Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഴിഞ്ഞം; കലാപത്തിനുള്ള നീക്കം എവിടെ നിന്നുണ്ടായാലും അപലപിക്കപ്പെടണം: വിശദീകരണവുമായി സിപിഎം

വിഴിഞ്ഞം സമരത്തിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ വിശദീകരണ പ്രചരണ ജാഥയുമായി സി പി എം. ഡിസംബർ ഏഴ്, എട്ട്, ഒമ്പത് തിയതികളില്‍ നടക്കുന്ന ജാഥ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘടാനം ചെയ്യും. പാർട്ടി തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനാണ് ജാഥാ ക്യാപ്റ്റന്‍. വിഴിഞ്ഞം തുറമുഖ പദ്ധതി കേരളത്തില്‍ ചര്‍ച്ചാ വിഷയമായിട്ട് 30 വര്‍ഷത്തിലേറെയായി. വിഴിഞ്ഞത്ത് ഒരു കണ്ടെയ്നര്‍ തുറമുഖം വേണം എന്ന കാര്യത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ജനങ്ങളും ഏതാണ്ട് ഏകാഭിപ്രായക്കാരാണെന്നും ആനാവൂർ നാഗപ്പന്‍ വ്യക്തമാക്കുന്നു.

കേരളത്തിന്‍റെയും വിശിഷ്യാ തലസ്ഥാന ജില്ലയുടെയും വികസനത്തിന് തുറമുഖം വലിയ പങ്കു വഹിക്കും എന്ന കാര്യം നിസ്തര്‍ക്കമാണ്. അന്താരാഷ്ട്ര കപ്പല്‍ചാനലിനോട് അടുത്ത് കിടക്കുന്നതും പ്രകൃതിദത്തമായ ആഴമേറിയ കടലും ഉള്ളതിനാല്‍ വിഴിഞ്ഞം തുറമുഖത്ത് ഏത് വലിയ മദര്‍ഷിപ്പിനും എത്താന്‍ കഴിയും എന്നത് വമ്പിച്ച വികസന സാധ്യതയിലേയ്ക്കാണ് വിരൽചൂണ്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. സമരക്കാരുടെ ആവശ്യവും അതിനോട് സർക്കാർ സ്വീകരിച്ച നടപടികളും ആനാവൂർ നാഗപ്പന്‍ തന്റെ പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നുണ്ട്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ആ കരാറിനെ എല്‍.ഡി.എഫ് വിമര്‍ശിച്ചിട്ടുണ്ട്

സംസ്ഥാന സര്‍ക്കാരിന്‍റെ പൂര്‍ണ നിയന്ത്രണമുള്ള ലാന്‍റ് ലോര്‍ഡ് മോഡലിൽ തുറമുഖം നിര്‍മിക്കാനായിരുന്നു എല്‍ഡിഎഫ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. തുറമുഖ നിര്‍മ്മാണം സര്‍ക്കാര്‍ നേരിട്ട് നടപ്പിലാക്കുക, തുറമുഖത്തിന്‍റെ പ്രവര്‍ത്തനത്തില്‍ പൊതു-സ്വകാര്യ പങ്കാളിത്തം കൊണ്ടുവരുക ഇതാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ വിഭാവനം ചെയ്തത്. ഇതിനുവേണ്ടി 450 കോടി രൂപ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തുകയും ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് 2,500 കോടി രൂപ സമാഹരിക്കുവാന്‍ തീരുമാനിക്കുകയും, തുറമുഖനിര്‍മ്മാണത്തില്‍ കരാറുകാരെ ക്ഷണിച്ച് ടെന്‍റര്‍ ക്ഷണിക്കുകയും ചെയ്തു. എന്നാല്‍, അന്ന് ടെന്‍റർ വിളിച്ച കമ്പനിക്ക് കേന്ദ്ര സര്‍ക്കാരിന്‍റെ അംഗീകാരം ലഭിച്ചില്ല. ഈ ഘട്ടത്തിലാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ മാറി യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സ്വകാര്യമേഖലയ്ക്ക് പ്രാധാന്യമുള്ള രീതിയിലേക്ക് കരാര്‍ മാറ്റുകയും അദാനിക്ക് കരാര്‍ നല്‍കുകയും ചെയ്തു.

