എന്താണ് കാർഷിക ബിൽ? പിന്നിലെ പ്രേരക ശക്തികളാര്..?: വിശദീകരിച്ച് പിഎസ് പ്രശാന്ത്
തിരുവനന്തപുരം: ഇന്ത്യൻ കാർഷിക മേഖലയിലെ ഉല്പാദനം, സംഭരണം, വിതരണം ഇങ്ങനെ കാർഷിക സംബന്ധമായ എല്ലാ മേഖലയിൽ നിന്നും സർക്കാർ നിരൂപാധികം പിൻവാങ്ങുന്നു എന്നുള്ളതാണ് കര്‍ഷക ബില്ലിലെ വളരെ ഗുരുതരമായ പ്രശ്നമെന്ന് സിപിഎം നേതാവ് പിഎസ് പ്രശാന്ത്. അതോട് കൂടി കാർഷിക ഉല്പ്പന്നങ്ങളുടെ ''താങ്ങ് വില", കാർഷിക സബ്സിഡി ,ഭക്ഷ്യ സബ്സിഡി, പൊതുവിതരണ സമ്പ്രദായം എന്നിവ എന്നേക്കുമായി ഇല്ലാതാകും.
കർഷക നിയമങ്ങളെ പരിശോധിക്കുമ്പോൾ പ്രഥമദൃഷ്ടിയിൽ തന്നെ ഇതിൻ്റെ ഗുണഭോക്താക്കൾ വൻകിട കോർപ്പറേറ്റുകൾ ആണെന്ന് മനസ്സിലാക്കാൻ സാധാരണ ബുദ്ധി മാത്രം മതിയാകും. അത് വളരെ കൃത്യമായി ബോധ്യമായത് കൊണ്ടാണ് മരം കോച്ചുന്ന മൈനസ് ഡിഗ്രി തണുപ്പിലും ചുട്ടുപൊള്ളുന്ന വെയിലിലും കുത്തിയൊലിക്കുന്ന പ്രളയത്തിലും കെട്ടണഞ്ഞ് പോകാതെ സമരാഗ്നിയായി ഇന്ത്യയിലാകമാനം കർഷക സമരം ആളിപ്പടരുന്നതെന്നും അദ്ദേഹം കുറിക്കുന്നു.

കാർഷിക നിയമത്തിൻ്റെ ഒന്നാമത്തെ ഗുണമായി സർക്കാർ കൊട്ടിഘോഷിക്കുന്നത് ഇന്ത്യയിലെ കർഷകന് തങ്ങളുടെ ഉൽപ്പന്നങ്ങൾ എവിടേയും ആർക്കും വില്ക്കാം എന്നുള്ളതാണ്. അതായത്, ഒരു ഇന്ത്യ ഒരു മാർക്കറ്റ്. എന്തൊരു സുന്ദരമായ ആശയം കേൾക്കുമ്പോൾ കർഷകർ കോരിത്തരിച്ച്പ്പോകും എന്നാണ് മോഡി സർക്കാർ വിചാരിച്ചത്. എന്നാൽ, കർഷകൻ്റെ ഉല്പ്പന്നങ്ങൾ ഇന്ത്യയിലെവിടെ നിന്നും ഏത് ബഹുരാഷ്ട്ര കുത്തകൾക്കും എത്ര വേണമെങ്കിലും വാങ്ങാം എന്നുള്ളതിൻ്റെ ചതിക്കുഴി കർഷകർ പെട്ടെന്ന് മനസ്സിലാക്കി. അങ്ങനെ വാങ്ങാൻ ശക്തിയുള്ള ചുരുക്കം കമ്പനികളെ ഇന്ത്യയിൽ ഇന്നുള്ളു . ഒന്നുകിൽ അംബാനി അല്ലെങ്കിൽ അദാനി..!
അതുമല്ലെങ്കിൽ ഇവരുമായി ധാരണയിലെത്തുന്ന ഏതെങ്കിലുമൊരു ബഹുരാഷ്ട്ര കുത്തക എന്നതും കർഷകർക്ക് വളരെപ്പെട്ടെന്ന് മനസ്സിലായി.
അപ്പോൾ നിലവിലെ സർക്കാർ നിയന്ത്രിത മണ്ഡികൾ അഥവാ ചന്തകൾക്ക് എന്ത് സംഭവിക്കും. . സർക്കാർ നല്കുന്ന താങ്ങ് വിലയാണ് മണ്ഡികളിലേക്ക് കർഷകരെ ആകർഷിക്കുന്ന, ആശ്വാസം നല്കുന്ന ഏക ഘടകം.
