ഇങ്ങനെ ആണെങ്കില്‍ പുതിയ ജയിലുകള്‍ പണിയേണ്ടി വരും; പോലീസ് നടപടി തെമ്മാടിത്തമെന്ന് ഫിറോസ്
കോഴിക്കോട്: അപ്രതീക്ഷിത മഴയുടെ മുന്നറിയിപ്പ് നല്‍കുന്നതില്‍ സര്‍ക്കാരിന് വീഴ്ചയുണ്ടായി എന്ന് വിമര്‍ശനം ഉയര്‍ന്ന മുണ്ടക്കൈ ചൂരല്‍മല മേഖലയില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസ്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും അത് ശുദ്ധ തെമ്മാടിത്തമാണെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് പറഞ്ഞു.
മുണ്ടക്കൈ നിവാസികളുടെ ആശങ്ക അകറ്റുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. മതിയായ ധനസാഹയം വിതരണം ചെയ്യുന്നില്ല. ദുരിതമനുഭവിക്കുന്ന മുഴുവന്‍ പേരെയും പുനരധിവാസ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പട്ടികയില്‍ ഉള്‍പ്പെടുത്തിയവരെ പുനരിധിവസിപ്പിച്ചിട്ടുമില്ല. ഇക്കാര്യങ്ങളാണ് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടിയത് എന്നും ഫിറോസ് പറഞ്ഞു.

പികെ ഫിറോസിന്റെ കുറിപ്പ് വായിക്കാം: മുണ്ടക്കൈ- ചൂരല്‍ മലയില്‍ ഉരുള്‍ പൊട്ടലുണ്ടായിട്ട് ഒരു വര്‍ഷമാവുകയാണ്. ഇക്കഴിഞ്ഞ ദിവസം മലവെള്ളപാച്ചിലുണ്ടായതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വീണ്ടും ആശങ്കയിലായി. വില്ലേജ് ഓഫീസര്‍ക്ക് മുമ്പില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം പോലീസ് കേസെടുക്കുകയാണ് ചെയ്തത്. ഇത് ശുദ്ധ തെമ്മാടിത്തമാണ്. സര്‍ക്കാറിന്റെ വീഴ്ച പരിഹരിക്കുന്നതിന് പകരം സാധാരണക്കാരന്റെ നെഞ്ചത്ത് കയറുകയല്ല വേണ്ടത്.
മുണ്ടക്കൈ ചൂരല്‍മല നിവാസികളോട് സര്‍ക്കാര്‍ കാണിക്കുന്ന ക്രൂരതക്ക് സമാനതകളില്ല. ദുരിതമനുഭവിക്കുന്നവരെ പൂര്‍ണ്ണമായും പുനരധിവാസപ്പട്ടികയില്‍ ഉള്‍പ്പെടുത്താനോ പട്ടികയില്‍ ഉള്‍പ്പെട്ടവരെ പുനരധിവസിപ്പിക്കാനോ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. തൊഴില്‍ രഹിതരായവര്‍ക്ക് നിത്യവൃത്തിക്കുള്ള ദിനബത്ത വിതരണം ചെയ്യുന്നില്ല. വാടക വീട്ടില്‍ കഴിയുന്നവര്‍ക്ക് വാടക കിട്ടാന്‍ തെരുവില്‍ സമരം ചെയ്യേണ്ടി വരുന്നു. ഇക്കാര്യങ്ങളാണ് പ്രതിഷേധക്കാര്‍ ഉന്നയിച്ചത്.
എന്നാല്‍ പ്രതിഷേധിച്ചാല്‍ ജയിലിലടക്കുമെന്ന ഭീഷണിയാണ് പോലീസ് മുഴക്കിയത്. പ്രദേശവാസിയും ഉരുള്‍പൊട്ടിയപ്പോള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തിരുന്ന നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് ശിഹാബ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. ദുരന്തത്തില്‍ നിന്നും കരകയറാന്‍ ജീവന്‍മരണ പോരാട്ടം നടത്തുന്നവരാണവര്‍. അങ്ങിനെയുള്ളവരെ ജയിലിലടക്കാനാണ് ഭാവമെങ്കില്‍ പുതിയ ജയിലുകള്‍ പണിയാന്‍ സര്‍ക്കാര്‍ ഇനിയും ഉത്തരവുകള്‍ ഇറക്കേണ്ടി വരും. ഭരിക്കുന്നവര്‍ ഓര്‍ക്കുന്നത് നന്ന്.












Click it and Unblock the Notifications