കൊച്ചി മെട്രോ മുതല്‍ വിഴിഞ്ഞം പദ്ധതി വരെ: ഉമ്മന്‍ചാണ്ടിയെന്ന കേരളത്തിന്റെ വികസന നായകന്‍
തിരുവനന്തപുരം: ജനപ്രിയ നായകനൊപ്പം തന്നെ കേരളത്തിന്റെ വികസന നായകന്‍ കൂടിയായിരുന്നു ഉമ്മന്‍ചാണ്ടി. സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തില്‍ നിർണ്ണായക പങ്കുവഹിച്ച പല പദ്ധതികളും ആസൂത്രണം ചെയ്തതും നടപ്പിലാക്കിയടും ഉമ്മന്‍ചാണ്ടിയുടെ ഭരണകാലയളവിലായിരുന്നു. വികസന പദ്ധതികള്‍ക്കൊപ്പം തന്നെ നിരവധി ജനക്ഷേമ പദ്ധതികളും അദ്ദേഹം നടപ്പിലാക്കി. ചുമട്ടുതൊഴിലാളി ക്ഷേമനിധി നിയമം മുതല്‍ ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി രൂപവൽക്കരിച്ച സ്റ്റേറ്റ് ഇനിഷ്യേറ്റീവ് ഓൺ ഡിസെബിലിറ്റി ഉമ്മന്‍ചാണ്ടിയുടെ കാലത്ത് നടപ്പിലായ പ്രധാന ക്ഷേമ പദ്ദതികളാണ്.
1995 ല്‍ തുടക്കമിട്ട പദ്ധതിയായിരുന്നെങ്കിലും വിവാദങ്ങളിലും പ്രശ്നങ്ങളിലും പെട്ട് മുടങ്ങിക്കിടന്നിരുന്ന വിഴിഞ്ഞം പദ്ധതിക്ക് വീണ്ടും പുതുജീവന്‍ വെക്കുന്നത് 2011 ല്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായി എത്തിയതോടെയാണ്. തുറമുഖ നിർമ്മാണത്തിനായി ഉമ്മന്‍ചാണ്ടി കേന്ദ്ര സർക്കാറില്‍ തുടർച്ചയായി സമ്മർദ്ദം ചെലുത്തി. ഒടുവില്‍ 2015 ല്‍ വിഴിഞ്ഞം തുറമുഖ നിർമ്മാണം ആരംഭിച്ചു. പ്രതിപക്ഷമായ സിപിഎമ്മില്‍ നിന്ന് മാത്രമല്ല സ്വന്തം പാർട്ടിയായ കോണ്‍ഗ്രസില്‍ നിന്ന് വരെ അന്ന് ഉമ്മന്‍ചാണ്ടിക്ക് എതിർപ്പ് നേരിടേണ്ടി വന്നിരുന്നു.

കേരളത്തിന്റെ മുഖ മുദ്രയായി മാറിയ കൊച്ചി മെട്രോ നിർമ്മാണത്തിന് തുടക്കമിട്ടത് ഉമ്മന്‍ചാണ്ടിയായിരുന്നു. വിവാദങ്ങളില്‍ കുരുങ്ങി നീണ്ടുപോയ മെട്രോ പദ്ധതിക്കായിരുന്നു 2012 ല്‍ തുടക്കമിട്ടത്. 2013 ല്‍ ഡിഎംആർസിക്ക് നിർമ്മാണ ചുതല നല്‍കിയെങ്കിലും ആലുവ മുതൽ പാലാരിവട്ടം വരെയുള്ള ആദ്യഘട്ട സർവീസ് തുടങ്ങിയത് 2017 ലായിരുന്നു. അപ്പോഴേക്കും ഉമ്മന്‍ചാണ്ടി അധികാരത്തില്‍ നിന്നും ഇറങ്ങി പിണറായി വിജയന്‍ വന്നിരുന്നു.
