'മുഖ്യമന്ത്രിയാകാന്‍ അവസരം കിട്ടിയാല്‍ ചാടിപ്പിടിക്കും', ആ വെല്ലുവിളി ഏറ്റെടുക്കാൻ ശശി തരൂർ തയ്യാർ
തിരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലെ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായും ദേശീയ തലത്തിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായും ശശി തരൂരിനെ പോലൊരാൾ വരണം എന്ന് ആഗ്രഹിക്കുന്നവർ കോൺഗ്രസിന് അകത്തും പുറത്തുമുണ്ട്. കേരളത്തിൽ ഇടത് പക്ഷവും കേന്ദ്രത്തിൽ എൻഡിഎയും തുടർഭരണം നേടിയത് കോൺഗ്രസിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്.
സംസ്ഥാനത്ത് നേതൃനിരയിൽ മാറ്റം വരുത്തി അടുത്ത തിരഞ്ഞെടുപ്പിലേക്ക് ഒരുങ്ങുകയാണ് കോൺഗ്രസ്. ശശി തരൂർ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുന്നതിനോട് കോൺഗ്രസ് നേതൃനിരയിലെ പലർക്കും താൽപര്യമില്ല. ഇത്തരമൊരു അവസരം ലഭിച്ചാൽ എന്ത് ചെയ്യും എന്ന ചോദ്യത്തോട് ശശി തരൂർ പ്രതികരിച്ചിരിക്കുകയാണ് 24 ന്യൂസിനോട്.

ശശി തരൂരിന്റെ വാക്കുകൾ ഇങ്ങനെ: മുഖ്യമന്ത്രിയാകാന്‍ അവസരം കിട്ടിയാല്‍ ആ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറാണ്. തന്റെ അഭിപ്രായത്തില്‍ പല കാര്യങ്ങളും ചെയ്യാനുണ്ട്. എന്തായാലും രാഷ്ട്രീയത്തില്‍ വന്നു. പാര്‍ലമെന്റില്‍ നമ്മള്‍ പ്രതിപക്ഷത്തിരിക്കുമ്പോള്‍ പറയുന്നത് ഭരിക്കുന്നവര്‍ കേള്‍ക്കുന്നില്ല എന്നതൊരു സത്യമാണ്. നമ്മള്‍ പറയുന്ന അഭിപ്രായത്തില്‍ അവര്‍ക്ക് താല്‍പര്യം കാണിക്കേണ്ട കാര്യമില്ല.

കേരളത്തില്‍ ജനങ്ങള്‍ക്ക് ഇടയില്‍ ഇറങ്ങി അവര്‍ക്ക് വേണ്ടി എന്താണ് ചെയ്യേണ്ടത് എന്ന് തീരുമാനിക്കാനും കേരളത്തെ നന്നാക്കാനും ഒരു അവസരം കിട്ടിയാല്‍ ഒരിക്കലും താന്‍ അതില്‍ നിന്ന് ഓടിപ്പോകില്ല. അങ്ങനെ ഒരു അവസരം ചാടിപ്പിടിക്കും. പക്ഷേ ഈ അവസരം ജനങ്ങള്‍ തരുന്നത് മാത്രമല്ല പാര്‍ട്ടി കൂടി തീരുമാനിക്കേണ്ടത്.

ജനങ്ങള്‍ തീരുമാനിക്കുന്നത് എന്നുളളത് രാഷ്ട്രീയ സങ്കല്‍പ്പത്തില്‍ നല്ല കാര്യമാണ്. അതിനൊപ്പം ആ രാഷ്ട്രീയ സങ്കല്‍പ്പത്തെ യാഥാര്‍ത്ഥ്യമാക്കാന്‍ ഒരു വാഹനവും വേണമല്ലോ. ആ വാഹനമാണ് ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ സംഘടന. അതിനൊപ്പം നമ്മള്‍ പ്രവര്‍ത്തിക്കണം. ആ സംഘടനയുടെ അകത്ത് ആര്‍ക്കാണെന്ന് നോക്കും. സ്വാഭാവികമായും തങ്ങള്‍ ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാറില്ല.

