മണിപ്പൂരിൽ സംഭവിക്കുന്നത് ഗുജറാത്ത് വംശഹത്യയുടെ തുടർച്ച; രൂക്ഷവിമർശനവുമായി എംവി ഗോവിന്ദൻ
തിരുവനന്തപുരം: മണിപ്പൂരിലെ കൊലപാതകങ്ങളും കലാപങ്ങളും ഒറ്റപ്പെട്ട സംഭവമല്ലെന്നും ഗുജറാത്ത് വംശഹത്യയുടെ തുടര്‍ച്ചയാണ് മണിപ്പൂരില്‍ നടക്കുന്നതെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മണിപ്പൂരിലെ അപമാനകരമായ കാര്യങ്ങള്‍ കാണുമ്പോള്‍ ഇന്ത്യ ജനാധിപത്യ രാജ്യമെന്ന് എങ്ങനെ പറയാനാകുമെന്നും അദ്ദേഹം ചോദിച്ചു.
ആൾക്കൂട്ടം സ്‌ത്രീകളെ നഗ്നനരാക്കി നടത്തിച്ച്, കൂട്ടബലാൽസംഘം നടത്തുന്നത് ഫ്യൂഡൽ സംസ്‌കാരത്തിന്റെ ഭാഗമാണ്. ആർഎസ്‌എസിന്റെ സ്‌ത്രീ സ്വാതന്ത്ര്യമാണ് മണിപ്പുരിൽ കണ്ടത്. മെയ്‌ത്തികളേയും കുക്കികളേയും തമ്മിലടിപ്പിച്ച് ഗോത്രവർഗക്കാരുടെ ഭൂമികൾ കോർപറേറ്റുകൾക്ക് കൈക്കലാക്കാനുള്ള അവസരം ഒരുക്കലും ആർ എസ് എസ് ലക്ഷ്യമാണ്. ഗുജറാത്തിൽ വർഗീയ കലാപത്തിൽ തുടങ്ങി മുസ്ലീങ്ങളെ വംശഹത്യ നടത്തി. ഭൂരിപക്ഷ ശക്തിയായി. മണിപ്പുരിലും ഇതാണ് ലക്ഷ്യം. കേരളത്തിലും ഇത്തരം വർഗീയ വിഷം ചീറ്റാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്. കേരളത്തിന്റെ മതനിരക്ഷേപ മനസ് തകർക്കാനാണ് ആർ എസ് എസ് നീക്കം. ഇതിനെതിരെ ജനകീയ പ്രതിരോധം ഉയരണം.

മണിപ്പൂരില്‍ വര്‍ഗീയ കലാപം വംശഹത്യയായി മാറുകയാണ്. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രിക്ക് പാര്‍ലമെന്റില്‍ മറുപടി പറയേണ്ടി വരും. എവിടെയും കത്തിക്കാനുള്ള ഒരു വിത്ത് ബി ജെ പി പാകിയിരിക്കുകയാണ്. അത് മണിപ്പൂരില്‍ മാത്രമായി ഒതുങ്ങില്ല. ഏക സിവില്‍ കോഡ് അതിന്റെ ഭാഗമാണ്. ഏക സിവില്‍ കോഡ് നടപ്പാക്കാനല്ല നീക്കം. ഭിന്നിപ്പിക്കാനുള്ള ആയുധം മാത്രമാണത്. ഏക സിവില്‍ കോഡിനെ എതിര്‍ക്കുന്ന എല്ലാവരുമായും സഹകരിക്കും. ഞങ്ങള്‍ ഒരു വേലിയും കെട്ടില്ല.
കേന്ദ്ര ബി ജെ പി സർക്കാർ കേരളത്തിന് അർഹമായ കേന്ദ്രവിഹിതം തടയുകയാണ്. വായ്‌പയെടുത്ത് വികസനപ്രവർത്തനങ്ങൾ നടത്തുന്നതും തടയുന്നു. കേരളത്തിലെ പ്രതിപക്ഷമായ കോൺഗ്രസും ബിജെപിയും കേന്ദ്രസർക്കാരും കേരളത്തിന്റെ മുന്നോട്ടുപോക്ക് തടയുകയാണ്. വിജ്‌ഞാന സമ്പത്ത് വ്യവസ്ഥ കെട്ടിപ്പെടുത്ത് കേരളം ബദൽ തീർക്കുകയാണ്. എല്ലാവർക്കും ഭൂമി, വീട്, തൊഴിൽ ഇതാണ് ലക്ഷ്യം. ലോകത്ത് മുതലാളിത്ത വ്യവസ്ഥയിൽ പട്ടിണിയില്ലാത്ത ഏക സംസ്ഥാനമായി കേരളം മാറും. സംരഭങ്ങളും സ്‌റ്റാർട്ട് അപ്പുകളും വഴി തൊഴിലവസരങ്ങൾ ഒരുങ്ങി. വികസ്വര രാജ്യങ്ങളുടെ ജീവിത നിലവാരത്തിലേക്ക് ഉയർത്താനുള്ള പദ്ധതികളുമായി പിണറായി സർക്കാർ മുന്നോട്ടുപോവുകയാണ്. സി പി എം ഓഫീസുകൾ ജനസേവനകേന്ദ്രങ്ങളാക്കി മാറ്റണം. കക്ഷി രാഷ്ട്രീയത്തിന് അതീതമായി സേവനങ്ങൾ നൽകാൻ കേഡർമാരെ നിയോഗിക്കണം.












Click it and Unblock the Notifications