ആ കരാറിനെ എല്‍.ഡി.എഫ് വിമര്‍ശിച്ചിട്ടുണ്ട്. കാരണം, കരാര്‍ തികച്ചും ഏകപക്ഷീയമായിരുന്നു. ചെറിയൊരു തുക ഒഴിച്ച് ചെലവെല്ലാം കേരള സര്‍ക്കാരിന്‍റെ ചുമലിലായിരിക്കുമ്പോള്‍ കരാര്‍ കാലയളവിലെ നേട്ടം മുഴുവന്‍ നടത്തിപ്പുകാരനായ അദാനി കമ്പനിക്ക് ലഭിക്കും. ഇതിനെയാണ് വിമര്‍ശിച്ചത്. എന്നാല്‍, കരാര്‍ യാഥാര്‍ത്ഥ്യമാവുകയും എത്രയും പെട്ടെന്ന് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ലത്തീന്‍ രൂപതാ നേതൃത്വം അക്കാലത്ത് സമരവും ചെയ്തിട്ടുണ്ട്. എല്‍.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ കരാര്‍ പ്രകാരമുള്ള പദ്ധതി നടപ്പിലാക്കുന്നതിന് തടസ്സമുണ്ടാക്കില്ലെന്ന് തെരഞ്ഞെടുപ്പ് കാലത്ത് പരസ്യമായി ഉറപ്പ് നല്‍കി. പദ്ധതി വേഗത്തില്‍ പൂര്‍ത്തീകരിക്കുവാനുള്ള നടപടികള്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ചു. പദ്ധതിയുടെ നല്ലൊരു പങ്ക് പൂര്‍ത്തിയായി അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ആദ്യ കപ്പല്‍ വിഴിഞ്ഞത്ത് അടുപ്പിക്കുവാന്‍ കഴിയും.

തീരശോഷണത്തിന് കാരണവും വിഴിഞ്ഞം

വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാവുന്നതിന്‍റെ അടിസ്ഥാനത്തില്‍ കേരള സര്‍ക്കാര്‍ ഏതാണ്ട് അറുപതിനായിരം കോടി രൂപയുടെ തലസ്ഥാന മേഖലാ വികസന പരിപാടിക്ക് (ക്യാപിറ്റല്‍ സിറ്റി റീജിയണല്‍ ഡവലപ്പ്മെന്‍റ് പ്രോഗ്രാം) രൂപം നല്‍കിയിട്ടുണ്ട്.

വിഴിഞ്ഞം പദ്ധതി നാടിന്‍റെ വിശിഷ്യാ തിരുവനന്തപുരം ജില്ലയുടെ വികസന കാഴ്ച്ചപ്പാടിന്‍റെ മര്‍മ്മ കേന്ദ്രമായി മാറുകയാണ്. കോടികള്‍ ചെലവഴിക്കുകയും ഏതാണ്ട് പൂര്‍ത്തിയാവുകയും ചെയ്ത ഈ സ്വപ്നപദ്ധതി ഈ ഘട്ടത്തില്‍ നിറുത്തി വയ്ക്കുക എന്നത് ആലോചിക്കാന്‍ പോലും കഴിയാത്ത ഒന്നാണ്.
ലത്തീന്‍ രൂപതയുടെ നേതൃത്വത്തില്‍ ഏഴാവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം ആരംഭിച്ചത്. ഇതില്‍ തുറമുഖത്തിന്‍റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുക എന്ന ആവശ്യം അംഗീകരിക്കാന്‍ സാധ്യമല്ലായെന്ന് സര്‍ക്കാര്‍ സമര സമിതിയെ അറിയിക്കുകയും അത് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. മറ്റ് ആവശ്യങ്ങളോട് അനുഭാവ പൂര്‍വ്വമായ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.

സമര സമിതി ഉന്നയിച്ച ആവശ്യങ്ങളും അതിന്മേല്‍ സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങളും ചുവടെ കൊടുക്കുന്നു.

1. തീരശോഷണത്തിന് കാരണവും വിഴിഞ്ഞം മത്സ്യ ബന്ധന തുറമുഖത്തിനും കോവളം, ശംഖുമുഖം ബീച്ചുകള്‍ക്കും ഭീഷണിയായ തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെച്ച് പഠനം നടത്തുക.

