണ പറഞ്ഞു.

അതേസമയം, പീഡനക്കേസില്‍ സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ച നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. അതിജീവിതയുടെ അപ്പീല്‍ പരിഗണിച്ചാണ് കോടതി ഉത്തരവ്. കേസ് ഇനി പരിഗണിക്കുന്ന തിങ്കളാഴ്ച വരെ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. കോഴിക്കോട് സെഷന്‍സ് കോടതിയാണ് സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.












Click it and Unblock the Notifications