കരുത്തുറ്റ ആരോഗ്യമായിരുന്നു വിഎസിന്റെ ശക്തി; മതികെട്ടാനിലും ശബരിമലയിലും ഒപ്പം നടന്നവര്‍ കിതച്ചു
2019ല്‍ പക്ഷാഘാതം നേരിയ തോതില്‍ പിടികൂടിയപ്പോഴാണ് വിഎസ് സമരഭരിതമായ ജീവിതം വിശ്രമത്തിന് ഇടം നല്‍കിയത്. 1940ല്‍ 17ാം വയസില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നത് മുതല്‍ ജ്വലിച്ചുനിന്ന നേതാവ്. ആലപ്പുഴയിലെ തയ്യല്‍ തൊഴിലാളിയില്‍ നിന്ന് ഇന്ത്യയിലെ കനമുള്ള രാഷ്ട്രീയ നേതാവായി വളര്‍ന്ന വിഎസ് എന്ന രണ്ടക്ഷരം എക്കാലത്തും ആവേശമായിരുന്നു. സി പി എം അണികള്‍ക്ക് മാത്രമല്ല, ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ താല്‍പ്പര്യപ്പെടുന്ന എല്ലാവര്‍ക്കും.
വിഎസ് വിശ്രമ ജീവിതത്തിലേക്ക് കടന്നതോടെ സിപിഎമ്മില്‍ ചോദ്യം ചെയ്യാന്‍ നേതാക്കളില്ല എന്ന തോന്നലുണ്ടാക്കി. അതൊരു പടുകുഴിയാണ് എന്ന തിരിച്ചറിവ് നേരത്തെ കിട്ടിയ നേതാക്കളും പാര്‍ട്ടിയിലുണ്ട്. സമര നായകനായും പ്രതിനായകനായും മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായുമെല്ലാം തിളങ്ങിയ വിഎസ്സിന്റെ ജീവിതം സമാനതകളില്ലാത്ത പൊതുപ്രവര്‍ത്തകന്റേതാണ്.

വിഎസ്സിന്റെ ഇറങ്ങിപ്പോരല്‍, അന്വേഷിക്കണം എന്ന ഒറ്റവരി പ്രതികരണം, അര്‍ഥഗര്‍ഭമായ മൗനം എന്നിവയെല്ലാം കേരള രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്. വളരെ പ്രായമായ വേളയിലും ഊര്‍ജസ്വലതയോടെ കാണപ്പെട്ട വിഎസിന്റെ കരുത്തിന് പിന്നില്‍ എന്താണ് എന്ന ചോദ്യം പലരും ഉന്നയിച്ചിട്ടുണ്ട്. ആരോഗ്യ സംരക്ഷണത്തില്‍ പ്രത്യേക കണിശത പുലര്‍ത്തിയിരുന്നു അദ്ദേഹം. വ്യായാമവും ഭക്ഷണ ക്രമീകരണവും ചിന്തയും വായനയുമെല്ലാം അളന്ന് തിട്ടപ്പെടുത്തിയ ജീവിതമായിരുന്നു.
ലോകത്ത് എവിടെയായാലും പുലര്‍ച്ചെ നാലരയ്ക്ക് എഴുന്നേറ്റ് പ്രാഥമിക കര്‍മങ്ങള്‍ക്ക് ശേഷം അരമണിക്കൂര്‍ നടത്തം വിഎസ്സിന്റെ ശീലമായിരുന്നു. പിന്നെ യോഗയും. ഈ ക്രമം വൈകീട്ടും പതിവ്. ചായയും കാപ്പിയുമൊന്നുമില്ല. കുറഞ്ഞ ഭക്ഷണമായിരുന്നു കഴിച്ചിരുന്നത്. ഇഡിലിയും ദോശയുമെല്ലാം രണ്ടില്‍ കൂടില്ല. ചമ്മന്തി കൂട്ടിയുള്ള ഉച്ചയൂണ്‍ ഇഷ്ടമായിരുന്നു. ഇടയ്ക്ക് മത്തിക്കറിയും. രാത്രി പഴങ്ങള്‍ക്കൊപ്പം കശുവണ്ടിയും കിട്ടിയാല്‍ നന്ന്. അല്ലെങ്കില്‍ ചപ്പാത്തി.
വിവാഹം നടന്ന കാലം മുതല്‍ താന്‍ കാണുന്ന ശീലങ്ങള്‍ തന്നെയാണ് വിഎസ്സിന് ഇപ്പോഴുമുള്ളത് എന്ന് ഭാര്യ വസുമതി ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഷുഗറും കൊളസ്‌ട്രോളുമൊന്നും നവതിയിലും അദ്ദേഹത്തോട് അടുത്തിരുന്നില്ല. മതികെട്ടാനിലും മൂന്നാറിലും ഭൂമി കൈയ്യേറ്റം കേരളക്കരയെ പിടിച്ചുകുലുക്കിയ കാലത്ത് ചെറുപ്പക്കാരന്റെ ഊര്‍ജസ്വലതയില്‍ മല കയറി ചെന്ന് കാര്യം അന്വേഷിച്ചിട്ടുണ്ട് വിഎസ്. അതിവേഗം നടന്ന് ശബരിമലയിലെത്തിയ വിഎസ് കൂടെയുള്ളവരെ ഞെട്ടച്ചതും വാര്‍ത്തയായിരുന്നു.
മതിയായ വ്യായാമം, മിതമായ ഭക്ഷണം എന്നൊക്കെ പറയുന്നത് ജീവിതം കൊണ്ട് വരച്ചുകാട്ടിയ വ്യക്തിയായിരുന്നു വിഎസ്. സ്വകാര്യ ജീവിതത്തിലും രാഷ്ട്രീയത്തിലും സമയം നോക്കിയായിരുന്നില്ല കാര്യങ്ങള്‍ തീരുമാനിച്ചിരുന്നത്. നാടുണരും മുമ്പേ ഉണരുന്ന മനസും ശരീവുമായിരുന്നു അദ്ദേഹത്തിന്. അതിന്റെ മിടുക്ക് കേരള രാഷ്ട്രീയം പലപ്പോഴും കണ്ടിട്ടുമുണ്ട്. മുട്ടുമടക്കുന്ന ശീലവുമില്ല. അതു പാര്‍ട്ടിക്കുള്ളിലായാലും.
ഭാര്യയും മരുമക്കളും ആരോഗ്യ രംഗത്ത് സേവനം അനുഷ്ടിക്കുന്നത് വിഎസിന്റെ ആരോഗ്യ സംരക്ഷണത്തിന് ബോണസായിരുന്നു എന്ന് പറയാം. പക്ഷാഘാതവും കൊറോണയും വാര്‍ധക്യത്തിന്റെ പ്രയാസങ്ങളുമെല്ലാം ചേര്‍ന്ന് ആ ജനകീയന്റെ വാതില്‍ അടക്കുകയായിരുന്നു. പല വിവാദങ്ങളും കൊടുമ്പിരി കൊള്ളുമ്പോള്‍ ജനം ഇപ്പോഴും ഓര്‍ക്കും വിഎസ് ഉണ്ടായിരുന്നെങ്കില്‍ എന്ന്!! കണ്ണേ കരളേ എന്ന് അണികള്‍ ഏറ്റുവിളിച്ച വിഎസ്.












Click it and Unblock the Notifications