2015-ല്‍ കരാറിലേര്‍പ്പെട്ടതാണ് വിഴിഞ്ഞം തുറമുഖ പദ്ധതി നിര്‍മ്മാണം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ആവശ്യമായ എല്ലാ ശാസ്ത്രീയ പഠനങ്ങളും നടത്തിയിരുന്നു. നിര്‍മ്മാണം നിര്‍ത്തിവയ്ക്കുന്നത് ഒരര്‍ത്ഥത്തിലും നീതി യുക്തമല്ലായെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാലും സമര സമിതിയുടെ ആവശ്യം പരിഗണിച്ച് ഒരു പഠനത്തിന് കൂടി വിദഗ്ധരെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിച്ചു. പ്രാദേശിക ജന പ്രതിനിധികളുമായി ചര്‍ച്ച ചെയ്തതിന് ശേഷം മാത്രമേ വിദഗ്ധ സമിതി റിപ്പോര്‍ട്ട് അന്തിമമാക്കൂവെന്ന് ഗവണ്‍മെന്‍റ് അംഗീകരിച്ചു.
(സര്‍ക്കാര്‍ ഉത്തരവ് : FISERIES & PORTS(E) DEPARTMENT G.O(Rt) No631/2022/F&PD DATED, THIRUVANANTHAPURAM, 06-10-2022)

അനിയന്ത്രിതമായ മണ്ണെണ്ണ വില വര്‍ദ്ധനവ്

2. അനിയന്ത്രിതമായ മണ്ണെണ്ണ വില വര്‍ദ്ധനവ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഇടപെടുക. തമിഴ്നാട് മാതൃകയില്‍ മണ്ണെണ്ണ ലഭ്യമാക്കുക.

മത്സ്യ തൊഴിലാളികള്‍ക്ക് കുറഞ്ഞ നിരക്കില്‍ കൂടുതല്‍ മണ്ണെണ്ണ ലഭ്യമാക്കണമെന്നും അര്‍ഹരായവര്‍ക്ക് മണ്ണെണ്ണ ലഭ്യത ഉറപ്പാക്കാന്‍ മത്സ്യഫെഡിന് മണ്ണെണ്ണ മൊത്ത വിതരണ ചുമതല അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര മത്സ്യബന്ധന മന്ത്രിക്കും പെട്രോളിയം മന്ത്രിക്കും നേരിട്ട് നിവേദനം നല്‍കിയിരുന്നു. മുഖ്യമന്ത്രിയും കേന്ദ്രസര്‍ക്കാരിന് മുന്നില്‍ ഈ ആവശ്യം ഉന്നയിച്ചിരുന്നു. പാര്‍ലമെന്‍റ് സമ്മേളനത്തില്‍ ഈ വിഷയം ഉന്നയിക്കാന്‍ എം.പിമാരുടെ യോഗത്തില്‍ അജണ്ടയായി ഉള്‍പ്പെടുത്തിയിരുന്നു. കേരളതീരത്ത് രജിസ്റ്റര്‍ ചെയ്ത് മത്സ്യബന്ധനം നടത്തി വരുന്ന ഏകദേശം 36,000 പരമ്പരാഗത യാനങ്ങളില്‍ 90 ശതമാനത്തിലധകവും മണ്ണെണ്ണ ഇന്ധനമായ ഔഡ്ബോര്‍ഡ് എഞ്ചിന്‍ ഘടിപ്പിച്ചവയാണ്.

