കല്യാണം കഴിക്കാന്‍ പച്ചക്കള്ളം പറഞ്ഞു; നിരസിച്ചപ്പോള്‍ പെണ്‍കുട്ടിയെക്കുറിച്ച് അശ്ലീല പോസ്റ്റര്‍...
പെണ്‍കുട്ടിയുടെ ഫേസ്ബുക്കില്‍ നിന്നും ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് അശ്ലീല പോസ്റ്ററുകള്‍ തയ്യാറാക്കി വീടിന് പരിസരത്ത് പതിപ്പിക്കുകയായിരുന്നു.
തൃശ്ശൂര്‍: പച്ചക്കള്ളം പറഞ്ഞ് കല്യാണം ആലോചിച്ചെത്തിയ യുവാവിന്റെ കള്ളത്തരം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊളിച്ചതോടെ അശ്ലീല പോസ്റ്റര്‍ പ്രചരിപ്പിച്ച് യുവാവിന്റെ പ്രതികാരം. വിവാഹഭ്യര്‍ഥന നിരസിച്ചതിന് പെണ്‍കുട്ടിയെയും പെണ്‍കുട്ടിയുടെ മാതാവിനും എതിരെ അശ്ലീല പോസ്റ്റര്‍ പതിച്ച ബസ് ക്ലീനറെ പോലീസ് അറസ്റ്റ് ചെയ്തു.
ബിനാമിപുരം മുപ്പത്തടം തോപ്പില്‍ വീട്ടില്‍ അസ്ലമിനെ (24) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളത്ത് ജോലി ചെയ്യുകയായിരുന്ന പെണ്‍കുട്ടിയെ പരിചയപ്പെട്ട യുവാവ് വീട്ടില്‍ വിവാഹം ആലോചിച്ചെത്തി. ബസ്‌ക്ലീനറായിരുന്ന ഇയാള്‍ ജോലി കൊച്ചിന്‍ ഷിപ്പ് യാഡിലാണെന്നാണ് പറഞ്ഞിരുന്നത്. ഇത് കളവാണെന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ഇതാണ് യുവാവിനെ പ്രതികാരം ചെയ്യാന്‍ പ്രേരിപ്പിച്ചത്.

കൊച്ചിന്‍ ഷിപ്പായാഡില്‍ ജോലിയുണ്ടെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാരെ ധരിപ്പിച്ച ശേഷം മറ്റൊരു നമ്പറില്‍ നിന്നും യുവാവിന്റെ ബന്ധുവാണെന്നും, എസ്‌ഐആണെന്നും പറഞ്ഞ് വീട്ടുകാരെ വിളിച്ചിരുന്നു. എന്നാല്‍ ഇയാള്‍ പറഞ്ഞത് കള്ളമാണെന്ന് മനസിലാക്കിയ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ യുവാവിന്റെ വിവാഹാലോചന നിരസിക്കുകയായിരുന്നു.
ഇതോടെ പെണ്‍കുട്ടിയുടെ ഫേസ്ബുക്കില്‍ നിന്നും ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് അശ്ലീല പോസ്റ്ററുകള്‍ തയ്യാറാക്കി വീടിന് പരിസരത്ത് പതിപ്പിക്കുകയായിരുന്നു. ചാവക്കാട് പരിസരത്ത് വ്യാപകമായി പോസ്റ്ററുകള്‍ പതിപ്പിച്ചിരുന്നു. രാത്രിയാണ് പോസ്റ്ററുകള്‍ പതിച്ചത്. പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസും സൈബര്‍സെല്ലും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.












Click it and Unblock the Notifications