യുവതിയെ അവഹേളിച്ച സംഭവം; വ്‌ളോഗര്‍ സൂരജ് പാലാക്കാരന്‍ കീഴടങ്ങി
കൊച്ചി: യുവതിയെ അവഹേളിച്ച സംഭവത്തില്‍ വ്‌ളോഗര്‍ സൂരജ് പാലാക്കാരന്‍ കീഴടങ്ങി. ഇന്ന് രാവിലെ കൊച്ചി സൗത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു സൂരജ് പാലാക്കാരന്‍. നേരത്തെ സൂരജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ക്രൈം നന്ദകുമാറിനെതിരെ പരാതി നല്‍കിയ യുവതിയെ അപമാനിച്ചതിനാണ് സൂരജ് പാലാക്കാരനെതിരെ കേസെടുത്തത്.
പട്ടികജാതി പട്ടികവര്‍ഗ വകുപ്പുകള്‍ പ്രകാരമാണ് സൂരജ് പാലാക്കാരനെതിരെ കേസ് ചുമത്തിയിരുന്നത്. സൂരജ് പാലാക്കാരനെതിരെ പട്ടികജാതി പട്ടികവര്‍ഗ വകുപ്പുകള്‍ പ്രകാരം ചുമത്തിയ കേസുകള്‍ നിലനില്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അടിമാലി സ്വദേശിനിയായ യുവതിയെ അധിക്ഷേപിച്ച് സംസാരിക്കുകയും ജാതീയമായ പരാമര്‍ശം നടത്തുകയും ചെയ്തു എന്ന പരാതിയിലാണ് എറണാകുളം സൗത്ത് പൊലീസ് സൂരജ് പാലാക്കാരനെതിരെ കേസെടുത്തിരുന്നത്.

ഇതിന് ശേഷം ഒളിവിലായിരുന്നു സൂരജ് പാലാക്കാരന്‍. ഇയാളുടെ വീട്ടില്‍ കഴിഞ്ഞ ദിവസം പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി പ്രതി ഹൈക്കോടതിയെ സമീപിച്ചിരുന്നത്. തന്റെ യൂ ട്യൂബ് ചാനല്‍ വഴി ക്രൈം നന്ദകുമാറിനെതിരെ പരാതി നല്‍കിയ യുവതിയെ സൂരജ് പാലാക്കാരന്‍ അസഭ്യം പറഞ്ഞിരുന്നു.

ഡിജിറ്റല്‍ മാധ്യമങ്ങള്‍ വഴി മോശം പരാമര്‍ശങ്ങള്‍ നടത്തുന്നത് കുറ്റകരമാണ് എന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി ഇയാളുടെ ജാമ്യാപേക്ഷ തള്ളിയത്. ഡിജിറ്റല്‍ മാധ്യമങ്ങളും പൊതുഇടങ്ങളാണെന്നും ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെയുള്ള പരാമര്‍ശം അധിക്ഷേപകരമായി തോന്നിയാല്‍ ഇരകള്‍ക്ക് നിയമപരമായി നേരിടാമെന്നും ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് വ്യക്തമാക്കിയിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിലൂടെ പൊലീസ് സ്റ്റേഷനില്‍ ഹാജരാകുകയാണ് എന്ന് അറിയിച്ച് കൊണ്ടാണ് സൂരജ് പാലാക്കാരന്‍ കീഴടങ്ങിയത്. സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റവും ജാതിപ്പേര് വിളിച്ചതിന് എസ് സി-എസ് ടി അട്രോസിറ്റി ആക്ടും ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് സൂരജ് പാലാക്കാരനെതിരെ കേസെടുത്തത്. ജൂണ്‍ ഇരുപത്തൊന്നിനാണ് സൂരജ് പാലാക്കാരന്‍ യുട്യൂബ് ചാനലില്‍ യുവതിയെ പരസ്യമായി അപമാനിക്കുന്ന പരാമര്‍ശങ്ങളുള്ള വീഡിയോ സംപ്രേഷണം ചെയ്തിരുന്നത്.

ഈ വീഡിയോ നാല് ലക്ഷത്തില്‍ അധികം പേര്‍ കാണുകയും ചെയ്തിരുന്നു. ക്രൈം നന്ദകുമാറിനെതിരെ കെട്ടി ചമച്ച കേസാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത് എന്നായിരുന്നു വീഡിയോയില്‍ സൂരജ് പാലാക്കാരന്‍ പറഞ്ഞിരുന്നത്. മാത്രമല്ല പരാതി നല്‍കിയ യുവതിക്കെതിരെ അധിക്ഷേപ പരാമര്‍ശവും ഉണ്ടായിരുന്നു.

ജൂണ്‍ 17 നാണ് മുന്‍ സഹപ്രവര്‍ത്തകയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം ക്രൈം നന്ദകുമാറിനെ എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് സൂരജ് പാലാക്കാരന്‍ യുവതിയെ മോശമായി ചിത്രീകരിച്ചത്.

വീഡിയോയില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ ഉണ്ട് എന്ന് കാണിച്ചാണ് യുവതി പരരാതി നല്‍കിയത്. സംസ്ഥാനത്തെ വനിത മന്ത്രിയുടെ അശ്ലീല വീഡിയോ നിര്‍മ്മിക്കണം എന്നും രൂപസാദൃശ്യമുള്ളതിനാല്‍ അതില്‍ സഹകരിക്കണം എന്നും ക്രൈം നന്ദകുമാര്‍ തന്നോട് പറഞ്ഞു എന്നുമായിരുന്നു യുവതി പരാതിപ്പെട്ടത്.

എന്നാല്‍ ഈ ആവശ്യം യുവതി നിരസിച്ചതോടെ ക്രൈം നന്ദകുമാര്‍ മാനസികമായി പീഡനം ആരംഭിച്ചു എന്നും അശ്ലീല ചുവയോടെ സംസാരം തുടര്‍ന്നതോടെ ജീവനക്കാരി സ്ഥാപനം വിടുകയായിരുന്നു. കഴിഞ്ഞ മേയ് 27ന് കൊച്ചി ടൗണ്‍ പൊലീസില്‍ യുവതി പരാതി നല്‍കിയതാണ് സംഭവങ്ങളുടെ തുടക്കം.
ഹോളിവുഡ് സുന്ദരിമാര്‍ തോറ്റുപോകുമല്ലോ...ഗ്ലാമറസ് ലുക്കില്‍ റായ് ലക്ഷ്മി, കൊല്ലുന്ന നോട്ടവും












Click it and Unblock the Notifications