സംസ്ഥാനത്ത് മണ്ണെണ്ണ പെര്‍മിറ്റിനുള്ള 14,332 യാനങ്ങള്‍ക്ക് അനുവദിക്കാന്‍ പ്രതിവര്‍ഷം ഏകദേശം ഒരു ലക്ഷം കിലോ ലിറ്റര്‍ മണ്ണെണ്ണ ആവശ്യമാണ്. എന്നാല്‍, കേന്ദ്രം അനുവദിക്കുന്നത് 25,000 കിലോ ലിറ്ററില്‍ താഴെ മാത്രമാണ്. ഈ വിവരം പല തവണ കേന്ദ്രത്തിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഫലമുണ്ടായിട്ടില്ല. പി.ഡി.എസ് വിഭാഗത്തിലും നോണ്‍ സബ്സിഡൈസ് പി.ഡി.എസ് വിഭാഗത്തിലും അനുവദിക്കുന്ന മണ്ണെണ്ണയുടെ അളവ് വെട്ടിക്കുറച്ച് കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മണ്ണെണ്ണയല്ലാത്ത ഇന്ധനം ഉപയോഗിച്ചുള്ള യാനങ്ങള്‍ വര്‍ദ്ധിപ്പിക്കാനും മണ്ണെണ്ണ എഞ്ചിനുകള്‍ ഘട്ടം ഘട്ടമായി പൂര്‍ണമായും ഒഴിവാക്കുവാനുമാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. അതിനുള്ള സഹായ പദ്ധതികള്‍ നടപ്പിലാക്കുകയും പുതിയത് ആവിഷ്കരിക്കുവാന്‍ ചര്‍ച്ച പുരോഗമിക്കുകയും ചെയ്യുന്നു. മണ്ണെണ്ണ എഞ്ചിന്‍ ഉപയോഗിക്കുന്ന യാനങ്ങളില്‍ കണ്‍വേര്‍ഷന്‍ കിറ്റ് ഘടിപ്പിച്ച് മറ്റ് ഇന്ധനങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിന് സബ്സിഡി നല്‍കുന്നത് പരിഗണനയിലാണ്. കാലാവധി കഴിഞ്ഞ മണ്ണെണ്ണ എഞ്ചിനുകള്‍ മാറ്റി മറ്റ് ഇന്ധനമുപയോഗിക്കുന്ന എഞ്ചിനുകള്‍ വാങ്ങുന്നതിനും സബ്സിഡി നല്‍കുന്നതും പരിഗണിക്കും. തമിഴ്നാട്ടില്‍ വളരെ കുറച്ച് യാനങ്ങള്‍ക്ക് മാത്രമേ മണ്ണെണ്ണ പെര്‍മിറ്റ് അനുവദിക്കുന്നുള്ളൂ.

ഈ ഭാഗത്ത് അക്വേറിയം വെച്ചാല്‍ വീട്ടില്‍ കലഹം: പിന്നെ എവിടെ വെക്കണം, വാസ്തു പറയുന്നത് കേള്‍ക്കാം

ഈ ആവശ്യം ഗവണ്‍മെന്‍റ് അംഗീകരിക്കുകയും

3. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണം മൂലമുണ്ടാകുന്ന തീരശോഷണത്തിന് ശാശ്വത പരിഹാരം കാണുക.

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കാരണം തീരശോഷണം ഉണ്ടായോ എന്ന് പരിശോധിക്കുവാനും അങ്ങനെ ഉണ്ടെങ്കില്‍ പരിഹരിക്കുവാനുള്ള പ്രത്യേക നടപടികള്‍ കണ്ടെത്തുവാനും വിദഗ്ധ സമിതിയെ രൂപീകരിച്ചിട്ടുണ്ട്. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാവുന്നതാണ്. തീരസംരക്ഷണത്തിനും തീരപരിപോഷണത്തിനും പരീക്ഷണാടിസ്ഥാനത്തില്‍ പൂന്തുറ ഭാഗത്ത് നടപ്പാക്കി വരുന്ന ജിയോട്യൂബ് ഉപയോഗിച്ചിട്ടുള്ള ഓഫ് ഷോര്‍ വാട്ടര്‍ പദ്ധതിയുടെ ഫലപ്രാപ്തി വിലയിരുത്തി ഗുണകരമാകുന്ന പക്ഷം കൂടുതല്‍ പ്രദേശത്ത് നടപ്പിലാക്കുവാനും തീരുമാനിച്ചിട്ടുണ്ട്.

4. തീരശോഷണം മൂലം വീട് നഷ്ടപ്പെട്ട് ക്യാമ്പുകളില്‍ കഴിയുന്ന കുടുംബങ്ങളെ അടിയന്തിരമായി വാടക നല്‍കി മാറ്റി പാര്‍പ്പിക്കുക.

ഈ ആവശ്യം ഗവണ്‍മെന്‍റ് അംഗീകരിക്കുകയും ദുരിതാശ്വാസ ക്യാമ്പിലുള്ള മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക് വാടക കൊടുത്ത് മാറി താമസിക്കുന്നതിന് വാടക തുക നിശ്ചയിക്കുവാന്‍ ജില്ലാ കളക്ടര്‍ അധ്യക്ഷനായി സമിതി രൂപീകരിച്ചിരുന്നു. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് തീരശോഷണം മൂലം മാറി താമസിക്കേണ്ടി വന്ന കുടുംബങ്ങള്‍ക്ക് പുനരധിവാസം ലഭിക്കുന്നത് വരെ വീട് വാടകയിനത്തില്‍ മാസം 5,500 രൂപ വീതം അനുവദിച്ചു. വീട് നഷ്ടപ്പെട്ട് ക്യാമ്പില്‍ കഴിയുന്ന 102 കുടുംബങ്ങളും ബന്ധു വീട്ടിലും വാടക വീട്ടിലും കഴിയുന്ന 182 കുടുംബങ്ങളും ഉള്‍പ്പെടെ 284 കുടുംബങ്ങള്‍ക്ക് വാടക നല്‍കാന്‍ ഉത്തരവാക്കുകയും തുക അനുവദിക്കുകയും 151 പേര്‍ വാടക ഗഡുക്കള്‍ വാങ്ങുകയും ചെയ്തു.

