കോലിക്ക് അപ്രതീക്ഷീത നിയോഗം: ആറ് വർഷത്തിന് ശേഷം ഒരിക്കല്‍ കൂടെ ആ 'ജഴ്സി' അണിഞ്ഞു
വർഷങ്ങള്‍ക്ക് ശേഷം ഏകദിന ക്രിക്കറ്റില്‍ ബോള്‍ ചെയ്ത് വിരാട് കോഹ്ലി. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഹാർദിക് പാണ്ഡ്യ പരിക്ക് മൂലം പുറത്തായപ്പോഴാണ് ആറ് വർഷങ്ങള്‍ക്ക് ശേഷം കോഹ്ലി വീണ്ടും ബൗളറുടെ ജേഴ്സിയണിഞ്ഞത്. തുടങ്ങിവെച്ച ഓവർ പൂർത്തിയാക്കാന്‍ കഴിയാതെയായിരുന്നു ഹാർദിക് പാണ്ഡ്യ മൈതനത്ത് നിന്നും മടങ്ങിയത്. 2017 ഓഗസ്റ്റിൽ കൊളംബോയിൽ ശ്രീലങ്കയ്‌ക്കെതിരെയാണ് കോഹ്‌ലി അവസാനമായി ഏകദിനത്തിൽ പന്തെറിയുന്നത്.
ബംഗ്ലദേശ് ഇന്നിംഗ്സിന്റെ 9-ാം ഓവർ എറിയുന്നതിനിടയിൽ ഹാർദിക് പാണ്ഡ്യക്ക് ഇടത് കാലിന് പരിക്കേല്‍ക്കുകയായിരുന്നു. ഡോക്ടർമാർ വന്ന് പരിശോധിച്ചതിന് ശേഷം അദ്ദേഹത്തിന് കളിതുടരാന്‍ കഴിയില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. ഇതേ തുടർന്നാണ് ഓവറിലെ അവസാന മൂന്ന് പന്തുകൾ എറിയാൻ കോഹ്‌ലി വരുന്നത്.

ഏകദിന ലോകകപ്പ് മത്സരങ്ങളില്‍ ഇത് നാലാം തവണയാണ് കോഹ്‌ലി പന്തെറിയുന്നത്. മുമ്പ് 2011 ലോകകപ്പിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെയും ശ്രീലങ്കയ്‌ക്കെതിരെയും 2015ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെയും കോലി ബോള്‍ ചെയ്തിരുന്നു. അതേസമയം, ലോകകപ്പിൽ ഇന്ത്യയുടെ വരും മത്സരങ്ങളില്‍ ഹാർദിക് പാണ്ഡ്യയുടെ പങ്ക് നിർണായകമായതിനാൽ ഹാർദിക് പാണ്ഡ്യയുടെ പരിക്ക് ഗുരുതരമാകരുതേയെന്ന പ്രാർത്ഥനയിലാണ് ഇന്ത്യന്‍ ആരാധകർ.
ഇതാദ്യമായല്ല ഹാർദിക്കിന് പരിക്കേൽക്കുന്നത്. 2021-ലെ ടി20 ലോകകപ്പിന് ശേഷം നട്ടെല്ലിന് പരിക്കേറ്റതിനെത്തുടർന്ന് അദ്ദേഹം മാസങ്ങളോളം പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്ന് വിട്ടുനിന്നു. 2022 ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) ആവേശകരമായ തിരിച്ചുവരവ് നടത്തിയ അദ്ദേഹം പെട്ടെന്ന് തന്നെ ഇന്ത്യൻ ടീമിലും തിരിച്ചെത്തി.
അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുുള്ള തിരിച്ചുവരവിലെ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ പ്രകടനങ്ങൾ ടീമിലെ സ്ഥാനം ഉറപ്പിക്കുക മാത്രമല്ല, ഈ വർഷമാദ്യം T20I കളിലെ നായകസ്ഥാനം ഉറപ്പിക്കുകയും ചെയ്തു. കൂടാതെ, ഏകദിനത്തിലെ വൈസ് ക്യാപ്റ്റൻസി റോളും പാണ്ഡ്യയെ ഏൽപ്പിച്ചു. ഈ ഉത്തരവാദിത്തം ഇപ്പോൾ നടക്കുന്ന ലോകകപ്പിലും അദ്ദേഹം നിർവ്വഹിക്കുന്നുണ്ട്.
അതേസമയം, മികച്ച ഓപ്പണിങ് ലഭിച്ചെങ്കിലും അത് മുതലെടുക്കാന്‍ ബംഗ്ലാദേശ് ബാറ്റിങ് നിരയ്ക്ക് സാധിച്ചില്ല. ബംഗ്ലാദേശ് ബാറ്റിങ് നിരയെ ഇന്ത്യ 256 റണ്‍സില്‍ പിടിച്ചുകെട്ടി. ഓപണർമാരായ തൻസിദ് ഹസൻ (51), ലിറ്റൺ ദാസ് (66) എന്നിവരുടെ മികവിൽ വിക്കറ്റുപോവാതെ 93 റൺസിലെത്തിയിരുന്ന ബംഗ്ലാദേശ് നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 256 റൺസെടുത്തത്. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, രവീന്ദ്ര ജദേജ എന്നിവർ രണ്ടുവിക്കറ്റ് വീതം വീഴ്ത്തി.












Click it and Unblock the Notifications