കാണാതായവരുടെ വിവരങ്ങള്‍ക്കായി റേഷന്‍ കാര്‍ഡ് പരിശോധന, റഡാര്‍ പരിശോധന തിങ്കളാഴ്ച്ചയും തുടരും
കല്‍പ്പറ്റ: മുണ്ടക്കൈ ദുരന്തത്തില്‍ കാണാതായവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ സിവില്‍ സപ്ലൈസ് വകുപ്പ്. റേഷന്‍ കാര്‍ഡ് വിവരങ്ങളാണ് പരിശോധിക്കുന്നത്. ഉരുള്‍പ്പൊട്ടല്‍ ബാധിതാ പ്രദേശമായ മേപ്പാടിയിലെ 44,46 നമ്പര്‍ റേഷന്‍ കടയില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേരുടെയും വിവരങ്ങള്‍ പഞ്ചായത്ത്, താലൂക്ക്, തദ്ദേശസ്വയം ഭരണ വകുപ്പുകള്‍ക്ക് കൈമാറിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
പരിശോധന പൂര്‍ത്തിയാകുന്നതോടെ ഉടമയുടെ പേര്, കാര്‍ഡില്‍ ഉള്‍പ്പെട്ടവര്‍, വീട്ടുപേര്, ആധാര്‍-പോണ്‍ നമ്പറുകള്‍ അടങ്ങിയ വിവരങ്ങളും ലഭിക്കും. റേഷന്‍ കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്ക് സപ്ലൈ ഓഫീസ് മുഖേനെ റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് പ്രിന്റ് എടുത്ത് നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം ഉരുള്‍പ്പൊട്ടല്‍ മേഖലയില്‍ കാണാതായവര്‍ക്കുള്ള തിരച്ചില്‍ ഏഴാം ദിവസവും തുടരും. മുണ്ടക്കൈ, പുഞ്ചിരിമട്ടം പ്രദേശങ്ങളിലാണ് പ്രധാനമായും തിരച്ചില്‍ നടക്കുക. ദൗത്യസംഘത്തിന്റെ നേതൃത്വത്തിലാണ് തിരച്ചില്‍ തുടരുക. കേരളത്തെ നടുക്കിയ ഉരുള്‍പ്പൊട്ടലില്‍ മരണസംഖ്യ 380 ആയി ഉയര്‍ന്നിരിക്കുകയാണ്.
180ഓളം ആളുകളെയാണ് ഇനിയും കണ്ടെത്താനുള്ളത്. ചൂരല്‍മല സ്‌കൂള്‍, വെള്ളാര്‍മല വില്ലേജ് ഓഫീസ് പരിസരത്ത് മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നവരെ കണ്ടെത്താനുള്ള സൈന്യത്തിന്റെ റഡാര്‍ ഉപയോഗിച്ചുള്ള പരിശോധനയാണ് തിങ്കളാഴ്ച്ചയും തുടരുക.
വീടുകള്‍ക്ക് മേല്‍ നാല്‍പ്പത് അടിയോളം ഉയരത്തില്‍ കല്ലും മണ്ണും അടിഞ്ഞിരിക്കുന്നതാണ് തിരച്ചിലിന് വെല്ലുവിളിയാവുന്നത്. മലപ്പുറത്ത് ചാലിയാറിലും മൃതദേഹങ്ങള്‍ കണ്ടെത്താനായി വ്യാപക തിരച്ചില്‍ തുടരുകയാണ്. 17 ക്യാമ്പുകളിലായി 2551 പേരെ ദുരന്തമുഖത്ത് നിന്നും മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
അതേസമയം ചൂരല്‍മലയിലേക്കും മുണ്ടക്കൈയിലേക്കുമുള്ള പ്രവേശനം നിയന്ത്രിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. കളക്ടറേറ്റിലെ മന്ത്രിസഭാ ഉപസമിതി യോഗത്തിന് ശേഷമാണ് ഈ തീരുമാനമെടുത്തത്. തിങ്കളാഴ്ച്ച രാവിലെ ആറ് മണി മുതല്‍ ഒന്‍പത് മണി വരെ ബെയ്‌ലി പാലത്തിലൂടെ 1500 പേരെ മാത്രമേ കടത്തിവിടൂ.
കൂടുതല്‍ ആളുകള്‍ വരുന്നത് തിരച്ചിലിനും സന്നദ്ധ പ്രവര്‍ത്തനത്തിനും മറ്റും ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് മന്ത്രി പറഞ്ഞു. ചൂരല്‍മലയിലും മുണ്ടക്കൈയിലും രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ല എന്നത് വ്യാജ പ്രചാരണമാണ്. ഓരോ ദിവസവും ആവശ്യമായ ഭക്ഷണം പാചകം ചെയ്ത് കൃത്യമായി എത്തിച്ച് വിതരണം ചെയ്യുന്നുണ്ട്.
സന്നദ്ധ പ്രവര്‍ത്തകര്‍ക്കോ, പുറത്തുള്ളവര്‍ക്കോ ഭക്ഷണം നേരിട്ട് വിതരണം ചെയ്യാന്‍ അനുവാദമില്ല. കളക്ഷന്‍ പോയിന്റില്‍ ഏല്‍പ്പിക്കുന്ന ഭക്ഷണവും കൃത്യമായി വിതരണം ചെയ്യുന്നുണ്ട്. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചതിന് ശേഷമാണ് വിതരണം ചെയ്യുന്നത്. പഴകിയ ഭക്ഷണവും ഗുണമേന്മയില്ലാത്ത ഭക്ഷണവും വിതരണം ചെയ്യുന്നത് തടയാന്‍ വേണ്ടിയാണ് ഈ ക്രമീകരണമെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications