ന്യൂനമർദ്ദം ഇന്ന് തീവ്രമാകും; ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരത്ത്: ന്യൂനമർദ്ദത്തിന്റെയും ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് നാല് ദിവസവും ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ജാഗ്രതയുടെ ഭാഗമായി ഇന്ന് ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
വടക്കൻ ശ്രീലങ്കയ്ക്കും സമീപപ്രദേശത്തുമായാണ് ചക്രവാതച്ചുഴി നിലനിൽക്കുന്നത്. കർണാടകയിലൂടെ വടക്കൻ കേരളം മുതൽ വടക്കൻ മഹാരാഷ്ട്ര വരെ ഒരു ന്യൂനമർദ്ദ പാത്തിയും സ്ഥിതി ചെയ്യുന്നുണ്ട്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലായി സ്ഥിതി ചെയ്യുന്ന ശക്തി കൂടിയ ന്യൂനമർദ്ദം പടിഞ്ഞാറ് - വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് വ്യാഴാഴ്ചയോടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത ഉണ്ടെന്നാണ് പറയുന്നത്.

തുടർന്ന് വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന തീവ്ര ന്യൂനമർദ്ദം ശക്തിപ്രാപിച്ച് തെക്ക് പടിഞ്ഞാറാൻ ബംഗാൾ ഉൾക്കടലിനും തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ശനിയാഴ്ചയോടെ ചുഴലിക്കാറ്റായി മാറാനും സാധ്യത ഉണ്ടെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു. ഇതിന്റെയൊക്കെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നത്.
അതേസമയം, ചെന്നൈയിൽ ശക്തമായ മഴ തുടരുകയാണ്. ബുധനാഴ്ച നഗരത്തിലും പ്രാന്ത പ്രദേശങ്ങളിലും ശക്തമായ മഴ പെയ്തു. വടക്കൻ ചെന്നൈയിലും പോരൂരിലും ഒരു മണിക്കൂറോളം മഴ പെയ്തതിനാൽ റോഡുകളിലും പാർപ്പിട സമുച്ചയങ്ങളിലും വെള്ളം കയറി. കനത്ത മഴയെ തുടർന്ന് ചെന്നൈ ചെങ്കൽപ്പേട്ട്, കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകളിലെ സ്കൂളുകൾക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു, ചെന്നൈയിലും സമീപ ജില്ലകളായ ചെങ്കൽപ്പേട്ട്, കാഞ്ചീപുരം, തിരുവള്ളൂർ എന്നിവിടങ്ങളില് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്നാണ് വിവരം.
ബംഗാൾ ഉൾക്കടലിൽ തെക്ക് - കിഴക്ക് ഭാഗത്തായി രൂപം കൊണ്ട ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി മാറി ഡിസംബർ 2 ന് ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറയിപ്പ് നൽകുന്നു. 50 മുതൽ 60 കിലോ മീറ്റർ വരെ കാറ്റ് വീശാൻ സാധ്യത ഉള്ളതിനാൽ മത്സ്യത്തൊഴിലാളികൾ അടുത്ത അഞ്ച് ദിവസം ബംഗാൾ - ഉൾക്കടലിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ്. മത്സ്യ ബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്ന മത്സ്യത്തൊഴിലാളികൾ കരയിലേക്ക് വരാനും മുന്നറിയിപ്പ്.












Click it and Unblock the Notifications