'ആര്‍ക്കും ഭക്ഷണം കിട്ടാത്ത പ്രശ്‌നമില്ല, വൈറ്റ് ഗാര്‍ഡിന്റെ ഭക്ഷണശാല പൂട്ടിച്ചത് തെറ്റാണ്'
കോഴിക്കോട്: വയനാട്ടില്‍ രക്ഷാപ്രവര്‍ത്തകര്‍ക്കും സൈന്യത്തിനുമെല്ലാം ഭക്ഷണം കിട്ടാത്ത പ്രശ്‌നമില്ലെന്ന് രക്ഷാപ്രവര്‍ത്തകനും ഡിവൈഎഫ്‌ഐയുടെ യൂത്ത് ബ്രിഗേഡിന്റെ ഭാഗവുമായ കോഴിക്കോട് സ്വദേശി സിയാദ്. രാഷ്ട്രീയപരമായ വിഷയമായി അതിനെ കാണേണ്ടതില്ല. എല്ലാവരും ഒരേ മനസ്സോടെയാണ് അവിടെ രക്ഷാപ്രവര്‍ത്തനം നടത്തിയത്.
അതിനെ മറ്റൊരു രീതിയിലേക്ക് മാറ്റേണ്ടതില്ല. രക്ഷാപ്രവര്‍ത്തകരുടെയും സൈനികരുടെയുമെല്ലാം സുരക്ഷയാണ് ഇവിടെ സര്‍ക്കാര്‍ അടക്കം നോക്കിയത്. അതുകൊണ്ടാണ് സമൂഹ അടുക്കളയില്‍ നിന്ന് പാചകം ചെയ്ത ഭക്ഷണം എത്തിച്ച് നല്‍കുന്നതെന്നും സിയാദ് വണ്‍ഇന്ത്യ മലയാളത്തിനോട് പറഞ്ഞു.

ആദ്യ രണ്ട് ദിനത്തില്‍ ഭക്ഷണ സംബന്ധമായ പ്രശ്‌നങ്ങളുണ്ടായിരുന്നു. പക്ഷേ അതൊരു സ്വാഭാവിക കാര്യമായിരുന്നു. കാരണം ദുരന്തഭൂമിയില്‍ ആരും വന്നത് ഭക്ഷണം കഴിക്കാനല്ല. അങ്ങനെ കഴിക്കാവുന്ന മാനസികാവസ്ഥയിലും അല്ലായിരുന്നു ഞങ്ങള്‍. എല്ലാവര്‍ക്കും വേണ്ടിയുള്ള കാര്യമായ തിരച്ചിലാണ് നടത്തിയത്.
പിന്നീട് ഭക്ഷണത്തിനുള്ള പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ല. അവിടെ ഡിവൈഎഫ്‌ഐ മാത്രമല്ല എല്ലാ പാര്‍ട്ടിയുടെയും പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തിനുണ്ടായിരുന്നു. ആര്‍ക്കും ഭക്ഷണം അടക്കം കിട്ടാതിരിക്കാനുള്ള സാഹചര്യമുണ്ടായിട്ടില്ല. മന്ത്രി മുഹമ്മദ് റിയാസ് അടക്കം ഈ വിഷയത്തില്‍ വിശദീകരണം നല്‍കിയിട്ടുണ്ടെന്നും സിയാദ് പറഞ്ഞു.
ഇപ്പോള്‍ കളക്ഷന്‍ സെന്ററില്‍ അടക്കം എത്തിക്കുന്ന ഭക്ഷണം കൃത്യമായി എത്തിച്ച് നല്‍കുന്നുണ്ട്. അങ്ങനെ യാതൊരു തടസ്സവും ആര്‍ക്കുമില്ല. യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡിന്റെ ഭക്ഷണ ശാല പൂട്ടിയത് ദൗര്‍ഭാഗ്യകരമായ സംഭവമാണ്. അവരുടേത് മികച്ച സേവനമായിരുന്നു. എല്ലാവര്‍ക്കും അത് ഉപകാരപ്പെട്ടിരുന്നു. ഞാന്‍ അടക്കമുള്ള പ്രവര്‍ത്തകരെല്ലാം അവിടെ പോയി ഭക്ഷണം കഴിച്ചിരുന്നു.
അവരുമായി സംസാരിച്ചപ്പോള്‍ നല്ല സഹകരമാണ് ലഭിച്ചത്. അത് പൂട്ടിയത് തെറ്റായ നടപടിയാണ്. ചോദിച്ചപ്പോള്‍ പോലീസുകാര്‍ അവരോട് വളരെ മോശമായി പെരുമാറിയതായി അറിയാന്‍ കഴിഞ്ഞിരുന്നു. അതെല്ലാം വളരെ മോശം കാര്യമാണ്. അത് തിരുത്താനുള്ള നടപടിയുണ്ടാവുമെന്ന് പ്രതീക്ഷിക്കാമെന്നും സിയാദ് പറഞ്ഞു.
അതേസമയം ഇപ്പോള്‍ താമരശ്ശേരി യൂണിറ്റില്‍ നിന്ന് പോയ രക്ഷാപ്രവര്‍ത്തകര്‍ അവിടെയുണ്ട്. രക്ഷാപ്രവര്‍ത്തകരുടെ എണ്ണം കുറച്ചിട്ടുണ്ട്. ശിവപുരം ഭാഗത്ത് നിന്ന് പോയ ഞങ്ങള്‍ അടക്കമുള്ളവര്‍ കോഴിക്കോട്ട് തിരിച്ചെത്തിയിട്ടുണ്ട്. നാട്ടില്‍ സ്വീകരണമൊക്കെ ലഭിച്ചിരുന്നു. വയനാടിനുള്ള മറ്റ് സഹായങ്ങളൊക്കെ ശ്രമിക്കുന്നുണ്ട്. അതിന്റെ ഭാഗമായി ബിരിയാണി ചലഞ്ച് അടക്കമുള്ളവ നാട്ടില്‍ നടത്തുന്നുണ്ട്.
ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിലാണ് ബിരിയാണി ചലഞ്ച് നടത്തുക. അതില്‍ നിന്ന് ലഭിക്കുന്ന തുക വയനാട്ടിലെ ദുരന്തബാധിതര്‍ക്കായി നല്‍കുമെന്നും സിയാദ് പറഞ്ഞു. നേരത്തെ മുണ്ടക്കൈ, പുഞ്ചിരിമട്ടം, ചൂരല്‍മല മേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ ശേഷമാണ് സിയാദ് അടക്കമുള്ള സംഘം നാട്ടില്‍ തിരിച്ചെത്തിയത്.












Click it and Unblock the Notifications