അസ്സമിൽ 36 ഗ്രാമങ്ങൾ വെള്ളത്തിനടിയിൽ; മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
ഗുഹാവത്തി: അസ്സമിൽ പലയിടങ്ങളിലും വെള്ളപ്പൊക്കം തുടരുകയാണ്. സംസ്ഥാനത്തെ 36 ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണെന്ന് ദുരന്ത നിവാരണ സേന അറിയിച്ചു. നിരവധി ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. 32 പേരാണ് വെള്ളപ്പൊക്കത്തെ തുടർന്ന് അസ്സമിൽ ഇതുവരെ മരിച്ചത്. വ്യാപക കൃഷിനാശവും ഉണ്ടായിട്ടുണ്ട്
തെലുങ്കാന , കർണാടക, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ വെള്ളിയാഴ്ച മുതൽ കനത്ത മഴയ്ക്ക് സാധ്യത. മധ്യ ഇന്ത്യയിലും വെള്ളിയാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റിനുള്ള സാധ്യതയുമുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

മുബൈയിൽ മഴക്കെടുതി തുടരുകയാണ്. അടുത്ത 2-3 ദിവസങ്ങളിൽ ശക്തമായ മഴ തുടരാനാണ് സാധ്യത. അന്തരീക്ഷ ഈർപ്പം 86 ശതമാനത്തോളമാണെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഗോവ കർണാടകയുടെ തീരപ്രദേശങ്ങൾ, മേഘാലയ,നാഗാലാന്റ്, പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, കിഴക്കൻ മധ്യപ്രദേശ് തുടങ്ങിയ സ്ഥലങ്ങളിൽ കാലവർഷം ശക്തി പ്രാപിക്കുകയാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ദില്ലിയിൽ കുറച്ച് ദിവസങ്ങളായി മഴ തുടരുകയായിരുന്നെങ്കിലും കാറ്റിന്റെ ഗതി മാറിയതിനാൽ മഴയ്ക്ക് ശമനം ഉണ്ടാകും. എങ്കിലും നഗരത്തിലെ ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. 38 ഡിഗ്രി സെൽഷ്യസാണ് നഗരത്തിലെ കൂടിയ താപനില.
ചെന്നൈയിൽ മഴയ്ക്ക് ശമനം ഉണ്ടായിരുന്നെങ്കിലും ബുധനാഴ്ചചയോടെ കാലവർഷം ശക്തിയാർജ്ജിച്ചിരുന്നു. നഗരത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. 36 ഡിഗ്രി സെൽഷ്യസാണ് നഗരത്തിലെ കൂടിയ താപനിലയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.












Click it and Unblock the Notifications