മൃതദേഹം കടലിൽ ഒഴുകിയെത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കും; ദുരിതബാധിതരെ ക്യാമ്പിൽ നിന്നും മാറ്റും;മുഖ്യമന്ത്രി
തിരുവന്തപുരം: വയനാട് ദുരന്തത്തിൽപെട്ടവരുടെ മൃതദേഹങ്ങൾ കടലിൽ ഒഴുകിയെത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മൃതദേഹങ്ങളുടെ സംസ്കാരത്തിന് കൂടുതൽ സ്ഥലം ഏറ്റെടുക്കും. ദുരുതബാധിതരെ ക്യാമ്പുകളിൽ നിന്ന് മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റും. ഡിഎൻഎ പരിശോധന വേഗത്തിലാക്കുമെന്നും മുഖ്യമന്ത്രി. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്ത് ഉരുള്‍പൊട്ടലുണ്ടായി ഒരാഴ്ച്ച പിന്നിട്ടിരിക്കുന്നു. കാണാതായവരെ കണ്ടെത്താന്‍ സാധ്യതകളൊന്നും ബാക്കിനിര്‍ത്താതെയുള്ളതെരച്ചിലാണ് ഇതുവരെയും നടത്തിയത്. ഇതിന്‍റെ ഭാഗമായി ഉരുള്‍പൊട്ടലിന്‍റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടം മുതല്‍ ഉരുള്‍ജലപ്രവാഹത്തിന്‍റെ വഴികളിലൂടെയുള്ള ഊര്‍ജിതമായ തെരച്ചിലും നിരീക്ഷണവും ഇന്നും നടക്കുകയാണ്. പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല ഭാഗത്തും സൂചിപ്പാറ വെള്ളച്ചാട്ടം മുതല്‍ പോത്തുകല്ല്, നിലമ്പൂര്‍ വരെ ചാലിയാര്‍ കേന്ദ്രീകരിച്ചുമാണ് ഇന്ന് തെരച്ചില്‍ നടക്കുന്നത്.

സൈന്യം, വനം വകുപ്പ്, ഫയര്‍ ഫോഴ്സ് എന്നിവരടങ്ങിയ സംഘങ്ങളെയാണ് ഇന്ന് പ്രത്യേകമായി നിയോഗിച്ചിരിക്കുന്നത്. സൂചിപ്പാറ മുതല്‍ പോത്തുകല്ല് വരെയുള്ള ദുര്‍ഘടമായ മേഖലയിലേക്ക്, പ്രത്യേകിച്ചും ഇതുവരെ രക്ഷാപ്രവര്‍ത്തകര്‍ക്ക് കാര്യമായി എത്തിപ്പെടാന്‍ കഴിയാതിരുന്ന സണ്‍റൈസ് വാലിയിലേക്ക് തെരച്ചില്‍ സംഘത്തെ ഹെലികോപ്റ്ററിലാണ് എത്തിക്കുന്നത്. പരിശോധിക്കാത്ത ഒരു പ്രദേശവും ഈ മേഖലയിലുണ്ടാകരുതെന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ടു പോകുന്നത്. തെരച്ചിലിനായി നാട്ടുകാരുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും ഭാഗത്തു നിന്ന് വലിയ സഹായമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
ഇന്നലെ തെരച്ചിലില്‍ ആറ് മൃതദേഹങ്ങള്‍ ലഭിച്ചു. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ സ്ഥിരീകരിച്ച സംഖ്യ 224ലെത്തി. വയനാട്ടില്‍ നിന്നും അഞ്ചും നിലമ്പൂരില്‍ നിന്നും ഒരു മൃതദേഹവുമാണ് ലഭിച്ചത്. തിരിച്ചറിയാത്ത 30 മൃതദേഹങ്ങളും 154 ശരീര ഭാഗങ്ങളും പുത്തുമലയില്‍ ഹാരിസണ്‍ മലയാളം ലിമിറ്റഡ് പ്ലാന്‍റേഷനിലെ ശ്മശാനത്തില്‍ സര്‍വ്വമത പ്രാര്‍ത്ഥനയോടെ സംസ്കരിച്ചു. വയനാട്ടില്‍ നിന്നും നൂറ്റിയമ്പതും നിലമ്പൂരില്‍ നിന്നും എഴുപത്താറും മൃതദേഹങ്ങളാണ് ഇതുവരെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തത്. വയനാട്ടില്‍ നിന്നും 24, നിലമ്പൂരില്‍ നിന്നും 157 ഉള്‍പ്പെടെ 181 ശരീര ഭാഗങ്ങളും ഇതുവരെ കണ്ടെടുത്തിട്ടുണ്ട്. മൃതദേഹങ്ങളും ശരീരഭാഗങ്ങളും മറവ് ചെയ്യുന്നതിന് കൂടുതല്‍ സ്ഥലം ദുരന്ത നിവാരണ നിയമ പ്രകാരം ഏറ്റെടുക്കാന്‍ വയനാട് ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 154 പേരെ കാണാതായി എന്നാണ് കണക്ക്. 88 പേര്‍ ഇപ്പോഴും ആശുപത്രികളിലാണ്. ചൂരല്‍ മല ഭാഗത്ത് 9 ക്യാമ്പുകളിലായി 1381 പേര്‍ കഴിയുന്നു.