(സര്‍ക്കാര്‍ ഉത്തരവ് : ദുരന്ത നിവാരണ (ബി) വകുപ്പ് സ.ഉ.കൈ നം.7/2022 DMD തീയതി, തിരുവനന്തപുരം. 01-09-2022)

വീടും സ്ഥലവും നഷ്ടപ്പെട്ടവരെ നഷ്ടപരിഹാരം

5. വീടും സ്ഥലവും നഷ്ടപ്പെട്ടവരെ നഷ്ടപരിഹാരം നല്‍കി പുനരധിവസിപ്പിക്കുക.

കടലാക്രമണത്തില്‍ വീട് നഷ്ടപ്പെട്ടവരെയും തീരദേശത്ത് വേലിയേറ്റ രേഖയില്‍ നിന്നും 50 മീറ്ററിനുള്ളില്‍ കഴിയുന്ന കുടുംബങ്ങളെയും പുനരധിവസിപ്പിക്കാന്‍ പുനര്‍ഗേഹം പദ്ധതി നടപ്പാക്കി വരുകയാണ്. പദ്ധതിയുടെ ഭാഗമായി ഫ്ളാറ്റുകള്‍ നിര്‍മ്മിച്ച് നല്‍കും. സ്വന്തമായി ഭൂമി വാങ്ങി ഭവനം നിര്‍മ്മിക്കുവാനും കഴിയും. ഇതിനായി 10 ലക്ഷം രൂപ ധനസഹായം അനുവദിച്ചു വരുന്നു. സംസ്ഥാനത്ത് 2941 ഉപഭോക്താക്കള്‍ ഭൂമി രജിസ്റ്റര്‍ ചെയ്ത് ഭവന നിര്‍മ്മാണത്തിന്‍റെ വിവിധ ഘട്ടങ്ങളിലാണ്. തിരുവനന്തപുരം ജില്ലയില്‍ 977 പേര്‍ ഭൂമി കണ്ടെത്തി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വലിയതുറയില്‍ 2.94 ഏക്കറില്‍ 192 ഫ്ളാറ്റ് നിര്‍മ്മാണത്തിന് ഭരണാനുമതി നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയില്‍ മുട്ടത്തറയില്‍ 192 ഫ്ളാറ്റും ബീമാപള്ളിയില്‍ 20 ഫ്ളാറ്റും, കാരോട് 128 ഫ്ളാറ്റും നിര്‍മ്മിച്ച് ഉപഭോക്താക്കള്‍ക്ക് കൈമാറിയിട്ടുണ്ട്. മുട്ടത്തറ വില്ലേജില്‍ ക്ഷീരവികസന വകുപ്പിന്‍റെ എട്ടേക്കര്‍ ഭൂമി പുനര്‍ഗേഹം പദ്ധതി പ്രകാരം വീട് നിര്‍മ്മിക്കുവാന്‍ മത്സ്യബന്ധന വകുപ്പിന് കൈമാറിയിട്ടുണ്ട്. അവിടെ ഫ്ളാറ്റ് നിര്‍മ്മാണത്തിന് വേണ്ടിയുള്ള സത്വര നടപടികള്‍ സ്വീകരിച്ചു വരുന്നു. (സര്‍ക്കാര്‍ ഉത്തരവ് : റവന്യൂ (യു) വകുപ്പ് സ.ഉ.(സാധാ) നം.4132/2022 RD തീയതി, തിരുവനന്തപുരം, 12-10-2022

6. കാലാവസ്ഥ മുന്നറിയിപ്പ് കാരണം തൊഴില്‍ നഷ്ടപ്പെടുന്ന ദിവസങ്ങളില്‍ മിനിമം വേതനം നല്‍കുക.

