71 ല്‍ കോണ്‍ഗ്രസ് പറഞ്ഞത് നടപ്പിലായില്ല; 2021 ല്‍ എല്‍ഡിഎഫ് പറഞ്ഞത് നടന്നു: എംവി ഗോവിന്ദന്‍
തിരുവനന്തപുരം: ദാരിദ്ര്യത്തിന്റെ നിഴല്‍ വീഴുന്ന എല്ലാ കുടുംബങ്ങള്‍ക്കും താങ്ങും തണലുമാകാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് മന്ത്രി എംവി ഗോവിന്ദന്‍. ഇന്നത്തെ മാതൃഭൂമി പത്രത്തില്‍ 'ഇനിയും യാഥാര്‍ത്ഥ്യമാകാത്ത ഗരീബി ഹഠാവോ' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച എഡിറ്റോറിയല്‍ ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ പ്രസ്താവന. എഡിറ്റോറിയലില്‍ പറയുന്നത് സമൂഹം ചര്‍ച്ച ചെയ്യേണ്ട ഒരു വിഷയമാണ്.
കോണ്‍ഗ്രസ് മുന്നോട്ടു വച്ച ഗരീബി ഹഠാവോ എന്ന മുദ്രാവാക്യം ഇത്രയും കാലം രാജ്യം ഭരിച്ചിട്ടും അവര്‍ക്ക് യാഥാര്‍ത്ഥ്യമാക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന യജ്ഞവുമായി മുന്നോട്ട് പോകുന്നത് സ്വാഗതാര്‍ഹമാണ് എന്ന് വിലയിരുത്താന് പത്രം തയ്യാറായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. മന്ത്രിയുടെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ...

ഇന്നത്തെ മാതൃഭൂമി പത്രത്തില്‍ 'ഇനിയും യാഥാര്‍ത്ഥ്യമാകാത്ത ഗരീബി ഹഠാവോ' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച എഡിറ്റോറിയലില്‍ പറയുന്നത് സമൂഹം ചര്‍ച്ച ചെയ്യേണ്ട ഒരു വിഷയമാണ്. മുഖപ്രസംഗത്തില്‍ നിന്ന് പ്രധാനമായും രണ്ട് കാര്യങ്ങളാണ് മനസ്സിലാക്കാന്‍ സാധിക്കുക. ഒന്ന്, കോണ്‍ഗ്രസ് മുന്നോട്ടു വച്ച ഗരീബി ഹഠാവോ എന്ന മുദ്രാവാക്യം ഇത്രയും കാലം രാജ്യം ഭരിച്ചിട്ടും അവര്‍ക്ക് യാഥാര്‍ത്ഥ്യമാക്കാന്‍ സാധിച്ചിട്ടില്ല, കേന്ദ്രത്തില്‍ ഇപ്പോള്‍ അധികാരത്തിലുള്ള ബി ജെ പി സര്‍ക്കാരിന് ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ഒരു വിഷയമല്ലാത്തതിനാല്‍ മാതൃഭൂമിക്ക് അവരുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് രേഖപ്പെടുത്താന്‍ സാധിക്കുന്നുമില്ല. രണ്ട്, കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന യജ്ഞവുമായി മുന്നോട്ട് പോകുന്നത് സ്വാഗതാര്‍ഹമാണ് എന്ന് വിലയിരുത്താന്‍ മാതൃഭൂമി തയ്യാറായി. മാതൃഭൂമി പത്രാധിപര്‍ ഈ നിരീക്ഷണത്തിലേക്ക് എത്തുന്നത് വസ്തുതകളുടെയും ഡാറ്റയുടെയും അടിസ്ഥാനത്തിലാണ്.
ഇതിലെ രാഷ്ട്രീയം നമുക്ക് കാണാതെ പോകാന്‍ സാധിക്കില്ല. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി 2021 ഏപ്രിലില്‍ നിയമസഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന വേളയില്‍ ജനങ്ങള്‍ക്ക് മുമ്പാകെ വെച്ച പ്രകടന പത്രികയിലെ അമ്പതിന പരിപാടികളില്‍ പതിനൊന്നാമത് ഐറ്റമാണ് 'ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനം ശക്തിപ്പെടുത്തും' എന്നത്. 2021 മെയ് മാസത്തില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പ് പ്രകടനപത്രികയില്‍ പറഞ്ഞതുപോലെ പരമ ദരിദ്രരുടെ സമഗ്രലിസ്റ്റ് തയ്യാറാക്കി. മാതൃഭൂമി എഡിറ്റോറിയലില്‍ പരാമര്‍ശിക്കുന്ന 64006 കുടുംബങ്ങളെ അതിദരിദ്ര കുടുംബങ്ങളായി കണ്ടു. അവരെ മുഖ്യധാരാ ജീവിതത്തിലേക്ക് നയിക്കുന്നതിനാവശ്യമായ മൈക്രോ പ്ലാന്‍ ഉണ്ടാക്കി, അവര്‍ ഓരോരുത്തരുടെയും ജീവിത ദുരിതങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ സമയബന്ധിതമായി മുന്നോട്ടുപോവുകയാണ്.
