
'ഉമ്മൻചാണ്ടിയുടെ കുടുംബത്തെക്കുറിച്ച് പോലും വഷളത്തരം പറഞ്ഞു', വിഎസിനെതിരെ വിടി ബൽറാം
തിരുവനന്തപുരം: സോളാർ അഴിമതി ആരോപണത്തിൽ ഉമ്മൻചാണ്ടി നൽകിയ മാനനഷ്ടക്കേസിൽ വിഎസ് അച്യുതാനന്ദനെതിരെ കോടതി വിധി പറഞ്ഞിരിക്കുകയാണ്. 10.10 ലക്ഷം രൂപ വിഎസ് നഷ്ടപരിഹാരമായി നൽകണം എന്നാണ് കോടതി ഉത്തരവ്. കോടതി വിധിയുടെ പശ്ചാത്തലത്തിൽ സിപിഎമ്മിനും വിഎസ് അച്യുതാനന്ദനും എതിരെ രൂക്ഷ വിമർശനം ഉയർത്തി രംഗത്ത് വന്നിരിക്കുകയാണ് മുൻ എംഎൽഎ വിടി ബൽറാം. ഉമ്മൻചാണ്ടിയോട് സിപിഎം മാപ്പ് പറയണമെന്ന് വിടി ബൽറാം ആവശ്യപ്പെട്ടു.
''എല്ലാവരും കൂടി ദൃശ്യങ്ങൾ കണ്ട ശേഷം ദിലീപ് ടാബ് കാവ്യയ്ക്ക് കൊടുത്തു'', ആരോപണവുമായി ബാലചന്ദ്ര കുമാർ
വിടി ബൽറാമിന്റെ പ്രതികരണം: '' രാഷ്ട്രീയ എതിരാളികളെ ഹീനമായ നുണ പ്രചരണങ്ങൾ കൊണ്ട് അവഹേളിക്കാൻ എന്നും മുന്നിൽ നിന്നിട്ടുള്ളത് സിപിഎമ്മും അതിന്റെ നേതാക്കളും തന്നെയാണ്. നട്ടാൽ കുരുക്കാത്ത നുണകളും അത് നൂറ്റൊന്ന് ആവർത്തിക്കാൻ ഉളുപ്പില്ലാത്ത അണികളുമാണ് ലോകത്തെമ്പാടും കമ്മ്യൂണിസ്റ്റുകളുടെ ഏറ്റവും വലിയ ആയുധം. തങ്ങളിൽപ്പെടാത്തവരെല്ലാം അപരന്മാരാണെന്നും അവർ ഏത് വിധേനയും ഇല്ലാതാക്കപ്പെണ്ടേവരാണെന്നുമുള്ള അങ്ങേയറ്റത്തെ അസഹിഷ്ണുതയാണ് ഒരു കമ്മ്യൂണിസ്റ്റിന്റെ അടിസ്ഥാന മനോഭാവം. ആ ഉന്മൂലന ലക്ഷ്യം നേടിയെടുക്കാൻ ഏത് മാർഗവും സ്വീകാര്യമാണ് എന്നാണവരുടെ വിശ്വാസപ്രമാണം.
കേരളത്തിൽ മിക്കപ്പോഴും കോൺഗ്രസും അതിന്റെ നേതാക്കളുമാണ് സിപിഎമ്മിന്റെ ഈ വേട്ടയാടലിന്റെ ഇരകളാകാറുള്ളത്. നേരിട്ടുള്ള കായികാക്രമണമായാലും ശരി, വ്യക്തിഹത്യയിലൂടെയുള്ള വായടപ്പിക്കലായാലും ശരി. വല്ലപ്പോഴും ഏതെങ്കിലും കോൺഗ്രസുകാരൻ ഗതികെട്ട് അതേ നാണയത്തിൽ തിരിച്ച് പ്രതികരിച്ചാൽ പിന്നെ അതാണ് ലോകത്തിലെ ഏറ്റവും വലിയ അപരാധമെന്ന് വരുത്തിത്തീർക്കാനും അത് നിരന്തരം ആവർത്തിച്ച് പൊതുബോധത്തിന്റെ ഭാഗമാക്കാനും സിപിഎം മെഷിനറി ഓവർടൈം വർക്ക് ചെയ്യും.