ഈ ആവശ്യം സര്‍ക്കാരിന്‍റെ പരിഗണനയില്‍ നേരത്തെയുള്ളതാണ്. 2020-21 ല്‍ കാലാവസ്ഥ മുന്നറിയിപ്പ്, കോവിഡ്-19 എന്നിവ മൂലം തൊഴില്‍ ദിനങ്ങള്‍ നഷ്ടപ്പെട്ട മത്സ്യതൊഴിലാളികള്‍ക്ക് 36.12 കോടി രൂപ ധനസഹായം അനുവദിച്ചിട്ടുണ്ട്. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനവും ഇത്തരത്തില്‍ സഹായം അനുവദിക്കുന്നില്ല. മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളുമായ 20,714 പേര്‍ക്ക് ഈ സഹായം ലഭ്യമായിട്ടുണ്ട്. ടോട്ടോ ചുഴലിക്കാറ്റ് തീവ്രതയില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയതിനാല്‍ 6 ദിവസത്തേക്ക് തിട്ടപ്പെടുത്തി ഒരു കുടുംബത്തിന് 1200 രൂപ വീതം ആകെ 18.36 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കോവിഡിനെ തുടര്‍ന്ന് ജോലിക്ക് പോകുവാന്‍ കഴിയാതിരുന്ന സമയങ്ങളില്‍ 20 ഇനങ്ങളില്‍ പെട്ട ഭക്ഷ്യകിറ്റ് മത്സ്യതൊഴിലാളികള്‍ക്ക് റേഷന്‍ കടകള്‍ വഴി വിതരണം ചെയ്തിട്ടുണ്ട്. 122377 കുടുംബങ്ങള്‍ക്ക് ഈ സഹായം ലഭിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് രജിസ്റ്റര്‍ ചെയ്ത 2,40,211 മത്സ്യത്തൊഴിലാളികള്‍ക്കും 84,531 അനുബന്ധ മത്സ്യത്തൊഴിലാളികള്‍ക്കും 1000 രൂപ നിരക്കില്‍ നല്‍കാനായി 32.4 കോടി രൂപ ക്ഷേമനിധി ബോര്‍ഡ് മുഖേന അനുവദിച്ചു. 2021 സെപ്തംബറില്‍ കാലാവസ്ഥ മുന്നറിയിപ്പ് കാരണം തൊഴിലിന് പോകാന്‍ കഴിയാതിരുന്നപ്പോള്‍ ആശ്വാസമായി 47.84 കോടി രൂപ അനുവദിച്ചു. ഇങ്ങനെ ഓരോ ഘട്ടത്തിലും സര്‍ക്കാര്‍ നടപ്പാക്കുന്ന കാര്യമാണ്. അത് തുടരും.

ഈ വസ്തുതകൾ ജനങ്ങളോട് വിശദീകരിക്കാനും

7. മുതലപ്പൊഴിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുക

മുതലപ്പൊഴി ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മാണത്തിന് അശാസ്ത്രീയത പരിഹരിക്കുകയെന്ന ആവശ്യവും സര്‍ക്കാര്‍ പരിഗണിച്ച് നടപടികള്‍ തുടങ്ങി. പ്രദേശവാസികളും, മത്സ്യത്തൊഴിലാളികളുമായി ചര്‍ച്ച നടത്തുകയും ശാസ്ത്രീമയായി റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ പൂനൈ സെന്‍ട്രല്‍ വാട്ടര്‍ ആന്‍റ് പവര്‍ റിസര്‍ച്ച് സ്റ്റേഷനം ചുമതലപ്പെടുത്തുകയും ചെയ്തു. ഉടനെ തന്നെ റിപ്പോര്‍ട്ട് ലഭ്യമാകും. അതിന്‍റെ അടിസ്ഥാനത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാം.