1971 ലെ തെരഞ്ഞെടുപ്പ് കാലത്താണ് ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് 'ഗരീബി ഹഠാവോ' എന്ന മുദ്രാവാക്യം മുന്നോട്ടു വച്ചത്. 51 വര്‍ഷമായി. ദാരിദ്ര്യം തുടച്ചുനീക്കുമെന്ന വാഗ്ദാനം പാലിക്കാന്‍ ഈ കാലമത്രയും കടന്നുപോയിട്ടും കോണ്‍ഗ്രസിനു സാധിച്ചിട്ടില്ല.
കോണ്‍ഗ്രസ് നേതൃത്വത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ അധികാരത്തിലെത്തിയ സര്‍ക്കാരുകള്‍ക്കും ആ ലക്ഷ്യം കാണാന്‍ കഴിഞ്ഞില്ല. എന്നാല്‍ 2021 ലെ പ്രകടന പത്രികയില്‍ മുന്നോട്ടുവച്ച ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനത്തിന്റെ പകുതി ഭാഗം ഭരണത്തിലേറി ഒരു വര്‍ഷം തികയും മുമ്പേ എല്‍ ഡി എഫ് സര്‍ക്കാര്‍ പിന്നിട്ടിരിക്കുന്നു. രണ്ട് രാഷ്ട്രീയ പാര്‍ട്ടികളുടെ, മുന്നണികളുടെ വാഗ്ദാനങ്ങളും അവ പാലിക്കാന്‍ നടത്തുന്ന ശ്രമങ്ങളും എത്രമാത്രം വ്യത്യാസപ്പെട്ടിരിക്കുന്നു എന്നത് ഇതില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കും. ആരാണ് ജനപക്ഷത്ത് നില്‍ക്കുന്നതെന്ന് അറിയാനും ഈ താരതമ്യം സഹായിക്കും. കേന്ദ്രം ഭരിക്കുന്ന ബി ജെ പി സര്‍ക്കാരിന്റെ നീതി ആയോഗ് പുറത്തിറക്കിയ റിപ്പോര്‍ട്ടിലെ കേരളമികവുകളും കണക്കുകളിലൂടെ മാതൃഭൂമി ഉദ്ധരിക്കുന്നുണ്ട്. അതിലൂടെ ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ ദയനീയാവസ്ഥ മനസ്സിലാക്കാന്‍ സാധിക്കും.
മാതൃഭൂമി എഡിറ്റോറിയലില്‍ ചൂണ്ടിക്കാണിച്ചതുപോലെ ദാരിദ്ര്യത്തിന്റെ നിഴല്‍ വീഴുന്ന എല്ലാ കുടുംബങ്ങള്‍ക്കും താങ്ങും തണലുമാകാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ ശ്രമിക്കും. തൊഴിലുറപ്പ് പദ്ധതിയും കുടുംബശ്രീയും പോലുള്ള സംവിധാനങ്ങളെ ഇത്തരം കുടുംബങ്ങള്‍ക്ക് ആശ്രയിക്കാന്‍ പറ്റുന്ന വിധത്തില്‍ കൂടുതല്‍ കാര്യക്ഷമമാക്കും. അതിദരിദ്രര്‍ അവരില്‍ നിന്നും തീര്‍ത്തും വ്യത്യസ്തരാണ്. മാതൃഭൂമി തന്നെ അത് ചൂണ്ടിക്കാട്ടുന്നുണ്ട്. തങ്ങളുടെ പ്രശ്‌നങ്ങള്‍, മറ്റുള്ളവര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനുള്ള ശേഷിപോലുമില്ലാത്ത കൂട്ടരാണ് അവര്‍. അവര്‍ക്കായി തയ്യാറാക്കുന്ന മൈക്രോപ്ലാന്‍ മാതൃകാപരമായി നടപ്പാക്കാന്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഗരീബി ഹഠാവോ നമുക്ക് കേരളത്തില്‍ യാഥാര്‍ത്ഥ്യമാക്കാം.












Click it and Unblock the Notifications