വയനാട്ടില്‍ കടുവയുടെ ആക്രമണം; വനംവകുപ്പ് വാച്ചറുടെ ഭാര്യ കൊല്ലപ്പെട്ടു
വയനാട്: മാനന്തവാടിയില്‍ കടുവയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു. വനം വകുപ്പിലെ താത്കാലിക വാച്ചര്‍ അപ്പച്ചന്റെ ഭാര്യ രാധയാണ് കൊല്ലപ്പെട്ടത്. കാപ്പി പറിക്കാന്‍ പോയതായിരുന്നു ഇവര്‍. പഞ്ചാരക്കൊല്ലി എന്ന് സ്ഥലത്തെ പ്രിയദര്‍ശിനി എസ്റ്റേറ്റിന് മുകളില്‍ വെച്ചാണ് ആക്രമണം. സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ കാപ്പി പറിക്കാന്‍ പോയതായിരുന്നു രാധ.
ഇന്ന് രാവിലെ അപ്പച്ചനാണ് രാധയെ ബൈക്കില്‍ കാപ്പി പറിക്കാനായി റോഡിലിറക്കി വിട്ടത്. വനമേഖലയോട് ചേര്‍ന്ന പ്രദേശമാണ് ഇത്. കടുവ തന്നെയാണ് ആക്രമിച്ചത് എന്നാണ് പ്രാഥമിക നിഗമനം എന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍ പറഞ്ഞു. രാധയെ വലിച്ചിഴച്ച് കൊണ്ടുപോയ പാടുകള്‍ അവിടെയുണ്ട് എന്നാണ് സ്ഥലം സന്ദര്‍ശിച്ചവര്‍ പറയുന്നത്. കടുവയുടെ സാന്നിധ്യമുള്ള പ്രദേശമല്ല ഇത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. പുല്‍പള്ളിയില്‍ കടുവയെ പിടികൂടി 10 ദിവസമാകുമ്പോഴാണ് വീണ്ടും കടുവയുടെ ആക്രമണം. ഈ വര്‍ഷം ആദ്യമാണ് വയനാട്ടില്‍ വന്യമൃഗ ആക്രമണത്തില്‍ മനുഷ്യജീവന്‍ നഷ്ടമാകുന്നത്. തണ്ടര്‍ബോള്‍ട്ട് സംഘമാണ് മൃതദേഹം ആദ്യം കാണുന്നത്. രാധയുടെ തലയുടെ പിന്‍ഭാഗം ഭക്ഷിച്ച നിലയിലാണ്. മാനന്തവാടി പൊലീസിന്റെ നേതൃത്വത്തില്‍ മൃതദേഹം മാറ്റുന്നതിനുള്ള തുടര്‍ നടപടികള്‍ പുരോഗമിക്കുകയാണ്.
അതേസമയം വന്യജീവി ആക്രമണമുണ്ടായതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനം വകുപ്പിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തി. സംഭവസ്ഥലത്തെത്തിയ മന്ത്രി ഒആര്‍ കേളുവിനെതിരേയും നാട്ടുകാര്‍ പ്രതിഷേധിച്ചു. നരഭോജി കടുവയെ വെടിവെച്ച് കൊല്ലണം എന്നാവശ്യപ്പെട്ടാണ് ജനങ്ങള്‍ പ്രതിഷേധമുയര്‍ത്തിയത്. കടുവയെ വെടിവെക്കാന്‍ വനംമന്ത്രി എകെ ശശീന്ദ്രന്‍ വനം വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കടുവയെ പിടികൂടിയ ശേഷം വനത്തിലേക്ക് തന്നെ തുറന്നുവിടുന്ന രീതി പറ്റില്ലെന്നും അടിയന്തരമായി നഷ്ടപരിഹാരം നല്‍കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്. ഇക്കാര്യങ്ങളില്‍ തീരുമാനമാകാതെ മൃതദേഹം പോസ്റ്റുമാര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് വിട്ടുനല്‍കാന്‍ സാധിക്കില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.












Click it and Unblock the Notifications