പാര്‍ട്ടിക്ക് വേണ്ടി ഇറങ്ങി പ്രവര്‍ത്തിക്കാന്‍ തയ്യാറാണ്. പാര്‍ലമെന്റില്‍ ആര് പ്രതിപക്ഷ നേതാവാകണം എന്നത് തീരുമാനിക്കുന്നത് തിരഞ്ഞെടുപ്പിലൂടെയല്ല. അത് പാര്‍ട്ടിയാണ് തീരുമാനിക്കുന്നത്. നമ്മുടെ സിസ്റ്റം അങ്ങനെയാണ്. അപ്പോള്‍ നമ്മുക്ക് മോദിക്കെതിരെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകണം എന്ന് ആഗ്രഹിക്കുന്നതില്‍ ഒരര്‍ത്ഥവും ഇല്ല.

മോദിയെ എതിര്‍ക്കാന്‍ തനിക്ക് പല വേദികളും ഉണ്ട്. തന്റെ പുസ്തകങ്ങളും പ്രഭാഷണങ്ങളും ഉണ്ട്, ടിവിയില്‍ അഭിമുഖം കൊടുക്കാം. പക്ഷേ ലോക്‌സഭയില്‍ എതിര്‍ക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട് വന്നതിന് ശേഷം തനിക്ക് ഉണ്ടായിട്ടില്ല. താന്‍ സ്വയം സംസാരിച്ചിട്ട് കിട്ടാന്‍ പോകുന്ന ഒരു അവസരം അല്ല. അങ്ങനെയാണ് നമ്മുടെ സിസ്റ്റം. അതിനെ നമ്മള്‍ ബഹുമാനിക്കണം. അത് പ്രകാരം നമ്മള്‍ പ്രവര്‍ത്തിക്കണം.

കാനഡയില്‍ ഇമ്മാനുവല്‍ മാക്രോണ്‍ സ്വന്തം പാര്‍ട്ടി സ്ഥാപിച്ച് ഒരു വര്‍ഷത്തിന് ശേഷം പ്രധാനമന്ത്രിയായി. നമ്മുടെ രാജ്യത്ത് അത് സാധിക്കാത്ത കാര്യമാണ്. അമേരിക്കയില്‍ ഒബാമ സെനറ്റര്‍ ആയിട്ടുളള ആദ്യത്തെ അവസരത്തില്‍ തന്നെ പ്രസിഡണ്ടായി . നമ്മുടെ സിസ്റ്റം വേറെയാണ്. പാര്‍ട്ടി നേതാക്കളുടെ തീരുമാനം മാത്രമേ നടക്കൂ. ഇത്ര വലിയ രാജ്യത്ത് ഒരാള്‍ക്ക് ചാടിക്കേറാന്‍ എളുപ്പമല്ല.

കോണ്‍ഗ്രസ് വീണ്ടും ജനകീയ പാര്‍ട്ടി ആകണം എന്നാണ് ആഗ്രഹം. ജനങ്ങളുടെ ആവശ്യങ്ങളും ആശയും പൂര്‍ത്തിയാക്കാന്‍ ഇറങ്ങണം. ഒരു പോസിറ്റീവ് മാനിഫെസ്റ്റോ വേണം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജനങ്ങളുമായി സംവദിച്ചാണ് പ്രകടന പത്രിക തയ്യാറാക്കിയത്. നല്ല ഐഡിയകള്‍ സിപിഎമ്മുകാര്‍ കൂടി എടുത്തു. ഞങ്ങള്‍ക്ക് അവസരം തന്നാല്‍ നിങ്ങളുടെ ജീവിതത്തില്‍ ഈ മാറ്റം വരുമെന്ന് ജനത്തിന് കാണിച്ച് കൊടുക്കണം. കേരളത്തില്‍ നിന്ന് കേരളത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറാണ്'.
'എന്നും ഇങ്ങനെ ഹാപ്പിയായി ഇരിക്കൂ'; സിംഗപ്പൂരില്‍ അടിച്ചുപൊളിച്ച് അഹാനയും കുടുംബവും












Click it and Unblock the Notifications