(സര്‍ക്കാര്‍ ഉത്തരവ് : മത്സ്യബന്ധന തുറമുഖ (ബി) വകുപ്പ് സ.ഉ.(സാധാ) നം.660/2022/എ&ജ തീയതി, തിരുവനന്തപുരം, 22-10-2022)

സമരസമിതി ഉന്നയിച്ച 7 ആവശ്യങ്ങളില്‍ 5 ആവശ്യങ്ങള്‍ ഗവണ്‍മെന്‍റ് പരിഗണിക്കുകയും പലതിനും ഉത്തരവ് ഇറക്കുകയും ചെയ്തു. തുറമുഖം നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയില്ല എന്നു വ്യക്തമാക്കി. മത്സ്യതൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കുകയും അവര്‍ക്ക് ഏറ്റവും കൂടുതല്‍ സഹായം ചെയ്യുകയും ചെയ്ത സര്‍ക്കാരാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍. ഈ യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടയുന്ന സമരം പിന്‍വലിക്കാനും സര്‍ക്കാരുമായി സഹകരിച്ച് മത്സ്യതൊഴിലാളികളുടെ ആവശ്യങ്ങളും ക്ഷേമപ്രവര്‍ത്തനങ്ങളും നടപ്പാക്കാന്‍ സഹകരിക്കുകയാണ് സമരസമിതിയും ബഹുമാനപ്പെട്ട ലത്തീന്‍ സഭയും ചെയ്യേണ്ടത്.

എന്നാല്‍, തെറ്റിദ്ധാരണ പടര്‍ത്തുന്ന പ്രചരണത്തിലൂടെ മത്സ്യത്തൊഴിലാളികളില്‍ ആശങ്ക സൃഷ്ടിച്ച് വിഴിഞ്ഞത്ത് ഒരു കലാപത്തിനുള്ള ശ്രമങ്ങളാണ് ദൗര്‍ഭാഗ്യവശാല്‍ ചില കോണുകളില്‍ നിന്നുണ്ടായത്. കഴിഞ്ഞ നവംബര്‍ 26,27 തീയതികളില്‍ ഉണ്ടായ അത്യന്തം സ്ഫോടനാത്മകമായ അവസ്ഥ അതിലേക്കാണ് വിരൽചൂണ്ടുന്നത്. പോലീസിന്‍റെ അഭിനന്ദനീയമായ സംയമനം മൂലമാണ് കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരുന്നത്. നാട്ടില്‍ ഒരു കലാപത്തിനുള്ള നീക്കം ഏത് കോണില്‍ നിന്നുണ്ടായാലും അത് അപലപിക്കപ്പെടേണ്ടതാണ്. വസ്തുതകള്‍ മനസ്സിലാക്കി കലാപശ്രമം ഏത് കോണില്‍ നിന്നുണ്ടായാലും നിരുത്സാഹപ്പെടുത്താനും സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ എല്‍.ഡി.എഫ് സര്‍ക്കാരിനോടൊപ്പം അണിനിരക്കാന്‍ തയ്യാറാകണമെന്ന് മത്സ്യതൊഴിലാളികളോടും ബഹുജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു.

ഈ വസ്തുതകൾ ജനങ്ങളോട് വിശദീകരിക്കാനും നമ്മുടെ നാടിൻറെ സമഗ്രവും സർവതല സ്പർശിയുമായ വികസനത്തിനും ശാശ്വതമായ സമാധാനം ഉറപ്പാക്കാനും എൽഡിഎഫ് തിരുവനന്തപുരം ജില്ല കമ്മിറ്റി " വികസനം, സമാധാനം" എന്ന മുദ്രാവാക്യം ഉയർത്തി ഒരു പ്രചാരണജാഥ നടത്തുകയാണ്. ഇന്ന് വൈകിട്ട് 5 മണിക്ക് വർക്കലയിൽ ബഹു. വ്യവസായ വകുപ്പ് മന്ത്രി സ: പി രാജീവ് ജാഥയുടെ ഉദ്‌ഘാടനം നിർവഹിക്കും. തുടർന്ന് ഏഴാം തീയതി രാവിലെ ഇടവയിൽ നിന്നും ആരംഭിക്കുന്ന ജാഥാ വൈകിട്ട് പെരുമാതുറയിലും, എട്ടാം തീയതി രാവിലെ മരിയനാട് നിന്നും ആരംഭിച്ച് പൂന്തുറയിലും, ഒൻപതാം തീയതി പൊഴിയൂരിൽ നിന്നാരംഭിച്ച് വൈകിട്ട് വിഴിഞ്ഞത് നടക്കുന്ന വമ്പിച്ച പൊതുയോഗത്തോടെ സമാപിക്കും. സമാപന സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി സ: എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്യും. ജാഥയിലും സ്വീകരണകേന്ദ്രങ്ങളിലും അണിനിരക്കണമെന്ന് എല്ലാ ജനാധിപത്യ വിശ്വാസികളോടും അഭ്യർത്ഥിക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+