പ്രത്യേകിച്ച് ഉത്തരേന്ത്യയിലെ 90% കർഷകരും കൃഷിയിറക്കാനായി വായ്പയെടുക്കുന്നതും കടം വാങ്ങുന്നതും സർക്കാർ നല്കീയിരുന്ന താങ്ങ് വിലയുടെ പ്രതീക്ഷയിലാണ്. മാത്രമല്ല മണ്ഡികൾ ഇല്ലാതാകുമ്പോൾ സംസ്ഥാന സർക്കാരിന് കിട്ടിയിരുന്ന നികുതി വരുമാനവും ഇല്ലാതെയാകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
തിരിച്ച് വരവില്‍ ഞെട്ടിക്കാന്‍ ആന്‍ അഗസ്റ്റിന്‍: വൈറലായി പുത്തന്‍ ചിത്രങ്ങള്‍

അങ്ങനെ, സർക്കാരിൻ്റെ നിയന്ത്രണമില്ലാത്ത കർഷകർക്ക് താങ്ങുവിലയില്ലാത്ത മണ്ഡികൾ അഥവാ ചന്തകൾ ക്രമേണ അലിഞ്ഞലിഞ്ഞ് ഇല്ലാതാകും. പകരം ഇന്ത്യയിലെവിടെ നിന്നും ആർക്കും വാങ്ങാം എന്ന കാർഷിക നിയമത്തിൻ്റെ പിൻബലത്തിൽ ലാഭക്കൊതിയൻമാരായ കോർപ്പറേറ്റുകൾ മാർക്കറ്റ് പിടിച്ചെടുക്കാൻ കൂടിയ വിലക്ക് കർഷകരുടെ ഉൽപ്പന്നങ്ങൾ അല്പം നഷ്ട്ടം സഹിച്ച് ശേഖരിക്കും.
അങ്ങനെ കർഷകരെല്ലാം അവിടേയ്ക്ക് പോകും. മറ്റ് ചെറുകിട കച്ചവടക്കാരെല്ലാം കച്ചവടം പൂട്ടിയെന്നും മാർക്കറ്റ് തങ്ങളുടെ കുത്തകയായി മാറി എന്ന് ബോധ്യപ്പെടുന്ന കോർപ്പറേറ്റുകൾ അവരുടെ തനിനിറം പുറത്തെടുക്കും. കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് തോന്നിയ വില നിശ്ചയിക്കും.
മറ്റ് മാർക്കറ്റുകൾ ഇല്ലാതെ വരുമ്പോൾ ഉൽപ്പന്നങ്ങൾ കിട്ടുന്ന വിലയ്ക്ക് വില്ക്കാൻ കർഷകർ നിർബ്ബന്ധിതരാകുന്ന സ്ഥിതിയിലെത്തും. അതാണ് ലാഭകൊതിയൻമാരായ കോർപ്പറേറ്റകളുടെ ബുദ്ധി..! കോർപ്പറേറ്റ് ബുദ്ധികൾ ഇന്ത്യ കാണാനിരിക്കുന്നതേയുള്ളു..!! കേന്ദ്ര സർക്കാരിൻ്റെ ഓഹരി വിറ്റഴിക്കൽ നയത്തിലൂടെ ''അദാനി ലോജിസ്റ്റിക് കമ്പനി " യുടെ നേതൃത്വത്തിൽ കൈക്കലാക്കുന്ന സ്വന്തം ട്രയിനുകളിലൂടേയും റയിൽവേ ലൈനുകളിലൂടേയും കർഷകരുടെ ഉൽപന്നങ്ങൾ ചുളുവിലയ്ക്ക് തട്ടിപ്പറിച്ച് സ്വകാര്യ ഗോഡൗണുകളിലേക്ക് കൊണ്ട് പോകും.

