എന്താണ് ബെയ്ലി പാലം, പ്രത്യേകത എന്താണ്? സിവിലിയൻ ആവശ്യത്തിന് ഇന്ത്യയിൽ ആദ്യം നിർമ്മിച്ചത് കേരളത്തിൽ
കല്പറ്റ: ബെയ്ലി പാലം സജ്ജമാകുന്നതോടെ മുണ്ടക്കൈയിലെ രക്ഷാപ്രവർത്തനത്തിന്റെ വേഗം കൂടും ഇന്നലെ രാത്രി ഏറെ വൈകിയും രക്ഷാപ്രവർത്തകർ ബെയിലി പാലത്തിന്റെ നിർമാണത്തിൽ തന്നെയായിരുന്നു. മുണ്ടക്കൈയിലെ പാലം തകർന്നത് രക്ഷാപ്രവർത്തനത്തിന് വലിയ തരത്തിലുള്ള വെല്ലുവിളിയാണ് ഉയർത്തിയത്.
ബെയ്സി പാലം പൂർത്തിയായാൽ രക്ഷാപ്രവർത്തനം അതിവേഗമാകും. പല അവസരങ്ങളിലും നമ്മൾ ബെയ്ലി പാലം എന്ന് കേട്ടുകാണും. സൈന്യം ബെയ്ലി പാലം നിർമ്മിച്ച് രക്ഷാപ്രവർത്തനം നടത്തിയ വാർത്തകളും വായിച്ച് കാണും. എന്നാൽ എന്താണ് ബെയ്ലി പാലം എന്ന് അറിയാമോ?

മുൻകൂട്ടി നിർമ്മിക്കപ്പെട്ട ഘടകങ്ങൾ കൂട്ടിയോജിപ്പിച്ച് എളുപ്പത്തിൽ നിർമ്മിക്കാവുന്നതും എടുത്തുമാറ്റാവുന്ന തരത്തിലുള്ള താൽക്കാലിക പാലമാണ് ബെയ്‍ലി പാലം. രണ്ടാം ലോക മഹായുദ്ധകാലത്ത് ബ്രിട്ടീഷുകാരാണ് ഈ ആശയം ആവിഷ്കരിച്ചത്. ബ്രിട്ടീഷ് സർക്കാരിൽ ഉദ്യോഗസ്ഥനായിരുന്ന ഡോണാൾഡ് ബെയ്‌ലിയുടെ ആശയമായിരുന്നു ഇത്.
ഉരുക്കും തടിയുമാണ് പാലത്തിന്റെ പ്രധാന ഘടകങ്ങൾ. താരതമ്യേന ഭാരക്കുറവുള്ള ഘടകങ്ങൾ നിർമ്മാണ സ്ഥലത്ത് ട്രക്കുകളിൽ എത്തിക്കാൻ എളുപ്പമാണ്. അടിയന്തര ഘട്ടങ്ങളിലാണ് ഇവ പ്രയോജനപ്പെടുക. ചെറിയ വാഹനങ്ങൾക്ക് പോകാൻ കഴിയുന്ന തരത്തിലാണ് ഇവയുടെ നിർമ്മാണം. . ഭാരം താങ്ങാനുള്ള ശേഷി അനുസരിച്ച് ക്ലാസ് 40 ടൺ, ക്ലാസ് 70 ടൺ വിഭാഗങ്ങളിലുള്ള പാലങ്ങളാണു സാധാരണ നിർമ്മിക്കുന്നത്.
അതേ സമയം ഇന്ത്യയിൽ ആദ്യമായി സിവിലിയൻ ആവശ്യങ്ങൾക്കായി ബെയ്ലി പാലം നിർമ്മിച്ചത് കേരളത്തിലാണ്. പമ്പാ നദിക്ക് കുറുകെയായിരുന്നു ഈ പാലം. പത്തനംതിട്ടയിലെ റാന്നിയിലെ പമ്പാദിക്ക് കുറെകെയുള്ള 36 വർഷം പഴക്കമുള്ള റാന്നി പാലം തകർന്നപ്പോഴാണ് പകരം താത്ക്കാലികമായി ബെയ്ലി പാലം നിർമിച്ചത്. 1996 നവംബർ എട്ടിനാണ് റാന്നിയിൽ സൈന്യം ബെയ്ലി പാലം നിർമിച്ചത്.
രാജ്യത്ത് ആദ്യമായി സൈനികാ ആവശ്യത്തിനായി ബെയ്ലി പാലം നിർമ്മിച്ചത് കശ്മീരിലാണ്. ലഡാക്കിലെ ദ്രാസ് നദിക്കും സുറു നദിക്കുമിടയിൽ ആണ് ഈ പാലം നിർമ്മിച്ചത്. ഇതിന് 30 മീറ്റർ ( 98 അടി ) നീളമാണ് ഉണ്ടായിരുന്നത്. സമുദ്ര നിരപ്പിൽ നിന്നും 5,602 മീറ്റർ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. ഇന്ത്യൻ ആർമിയാണ് ഈ പാലം നിർമ്മിച്ചത്
അതേ സമയം മുണ്ടക്കൈയിൽ 190 അടിനീളത്തിലാണ് പാലം നിർമ്മിക്കുന്നത്. 24 ടൺ ഭാരം വഹിക്കാൻ ശേഷിയുള്ള പാലം ആണിത്. നീളം കൂടതലായതിനാൽ മധ്യത്തിൽ തൂണ് സ്ഥാപിച്ചാണ് പാലം നിർമിക്കുന്നത്. ഡൽഹിയിൽ നിന്നും കണ്ണൂർ വിമാനത്താവളത്തിൽ വിമാന വഴി എത്തിച്ച ട്രക്കുകളിലാണ് കൊണ്ടുവന്നത്. ഉച്ചയോടെ നിർമാണം പൂർത്തിയാകുമെന്നാണ് ലഭിക്കുന്ന വിവരം












Click it and Unblock the Notifications