സുരേഷ് ഗോപിയുടെ ലക്ഷ്യമെന്ത്: അധ്യക്ഷനല്ലെങ്കില്‍ മുഖ്യമന്ത്രി സ്ഥാനാർത്ഥി? ബിജെപി ഒരുങ്ങുന്നു
പാലക്കാട്: സമീപകാലത്തൊന്നും ദേശീയ നേതൃത്വത്തെ തൃപ്തിപ്പെടുത്തുന്ന പ്രകടനം ബി ജെ പിക്ക് നടത്താന്‍ സാധിക്കാത്ത സംസ്ഥാനമാണ് കേരളം. ഏറെ പ്രതീക്ഷ വെച്ച് പുലർത്തിയ കഴിഞ്ഞ തിരഞ്ഞെടുപ്പിലടക്കം സമ്പൂർണ്ണ തോല്‍വിയായിരുന്നു ബി ജെ പിക്ക്. ഈ സാഹചര്യത്തില്‍ നിന്നുകൊണ്ടാണ് 2024 ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പോടെ സംസ്ഥാന രാഷ്ട്രീയത്തിലെ ഇതുവരേയുള്ള ചരിത്രം തിരുത്തുകയെന്ന ലക്ഷ്യത്തോട് ബി ജെ പി വമ്പന്‍ പദ്ധതികള്‍ക്ക് തന്നെ സംസ്ഥാനത്ത് ആസൂത്രണം നല്‍കുന്നത്.
നടനും മുന്‍ രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയെ സംസ്ഥാന കോർ കമ്മിറ്റിയിലേക്ക് കൊണ്ടുവരുന്നതും ഇത്തരം പദ്ധതികളുടെ ഭാഗമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

സുരേഷ് ഗോപി കോർ കമ്മിറ്റിയിലേക്ക് വരുന്നതോടെ പാർട്ടിയില്‍ വലിയ രീതിയിലുള്ള മാറ്റങ്ങളുണ്ടാവുമെന്നാണ് പലരുടേയും പ്രതീക്ഷ. സുരേഷ് ഗോപിയെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവന്ന് പാർട്ടിയില്‍ സമൂലമായ ഉടച്ചുവാർക്കലുണ്ടാവുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ നേരത്തെ സജീവമായിരുന്നു. എന്നാല്‍ കെ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള നിലവിലുള്ള നേതൃത്വം ലോക്സഭ തിരഞ്ഞെടുപ്പ് തന്നെ തുടരാനാണ് സാധ്യത.

നിലവിലെ നേതൃത്വം തുടരുമ്പോള്‍ തന്നെ സംസ്ഥാന സമിതിയിലേക്ക് പുതിയ ചിലരെക്കൂടി ഉള്‍പ്പെടുത്തിയേക്കും. സംസ്ഥാന സമിതിക്കൊപ്പം തന്നെ സംസ്ഥാന കോർ കമ്മിറ്റിയിലും അഴിച്ചുപണിയുണ്ടാവും. ബി ജെ പിയെ സംബന്ധിച്ച് ഏറ്റവും കൂടുതല്‍ പേർ അംഗങ്ങളായ കോർകമ്മിറ്റിയാണ് കേരളത്തിലുള്ളത്. ഏറിവന്നാല്‍ അഞ്ച് പേരുള്ള കോർ ടീം സംവിധാനമാണ് അവിടങ്ങളിലെല്ലാം ഉള്ളത്.

ബി ജെ പി ഭരിക്കുന്ന ചില സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാർ പോലും കോർ കമ്മിറ്റി അംഗമല്ലാത്ത സംസ്ഥാനങ്ങലുണ്ട്. മുൻ സംസ്ഥാന പ്രസിഡന്റുമാരും മുതിർന്ന അംഗങ്ങളും ഉള്‍പ്പടെ 13 പേരാണ് കേരള ഘടകത്തിലെ കോർ കമ്മിറ്റിയിലുള്ളത്. പാർട്ടി പ്രവർത്തനത്തില്‍ കാര്യമായ സംഭാവന നല്‍കാത്ത കോർകമ്മിറ്റി ഉടച്ച് വാർക്കണമെന്നാണ് ദേശീയ നേതൃത്വം നല്‍കിയിരിക്കുന്ന നിർദേശം.

കൃത്യമായ എണ്ണം പറഞ്ഞിട്ടില്ലെങ്കിലും എണ്ണം കുറയ്ക്കണമെന്ന കാര്യത്തില്‍ സംശയമില്ല. കേരളത്തിലെ ഗ്രൂപ്പിസമാണ് ബി ജെ പി നേരിടുന്ന എറ്റവും പ്രധാന വെല്ലുവിളി. ഇത് പലപ്പോഴും വിമത നീക്കങ്ങള്‍ക്ക് വഴിയൊരിക്കുന്നു. കേരളഘടകത്തിൽ ഗ്രൂപ്പുവിഷയവും പാർട്ടിക്കു ചേരാത്ത ചിലരുടെ നീക്കങ്ങളും സംബന്ധിച്ച് പുതിയ പ്രഭാരിമാരില്‍ നിന്നും വിശദമായ റിപ്പോർട്ട് പാർട്ടി വാങ്ങിയിട്ടുണ്ട്.

കേരളത്തിലെ ചില നേതാക്കൾക്ക് കേന്ദ്രഭരണത്തിന്റെ തൃപ്തിയിൽ കഴിഞ്ഞ് കൂടാമെന്ന മനോഭാവമാണ് ഉള്ളത്. സംസ്ഥാനത്ത് ഇവർ കാര്യക്ഷമായ രീതിയില്‍ പ്രവർത്തിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് സുരേഷ് ഗോപിയും നേതൃത്വത്തിലേക്ക് വരുന്നുവെന്ന സൂചന ശക്തമായത്. ഒരിക്കലും പാർട്ടിയുടെ നേതൃസ്ഥാനത്തേയ്ക്കില്ലെന്ന നിലപാടായിരുന്നു സുരേഷ് ഗോപി സ്വീകരിച്ചത്. എന്നാല്‍ കേന്ദ്ര നേതൃത്വം നിർദേശിച്ചാല്‍ സുരേഷ് ഗോപി അതിന് വഴങ്ങിയേക്കും. അടുത്ത നിയമസഭ തിരഞ്ഞെടുപ്പിലേക്ക് സുരേഷ് ഗോപിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി വരെ ഉയർത്തിക്കാട്ടാനും സാധ്യതയുണ്ട്.

അതേസമയം, രണ്ടുമാസം മുൻപ് കൊച്ചിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർട്ടി കോർ കമ്മിറ്റി അംഗങ്ങളുമായി നടത്തിയ ചർച്ചയിലെ വിവരങ്ങള്‍ പുറത്തായതില്‍ പ്രധാനമന്ത്രിയുടെ ഓഫിസ് അതൃപ്തി പ്രകടിപ്പിച്ചെന്ന വിവരവും പുറത്ത് വരുന്നുണ്ട്. ഈ വിഷയത്തില്‍ കേന്ദ്രനേതൃത്വം അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ യോഗത്തില്‍ പങ്കെടുത്ത നേതാക്കള്‍ അങ്കലാപ്പിലാവുകയും ചെയ്തു












Click it and Unblock the Notifications