ഈ ചുരുങ്ങിയ കാലയളവിൽ പോലും അദാനി ലോജിസ്റ്റിക് കമ്പനി ഇന്ത്യൻ കർഷകരിൽ നിന്ന് ശേഖരിച്ച ഉൽപ്പന്നങ്ങൾ 60% ത്തിന് മുകളിലാണ്. അംബാനിയുടേയും അദാനിയുടേയും പുതിയ പ്രോജക്ടുകൾ പ്രകാരം അവർ ഫോക്കസ് ചെയ്യുന്ന പുതിയ മേഖല അഗ്രികൾച്ചർ സെക്ടറാണ്. ഇനി അംബാനി മുതലാളിയുടെ ജിയോ മാർട്ടിൻ്റെ കഥയും വ്യത്യസ്തമല്ല..! മൊബൈൽ ആപ്ലിക്കേഷൻ പ്ലാറ്റ്ഫോമിലൂടെ ഈ കോർപ്പറേറ്റ് ഭീകരൻ പാവം കർഷകൻ്റെ രക്തവും വിയർപ്പും ഊറ്റിക്കുടിച്ച് ലാഭം കൊയ്യും. 2016 ൽ മാത്രം അംബാനി മുതലാളി ഫോക്കസ് ചെയ്ത് ടെലികോം സെക്ടർ ഇന്ന് റിലയൻസിൻ്റെ കുത്തകയാക്കി മാറ്റിയിരിക്കുന്നു. ജിയോ സിം ആദ്യം ഫ്രീ ആയിരുന്നു എന്നത് ഓർമ്മ കാണുമല്ലോ..? പിന്നീട് എന്ത് സംഭവിച്ചുവെന്നും പിഎസ് പ്രശാന്ത് ചോദിക്കുന്നു.
വോഡഫോൺ, ഐഡിയ, എയർടെൽ എന്നീ മറ്റെല്ലാ കമ്പനിയും ദുർബ്ബലമായെന്ന് വന്നപ്പോൾ ജിയോ ഡാറ്റായുടെ താരിഫ് തോന്നും പോലെ വർദ്ധിപ്പിച്ച് ജിയോ മാർക്കറ്റ് ലീഡർ ആയി. കേന്ദ്ര സർക്കാർ സംവിധാനമായ ബിഎസ്എന്‍ല്ലിനെ നെ 4G പ്ലയിംഗ് ലെവൽ പോലും എത്തിക്കാതെ ക്ഷീണിപ്പിച്ച് അംബാനിയുടെ ജിയോയ്ക്ക് 5 G ക്ക് വേണ്ട എല്ലാ സംവിധാനവും മോദി സർക്കാർ ഒരുക്കി കൊടുക്കുന്നു..! അങ്ങനെ ടെലകോം മേഖലയുടെ കുത്തക അംബാനിയുടെ കൈയ്യിൽ ഭദ്രമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഇനി രണ്ടാമത്തെ കർഷക നിയമത്തിലേക്ക് വരാം..! അത് പറയുന്നതെന്താ.. ? എത് കോർപ്പറേറ്റിനും ഇന്ത്യയിവിലെവിടേയും കർഷകൻ്റെ കൃഷി ഭൂമിയിൽ കരാർ പ്രകാരം കൃഷിയിൽ ഏർപ്പെടാൻ അവകാശം ലഭിക്കുന്നു എന്നുള്ളതാണ്. ഈ കരാർ കർഷകനും കോർപ്പറേറ്റും മാത്രമുള്ളതാണെന്നത് പ്രത്യേകം ഓർക്കണം. സങ്കീർണ്ണവും നിഗൂഢവുമായ ഈ കരാറുകൾ വലിയ വിദ്യാഭ്യാസമില്ലാത്ത കർഷകൻ്റെ കഴുത്തിലെ കുരുക്കായി മാറും. കോർപ്പറേറ്റുമായി കരാറിലെത്തിയ കർഷകൻ വിളവുമായെത്തുമ്പോൾ കരാർ പ്രകാരമുള്ള മണമില്ല ഗുണമില്ല രൂപമില്ല എന്നൊക്കെ പറഞ്ഞ് ഭീഷണിപ്പെടുത്തുമ്പോൾ പാവം കർഷകന് കോർപ്പറേറ്റ് ഭീകരന് മുന്നിൽ വിലപേശാൻ കഴിയാതെ അവർ പറയുന്ന വിലയ്ക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ വില്ക്കാൻ നിർബ്ബന്ധിതമാകും.
അങ്ങനെ അന്നം വിളയിക്കേണ്ട പാവം കർഷകരുടെ വിളനിലങ്ങൾ സ്മശാനഭൂമിയായി മാറുന്നതിന് ഭാരതം സാക്ഷ്യം വഹിക്കേണ്ടി വരും..!! സമരം ചെയ്യുന്ന സംയുക്ത കർഷകമോർച്ചയുടെ ആവശ്യം കേന്ദ്ര സർക്കാരിൻ്റെ നിയന്ത്രണവും കർഷക സഹായവും ഈ രണ്ട് നിയമങ്ങളിലും ഉണ്ടാകണമെന്നും ഡോക്ടർ സ്വാമിനാഥൻ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ട് കാർഷിക മേഖലയിൽ നടപ്പിലാക്കണം എന്നതുമാണ്.