അഞ്ച് ജില്ലകളില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന കേരളത്തിലെ സർക്കാർ മെഡിക്കല്‍ കോളേജ് സംവിധാനത്തെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നത് ഉമ്മന്‍ ചാണ്ടിയെന്ന മുഖ്യമന്ത്രിയാണ്. 8 മെഡിക്കൽ കോളജുകൾ സ്ഥാപിക്കാനായിരുന്നു സർക്കാർ പദ്ധതി. ആദ്യത്തേത്ത് മഞ്ചേരിയിൽ 2013ൽ ഉദ്ഘാടനം ചെയ്തു. മൂന്ന് പതിറ്റാണ്ടിന് ശേഷം കേരളത്തില്‍ സ്ഥാപിതമാവുന്ന ആദ്യ മെഡിക്കല്‍ കോളേജായിരുന്നു അത്. തുടർന്ന് മറ്റ് പല ജില്ലകളിലും മെഡിക്കല്‍ കോളേജ് സ്ഥാപിതമായി.
1997 ലാണ് കണ്ണൂർ വിമാനത്താവളം പദ്ധതിക്കുള്ള ആലോചനകള്‍ തുടങ്ങി. പക്ഷെ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കുന്നത് 2008 ല്‍. എന്നാല്‍ പദ്ധതിയുടെ നിർമ്മാണം തുടങ്ങുന്നത് 2014 ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെയാണ്. 2016 ൽ എയർഫോഴ്സിന്റെ ആദ്യവിമാനം പരീക്ഷണാർഥം വിമാനത്താവളത്തിലിറക്കി. പിന്നീട് പിണറായി വിജയന്റെ അധികാര കാലത്ത് 2018 ഡിസംബറിൽ നിർമാണം പൂർത്തിയാക്കി ഔദ്യോഗിക സർവീസുകൾ തുടങ്ങി.
ദീർഘകാലം മുടങ്ങിക്കിടന്ന കേരളത്തിലെ ദേശീയ പാത ബൈപ്പാസുകളുടെ നിർമ്മാണത്തിന് ജീവന്‍ വെക്കുന്നതും ഉമ്മന്‍ചാണ്ടി അധികാരത്തിലിരിക്കേയാണ്. ചെലവിന്റെ 50% സംസ്ഥാനം വഹിക്കാമെന്ന സംസ്ഥാന സർക്കാറിന്റെ തീരുമാനമാണ് നിർണ്ണായകമായി മാറിയത്. ഇതോടെ കോഴിക്കോട്, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം (കഴക്കൂട്ടം-മുക്കോല) ബൈപാസുകളുടെ നിർമാണം പുനരാരംഭിച്ചു.
കേരളത്തിലെ യുവതലമുറയ്ക്കു വിശാലമായ തൊഴിലവസരങ്ങളൊരുക്കി സ്മാർട്ട് സിറ്റി പദ്ധതി ഒന്നാം ഘട്ടം പൂർത്തീകരണത്തിലേയ്ക്കു നയിച്ചതിലും ഉമ്മന്‍ചാണ്ടിയുടെ ഇടപെടലുണ്ടായിരുന്നു. 2001-ലെ ആന്റണി സര്‍ക്കാരില്‍ വ്യവസായവകുപ്പു മന്ത്രിയായിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലായിരുന്നു സ്മാര്‍ട്ട് സിറ്റിയുടെ രൂപരേഖ തയ്യാറാക്കപ്പെടുന്നത്.
കെ. കരുണാകരന്‍ സര്‍ക്കാരില്‍ ഉമ്മന്‍ ചാണ്ടി തൊഴില്‍വകുപ്പു മന്ത്രിയായിരിക്കേയാണ് സംസ്ഥാനത്ത് ആദ്യമായി യുവാക്കള്‍ക്ക് തൊഴിലില്ലായ്മ വേതനം നല്‍കാനുള്ള തീരുമാനം കൈക്കൊള്ളുന്നത്. എന്‍.സി.ഐ. നിയമനം, ആരോഗ്യ ഇന്‍ഷുറന്‍സ്, ഒരു രൂപയ്ക്ക് അരി തുടങ്ങിയ ജനകീയവും ജനപ്രിയവുമായ ഒട്ടേറെ പദ്ധതികളും ഉമ്മന്‍ചാണ്ടിയുടെ ഭരണകാലയളവില്‍ നിലവില്‍ വന്നു.












Click it and Unblock the Notifications