ചന്ദ്രശേഖരനെ കൊന്നത് പാര്‍ട്ടി തന്നെ... വിഎസ് പറയുന്നു?
തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധത്തില്‍ പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കി വിഎസ് അച്യുതാനന്ദന്‍. സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന സംഘടന റിപ്പോര്‍ട്ടിന് ബദലായി വിഎസ് നല്‍കിയെന്ന് പറയപ്പെടുന്ന ബദല്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
ടിപി ചന്ദ്രശേഖരനെ ധീരനായ സഖാവ് എന്ന് വീണ്ടും വിശേഷിപ്പിക്കുന്നുണ്ട് വിഎസ് അച്യുതാനന്ദന്‍. കഴിഞ്ഞ സമ്മേളനത്തിന് ശേഷം പാര്‍ട്ടിയെ ഏറ്റവും അധികം ഉലച്ചത് ചന്ദ്രശേഖരന്‍ വധമാണെന്നും വിഎസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

പാര്‍ട്ടിയുടെ തെറ്റായ നയത്തെ എതിര്‍ത്തതിന്റെ പേരിലാണ് ചന്ദ്രശേഖരന്‍ അടക്കമുള്ളവരെ പാര്‍ട്ടി പുറത്താക്കിയത്. ചന്ദ്രശേഖരന്‍ രൂപീകരിച്ച ആര്‍എംപി എന്ന പാര്‍ട്ടി ഒഞ്ചിയം, ഏറാമല പഞ്ചായത്തുകളില്‍ സിപിഎമ്മിന വലിയ വെല്ലുവിളിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ ഈ വിഷയത്തില്‍ നിശിതമായി വിമര്‍ശിക്കുന്നുണ്ട് വിഎസ്. ചന്ദ്രശേഖരന്‍ അടക്കമുള്ളവര്‍ നല്ല സഖാക്കളാണെന്നും അവരെ പാര്‍ട്ടിയിലേക്ക് തിരിച്ചുകൊണ്ടുവരണമെന്നും തന്നോട് ആവശ്യപ്പെട്ട പിണറായി പിന്നീട് അവരെ കുലംകുത്തികളെന്ന് വിളിച്ചുവെന്നും വിഎസ് പറയുനനു. പാര്‍ട്ടി സെക്രട്ടറിക്ക് തരംതാണ വ്യക്തിവിരോധമാണ് ഉണ്ടായിരുന്നതെന്നും വിഎസ് ആക്ഷേപിക്കുന്നു.

ടിവി വധത്തില്‍ കോടതി കുറ്റക്കാരെന്ന് വിധിച്ച മൂന്ന് പാര്‍ട്ടി പ്രവര്‍ത്തകരേയും സംരക്ഷിക്കുന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചതെന്നും വിഎസ് കുറ്റപ്പെടുത്തുന്നു. ജയിലില്‍ കഴിയുന്ന കുഞ്ഞനന്തനെ പാനൂര്‍ ഏരിയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതിനേയും കുഞ്ഞനന്തന്റെ സന്ദേശം ഏരിയ സമ്മേളനത്തില്‍ വായിച്ചതിനേയും വിഎസ് വിമര്‍ശിക്കുന്നു.
ടിപി കേസില്‍ ജയിലില്‍ കഴിയുന്നവരെ പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ സന്ദര്‍ശിച്ചതിനേയും വിഎസ് വിമര്‍ശിക്കുന്നുണ്ട്. കെസി രാമചന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന് ശേഷവും പോളിറ്റ് ബ്യൂറോ അംഗങ്ങളടക്കം ജയിലില്‍ സന്ദര്‍ശിച്ചു. കളങ്കിതരായവരെ പാര്‍ട്ടി ന്യായീകരിക്കുന്നതിന് പിന്നില്‍ അവര്‍ വാ തുറക്കുമെന്ന ഭയമല്ലേ പാര്‍ട്ടി സെക്രട്ടറിക്കുള്ളതെന്നും പുറത്തുവന്ന റിപ്പോര്‍ട്ടില്‍ വിഎസ് വിമര്‍ശിക്കുന്നുണ്ട്.












Click it and Unblock the Notifications