ചാലക്കുടി സീറ്റോ ഗവർണർ കസേരയോ? പത്മജയ്ക്ക് ബിജെപിയുടെ ഓഫർ എന്ത്? അണിയറയിൽ ചടുല നീക്കങ്ങൾ
തിരുവനന്തപുരം: രാഷ്ട്രീയത്തിൽ സ്ഥായിയായ ശത്രുത ഇല്ലെന്ന് പണ്ടുമുതലേ പറഞ്ഞുകേട്ടിട്ടുള്ളതാണ്. അതിനെ ശരിവച്ചു കൊണ്ടാണ് സമുന്നതനായ കോൺഗ്രസ് നേതാവും, മുൻ മുഖ്യമന്ത്രിയുമായ കെ കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ തന്റെ പിതാവ് വിശ്വസിച്ചിരുന്ന പാർട്ടിയുടെ ഏറ്റവും വലിയ എതിരാളിയായ ബിജെപിയിലേക്ക് ചേക്കേറുന്നത്. രാഷ്ട്രീയത്തിൽ ഇതൊക്കെയും സ്വാഭാവികമാണ്, എന്നാൽ എന്ത് മോഹന വാഗ്‌ദാനമാണ് പത്മജയ്ക്ക് മുൻപിൽ ബിജെപി വച്ചതെന്ന ചോദ്യം ഇനിയും ബാക്കിയാണ്.
പലതരത്തിലുള്ള അഭ്യൂഹങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് ഉയർന്നു വരുന്നത്. അതിൽ പ്രധാനമായും എല്ലാവരും പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന കാര്യം പത്മജ വേണുഗോപാൽ വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്നതാണ്. അതിനുള്ള സാധ്യതകൾ തെളിഞ്ഞു വരുന്നതായാണ് പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിൽ പത്മജ മത്സരിച്ചേക്കും എന്നാണ് വിവരം.

ഇതിൽ എത്രത്തോളം ശരിയുണ്ടെന്ന് അറിയില്ലെങ്കിലും ഒറ്റ നോട്ടത്തിൽ ഇതിൽ കഴമ്പുണ്ടെന്ന് ഉറപ്പാക്കാം. സുരേഷ് ഗോപി മത്സരിക്കുന്ന സാഹചര്യത്തിൽ തൃശൂർ മണ്ഡലമാണ് പത്മജയുടെ കൈയിൽ ഒതുങ്ങുന്നതല്ലെന്ന ബോധം കൃത്യമായി അവർക്കുണ്ട്. പിന്നീട് അവർ പരിഗണിക്കുന്നത് ജില്ലയിലെ തന്നെ രണ്ടാമത്തെ മണ്ഡലമായ ചാലക്കുടി ആവുന്നതിൽ ഒട്ടും അസ്വാഭാവികതയില്ല.
അതിന് സാധൂകരിക്കുന്ന മറ്റ് ചില ഘടകങ്ങൾ കൂടിയുണ്ട്. പത്മജയുടെ ബിജെപി പ്രവേശനം ഒരു രാത്രി പുലർന്നെഴുന്നേറ്റപ്പോൾ നടന്ന അത്ഭുതമല്ല. കഴിഞ്ഞ കുറച്ചധികം നാളുകളായി അവർ ബിജെപി കേന്ദ്ര നേതൃത്വവുമായി നിരന്തരം ചർച്ചകൾ നടത്തി വരികയാണ്. ജെപി നദ്ദ ഉൾപ്പെടെയുള്ള പാർട്ടിയിലെ ഉന്നതരുമായി തന്നെ അവർ കൂടിക്കാഴ്‌ച നടത്തിയതും പരസ്യമായ രഹസ്യമാണ്.
പത്മജയ്ക്ക് ചാലക്കുടി മണ്ഡലം വച്ചുനീട്ടിയതിനാലാണോ ആദ്യഘട്ട മണ്ഡലങ്ങൾ പ്രഖ്യാപിക്കുമ്പോൾ അത് ഒഴിച്ചിട്ടത് എന്ന സംശയം വന്നാൽ കുറ്റപ്പെടുത്താൻ കഴിയില്ല. ചാലക്കുടിയിൽ മത്സരിച്ചാലും വോട്ട് മറിയുമെന്ന ആത്മവിശ്വാസം അവർക്കുണ്ട്. മുകുന്ദാപുരത്തെ തോൽവി മറയ്ക്കാൻ ചാലക്കുടിയിലെ മത്സരം കൊണ്ട് തനിക്ക് സാധിക്കുമെന്ന് തന്നെയാവും കരുണാകര പുത്രി കണക്കുകൂട്ടുന്നത്.
ഇനി രണ്ടാമത്തെ സാധ്യത ഗവർണർ പദവിയാണ്. എന്നാൽ സാധാരണഗതിയിൽ പ്രായമെത്തിയ, സജീവ രാഷ്ട്രീയത്തിൽ തുടരാൻ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉള്ള മുതിർന്ന നേതാക്കൾക്ക് അവധിക്കാലം ആഘോഷിക്കാനുള്ള പദവിയായാണ് പല രാഷ്ട്രീയ പാർട്ടികളും ഗവർണർ സ്ഥാനത്തെ നോക്കി കണ്ടിരുന്നത്. എന്നാൽ ഇന്ന് കാലം മാറി ഗവർണർമാർ സംസ്ഥാന സർക്കാരുകളുമായി നിരന്തരം കലഹിച്ചു കൊണ്ടിരിക്കുന്നു.
കേന്ദ്ര സർക്കാരിന്റെ നിഴലായി സംസ്ഥാനങ്ങൾക്ക് പിന്നാലെ ഏത് സമയവും അവർ കൃത്യമായി എത്തുന്നു. ചോദ്യം ചെയ്യുന്നു, ആരോപണങ്ങൾ ഉന്നയിക്കുന്നു. അപ്പോൾ പ്രായം കുറഞ്ഞവർക്കും ഗവർണർ ആവാമെന്ന് സാരം. ഇനി ഒരുപക്ഷേ ആരിഫ് മുഹമ്മദ് ഖാന് പകരം കേരളത്തിലേക്ക് തന്നെ പത്മജ ഗവർണറായി എത്തിക്കൂടാ എന്നുമില്ല. പാർട്ടി ബിജെപി ആയത് കൊണ്ടും, വരാനിരിക്കുന്നത് തിരഞ്ഞെടുപ്പ് ആയത് കൊണ്ടും ആ സാധ്യതകളെ പൂർണമായി തള്ളിക്കളയാനും രാഷ്ട്രീയ കേരളം തയ്യാറാവില്ല.












Click it and Unblock the Notifications