മൂന്നാമത്തെ കർഷക നിയമം 1955 ലെ അവശ്യ സാധന നിയമ ഭേദഗതിയാണ്.ഇന്ത്യയിൽ പൂഴ്ത്തിവെയ്പ്പും കള്ളത്തരവും ഇല്ലാതെ വിപണികൾ നിയന്ത്രിക്കുന്ന ഗുരുതരമായ ഒരു ക്രിമിനൽ നിയമമാണ് 1955 ലെ അവശ്വ സാധന നിയമം. പ്രകൃതിദുരന്തങ്ങളിലും മറ്റ് അടിയന്തിര ഘട്ടങ്ങളിലും അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തുന്നതും വിലനിലവാരം പിടിച്ച് നിർത്തുന്നതും ഈ നിയമത്തിൻ്റെ അടിസ്ഥാനത്തിലാണ്. ഈ നിയമത്തിൻ്റെ പട്ടികയിൽ നിന്നും കോർപ്പറേറ്റുകൾക്ക് താല്പര്യമുള്ള കുറേ ഉൽപ്പന്നങ്ങളേ ഒഴിവാക്കുവാനുള്ള ഗൂഡാലോചനയുടെ ഭാഗമാണീ ഭേദഗതി.
ഇതും കോർപ്പറേറ്റുകളെ സഹായിക്കാനാണ്. തങ്ങളുടെ ഗോഡൗണുകളിൽ പരിധിയില്ലാതെ അവശ്യ സാധനങ്ങൾ സംഭരിക്കാനും കൃതൃമ വിലക്കയറ്റം ഉണ്ടാക്കി പാവം ജനങ്ങളെ കൊള്ളയടിക്കാനും മാത്രമേ ഈ ഭേദഗതി ഗുണം ചെയ്യുകയുള്ളു. ഇതാണ് ഇന്ത്യയിലെ അന്നദാതാക്കളായ പാവം കർഷകരെ ഉദ്ധരിക്കുവാൻ എന്ന മട്ടിൽ മോഡി സർക്കാർ കൊണ്ട് വന്നിരിക്കുന്ന കർഷിക ബില്ല് - 2021. ആരാണ് ഇതിന് പിന്നിലെ പ്രേരകശക്തിയെന്ന് മനസ്സിലാക്കാൻ അതിബുദ്ധിയൊന്നും വേണ്ടായെന്ന് ഇപ്പോൾ മനസ്സിലായില്ലേ..!
Recommended Video

വസ്തുനിഷ്ഠമായി വിലയിരുത്തിയാൽ ഇന്ന് ഇന്ത്യയിൽ നടക്കുന്ന കർഷക വിപ്ലവ മുന്നേറ്റം അവരുടെ അതിജീവനത്തിനായി മാത്രം നടത്തുന്ന ഒരു സമരമല്ല. ബ്രിട്ടീഷ് ഈസ്റ്റ് ഇൻഡ്യാ കമ്പനിയുടെ വ്യാപാര വാണിജ്യത്തിൽ നിന്നും രൂപപ്പെട്ടതാണ് ഇന്ത്യയുടെ അടിമത്വം എന്നത് നമുക്ക് അറിയാമല്ലോ.അതിൽ നിന്നുള്ള മോചനത്തിന് വേണ്ടി രൂപപ്പെട്ട സമരമാണ് സ്വാതന്ത്ര്യ സമരമെങ്കിൽ അദാനി - അംബാനി കോർപ്പറേറ്റ് കൂട്ടുകെട്ടിന് കീഴിൽ ഇന്ത്യൻ ജനതക്ക് ഉണ്ടാകാൻ പോകുന്ന അടിമത്വത്തിൽ നിന്നും ഇന്ത്യയെ രക്ഷിക്കുവാനുള്ള രണ്ടാം സ്വാതന്ത്ര്യ സമരമായി ഈ കാർഷക - തൊഴിലാളി വർഗ്ഗ വിപ്ലവ പ്രക്ഷോഭത്തെ കാണാൻ നമുക്ക് സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.












Click it and Unblock the Notifications