എന്നാൽ മഹാത്മാഗാന്ധിയെ വരെ "വാർദ്ധയിലെ കള്ളൻ" എന്നും സുഭാഷ് ചന്ദ്ര ബോസിനെ "ജപ്പാൻകാരുടെ കാൽനക്കി" എന്നുമൊക്കെ വിളിച്ച് സ്വാതന്ത്ര്യ സമര കാലത്ത് തന്നെ രാഷ്ട്രീയത്തിലെ വ്യക്തിഹത്യയുടെ ഉദ്ഘാടനം നിർവ്വഹിച്ചത് കമ്മ്യൂണിസ്റ്റുകളാണെന്ന ചരിത്രങ്ങൾ ബാക്കി നിൽക്കുകയാണ്. സി പി എമ്മിന്റെ ഈ നുണ പ്രചരണ/വ്യക്തിഹത്യാ ശൈലി സമീപകാലത്ത് ഏറ്റവുമധികം ഉപയോഗിച്ച രാഷ്ട്രീയ നേതാവ് വി എസ് അച്ചുതാനന്ദനാണ്. ഇപ്പോൾ കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ട അടിസ്ഥാനരഹിതമായ അഴിമതി ആരോപണങ്ങൾ മാത്രമല്ല, ഉമ്മൻചാണ്ടിയുടെ കുടുംബത്തേക്കുറിച്ച് പോലും നിയമസഭയിൽ വഷളത്തരം പറഞ്ഞത് ഇതേ അച്ചുതാനന്ദനാണ്.
Recommended Video
എകെ ആന്റണിയെ ബോഡി ഷെയ്മിംഗ് നടത്തി അധിക്ഷേപപ്പേര് വിളിച്ചതും അച്ചുതാനന്ദൻ തന്നെയാണ്. സ്ത്രീ വിരുദ്ധ പരാമർശങ്ങളുടെ കാര്യത്തിൽ റെക്കോർഡ് സൃഷ്ടിച്ചിട്ടും തനിക്കെതിരെ മത്സരിച്ച വനിതാ സ്ഥാനാർത്ഥിയെ അടക്കം ഹീനമായി അവഹേളിച്ചിട്ടും കേരള രാഷ്ട്രീയത്തിലെ വിശുദ്ധ പശുവായി മാധ്യമ പരിലാളനകൾ അനുഭവിക്കാൻ അദ്ദേഹത്തിന് എപ്പോഴും ഭാഗ്യമുണ്ടായിട്ടുണ്ട്. ഏതായാലും അച്ചുതാനന്ദന്റെ ഈ പെരും നുണകളുടെ രാഷ്ട്രീയ ഗുണഭോക്താക്കൾ എന്ന നിലയിൽ സിപിഎം എന്ന പാർട്ടി തന്നെയാണ് ശ്രീ ഉമ്മൻ ചാണ്ടിയോട് മാപ്പു പറയാൻ തയ്യാറാവേണ്ടത്. അല്ലെങ്കിൽത്തന്നെ കെഎം മാണിയുടെ മകനെയും കൂട്ടരേയും കൂടെക്കൂട്ടിയതോടെ അഴിമതിക്കാര്യത്തിൽ അന്ന് സിപിഎം പറഞ്ഞിരുന്നതൊക്കെ ഒട്ടും ആത്മാർത്ഥതയില്ലാതെയായിരുന്നു എന്ന് തെളിഞ്ഞു കഴിഞ്ഞതാണല്ലോ''! എന്നാണ് വിടി ബൽറാമിന്റെ പ്രതികരണം.
കോൺഗ്രസ് എംപി രമ്യ ഹരിദാസും കോടതി വിധിക്ക് പിന്നാലെ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. കുറിപ്പ് വായിക്കാം: '' ഒരു കള്ളം ആയിരം വട്ടം ആവർത്തിച്ചാലും സത്യം ഒരിക്കൽ മറനീക്കി പുറത്ത് വരിക തന്നെ ചെയ്യും.. രാഷ്ട്രീയ വിരോധം വ്യക്തിഹത്യയിലേക്ക് നയിച്ചപ്പോൾ ഉമ്മൻചാണ്ടി സാറും കുടുംബവും കോൺഗ്രസ് പ്രവർത്തകരും അനുഭവിച്ച വേദനകൾക്ക് ആശ്വാസം... കൂടുതൽ ഊർജ്ജത്തോടെ, നാടിന് വേണ്ടി പോരാടാം..''