ചൂരൽമലയിൽ എത്തി രാഹുൽ ഗാന്ധിയും പ്രിയങ്കയും; ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുന്നു
ഉരുൾപൊട്ടലുണ്ടായ ചൂരൽമല സന്ദർശിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എഐസിസി ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധിയും. ഇരുവരും ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കും. ഇന്ന് രാവിലെയാണ് ഇവർ വയനാട്ടിൽ എത്തിയത്.
സർവ്വകക്ഷി യോഗത്തിന് ശേഷം മുഖ്യമന്ത്രിയും ചൂരൽമലയിൽ എത്തി. ഇവിടെ സൈന്യത്തിന്‍റെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന ബെയിലി പാലം അദ്ദേഹം സന്ദര്‍ശിച്ചു. പാലത്തിന്‍റെ നിര്‍മാണ പുരോഗതിയും സൈനിക ഉദ്യോഗസ്ഥരുമായി വിലയിരുത്തി. ഇന്ന് വൈകീട്ടോട് കൂടി പാലത്തിന്റെ നിർമ്മാണം പൂർത്തീകരിക്കാനാകുമെന്നാണ് കരുതുന്നത്.

190 അടി നീളത്തിലാണ് പാലം നിര്‍മ്മിക്കുന്നത്. 24 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ മുണ്ടക്കൈയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ ഭാരമേറിയ യന്ത്രസാമഗ്രികള്‍ എത്തിക്കാനാവും. നീളം കൂടുതലായതിനാല്‍ പുഴയ്ക്ക് മധ്യത്തില്‍ തൂണ്‍ സ്ഥാപിച്ചാണ് പാലം നിര്‍മ്മിക്കുന്നത്. പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ രക്ഷാപ്രവര്‍ത്തനം എളുപ്പമാകും. ഡല്‍ഹിയില്‍ നിന്നും ബംഗ്ലൂരുവില്‍ നിന്നുമാണ് പാലം നിര്‍മ്മിക്കുന്നതിന് ആവശ്യമായ സാമഗ്രികള്‍ ചൂരല്‍മലയില്‍ എത്തിച്ചത്.
കേരള ആന്‍ഡ് കര്‍ണാടക സബ് ഏരിയ ജനറല്‍ ഓഫീസര്‍ കമാന്റിംഗ് (ജിഒസി) മേജര്‍ ജനറല്‍ വി ടി മാത്യുവിന്റെ നേതൃത്വത്തിലാണ് കരസേനയുടെ രക്ഷാദൗത്യം ഏകോപിപ്പിക്കുന്നത്. മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ ഉണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി കരസേനയുടെ പ്രത്യേക പരിശീലനം സിദ്ധിച്ച മൂന്ന് സ്‌നിഫര്‍ നായകള്‍ ദുരന്തമേഖലയിൽ ഉണ്ട്. മീററ്റില്‍ നിന്നും വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഇവയെ വയനാട്ടിൽ എത്തിച്ചത്.












Click it and Unblock the Notifications