ചാലിയാര്‍ നദിയുടെ ഇരുകരകളിലും, വനമേഖലയിലും തിരച്ചിലും, രക്ഷാ പ്രവര്‍ത്തനങ്ങളും ശക്തമാക്കാനും ഇന്ത്യന്‍ നേവി, ഇന്ത്യന്‍കോസ്റ്റ് ഗാര്‍ഡ് എന്നിവരുമായി എത്രയും പെട്ടെന്ന് ചര്‍ച്ച ചെയ്ത് മൃതദേഹങ്ങള്‍ കടലില്‍ ഒഴുകിയെത്തിയിട്ടുണ്ടോയെന്ന് നിരീക്ഷിക്കാനും നിര്‍ദേശം നല്കിയിട്ടുണ്ട്. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങളുടെ ഡി.എന്‍.എ പരിശോധന നടത്തി ഐഡന്‍റിറ്റി സ്ഥിരീകരിക്കുന്ന നടപടികള്‍ ത്വരിതപ്പെടുത്തുകയാണ്. പുതിയ ക്രിമിനല്‍ നിയമ സംഹിതയുടെ വെളിച്ചത്തില്‍ ഡി.എന്‍.എ പരിശോധന സ്വകാര്യ ലാബുകളിലും ചെയ്യാനാകുമോ എന്ന് പരിശോധിക്കും.
ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കും, തിരച്ചിലിലും, രക്ഷാപ്രവര്‍ത്തനത്തിലും ഏര്‍പ്പെട്ടിരിക്കുന്ന ജീവനക്കാര്‍ക്കും, സന്നദ്ധപ്രവര്‍ത്തകര്‍ക്കും നല്‍കുന്ന ഭക്ഷണത്തിന്‍റെ ഗുണനിലവാരം ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കി. ഉരുള്‍പൊട്ടലില്‍ അകപ്പെട്ടവരെ സ്കൂള്‍ ക്യാമ്പുകളില്‍ നിന്ന് മാറ്റി താമസിപ്പിക്കേണ്ടതുണ്ട്. ഇങ്ങനെ മാറ്റുമ്പോള്‍ ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കും.
വെള്ളപ്പൊക്കത്തിന്‍റെ ഭാഗമായി ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുണ്ട്. വെള്ളവും ചെളിയും ഇറങ്ങിയാല്‍ താമസയോഗ്യമാക്കാനാകുന്ന വീടുകളുണ്ട്. അങ്ങനെ സുരക്ഷിതമായ വീടുകളുള്ള ആളുകളെ വെള്ളമിറങ്ങിയാല്‍ ശുചീകരണത്തിന് ശേഷം സ്വന്തം വീടുകളിലേക്ക് മടങ്ങാന്‍ സൗകര്യമൊരുക്കും. ദുരന്തബാധിത മേഖലകളിലെ വീടുകളില്‍ നിന്ന് വിലപിടിപ്പുള്ള വസ്തുക്കള്‍ സുരക്ഷിതമായി വീണ്ടെടുക്കാന്‍ സാധിക്കുമെങ്കില്‍ പോലീസിന്‍റെ സാന്നിധ്യത്തില്‍ ഇതിന് അവസരം ഒരുക്കും.
ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ച, തകര്‍ന്നുവീഴാന്‍ സാധ്യതയുള്ള കെട്ടിടങ്ങള്‍ കണ്ടെത്തുകയും, ദുരന്തനിവാരണ നിയമം 2005 പ്രകാരം ഉടമകളുടെ സമ്മതമില്ലാതെ തന്നെ ഇത്തരം കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാന്‍ സാധ്യമാണോയെന്ന് പരിശോധിക്കുകയും ചെയ്യും. തിരച്ചിലിലും, രക്ഷാപ്രവര്‍ത്തനത്തിലും മികച്ച പ്രവര്‍ത്തനം നടത്തുന്ന ഇന്ത്യന്‍ സായുധ സേനകളുടെ (ആര്‍മി, നേവി, എയര്‍ ഫോഴ്സ്) തുടര്‍പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചു ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications