കെ റെയില്‍ വന്നാല്‍ യുഡിഎഫ് എന്നും പ്രതിപക്ഷത്താവും; കമ്മിഷന്‍ ഇടപാട് ഇടതുപക്ഷത്തിനില്ലെന്ന് ഷംസീര്‍
തിരുവനന്തപുരം: എന്ത് സംഭവിച്ചാലും സംസ്ഥാനത്ത് കെ റെയില്‍ നടപ്പാക്കുമെന്ന് എ എന്‍ ഷംസീര്‍ എം എല്‍ എ. കെ റെയില്‍ നടപ്പാക്കുമെന്ന് ഇടതുപക്ഷം പ്രകടന പത്രികയില്‍ പറഞ്ഞതാണ്. അതിനുള്ള അംഗീകാരമാണ് ജനങ്ങള്‍ ഇടതുപക്ഷത്തിന് നല്‍കിയ ഭൂരിപക്ഷമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നടന്ന അടിയന്തരപ്രമേയ ചര്‍ച്ചയിലായിരുന്നു എ എന്‍ ഷംസീറിന്റെ പരാമര്‍ശം. എന്തിനെയും എതിര്‍ക്കുക എന്ന നിലപാടാണ് കോണ്‍ഗ്രസും ലീഗും സ്വീകരിച്ചു പോരുന്നത്. കമ്മിഷന്‍ ഇടപാട് ഇടതുപക്ഷത്തിനില്ല. നിങ്ങള്‍ക്കാണ് കമ്മിഷന്‍ വാങ്ങി ശീലമുള്ളതെന്നും ഷംസീര്‍ കൂട്ടിച്ചേര്‍ത്തു.
വികസനത്തെ എതിര്‍ക്കുന്നത് കൊണ്ടാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെടുന്നത്. കെ റെയില്‍ വന്നാല്‍ യുഡിഎഫ് എന്നും പ്രതിപക്ഷത്താവും. അടുത്തവര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് പരാജയപ്പെടും. ഇപ്പോള്‍ ബി ജെ പി ഓഫീസില്‍ മോദിയുടെ ചിത്രത്തിനോടൊപ്പം വയ്ക്കുന്നത് കെ സി വേണുഗോപാലിന്റെ ചിത്രമാണെന്നും ഷംസീര്‍ കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷം പ്രതിഷേധ മനോഭാവം മാറ്റിയില്ലെങ്കില്‍ രക്ഷപ്പെടില്ല. ഒരു ഈവന്റ് മാനേജ്‌മെന്റ് ആണ് സമരം. ദേശീയപാത വികസനം, ഉള്‍നാടന്‍ ജലഗാതഗതം, തുടങ്ങിയ എല്ലാ പദ്ധതികളെയും ഇവര്‍ എതിര്‍ക്കുകയാണെന്നും ഷംസീര്‍ കൂട്ടിച്ചേര്‍ത്തു. പരിസ്ഥിതിയെ ഒരു തരത്തിലും പദ്ധതി ബാധിക്കില്ല. കെ റെയില്‍ പദ്ധതിയിലെ പരിസ്ഥിതി നാശത്തെ പ്രതിപക്ഷം പെരുപ്പിച്ചു കാണിക്കുകയാണ്.
മാടായിപ്പാറയ്‌ക്കോ കടലുണ്ടി പക്ഷിസങ്കേതത്തിനോ പൊന്നാനി കോള്‍പ്പാടങ്ങള്‍ക്കോ പദ്ധതി മൂലം നാശം സംഭവിക്കുന്നില്ല. ഏറ്റവും മികച്ച പാക്കേജ് നല്‍കി ജനങ്ങളുടെ പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞും പരിഹരിച്ചുമാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. സര്‍ക്കാര്‍ കൊണ്ടു വരുന്ന എന്തിനേയും ഏതിനേയും എതിര്‍ക്കുക എന്ന നയം നിങ്ങള്‍ അവസാനിപ്പിക്കണം. 2025-ല്‍ സില്‍വര്‍ ലൈന്‍ പൂര്‍ത്തിയായാല്‍ പിന്നെ സ്ഥിരമായി പ്രതിപക്ഷ ബെഞ്ചിലിരിക്കേണ്ടി വരും എന്നാണ് നിങ്ങളുടെ ഭയമെന്നും ഷംസീര്‍ കൂട്ടിച്ചേര്‍ത്തു.
സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കേണ്ടതിന്റെ ആവശ്യകത ശശി തരൂര്‍ എംപി തന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഏഴരമണിക്കൂര്‍ എടുത്താണ് പാണക്കാട് തങ്ങളുടെ വിയോഗമറിഞ്ഞ് അദ്ദേഹത്തിന് അവിടെ എത്താനായത്. പദ്ധതി എന്തുകൊണ്ട് നടപ്പാക്കണമെന്ന് വ്യക്തമായി മനസിലാക്കാന്‍ സാധിക്കാത്തവര്‍ തോമസ് ഐസക്ക് എഴുതി പുസ്തകം വായിച്ചാല്‍ മതിയെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷത്തെ 40 അംഗങ്ങള്‍ക്കും ഇത് സൗജന്യമായി നല്‍കാം. വായിച്ച് മനസ്സിലാക്കണം. സാമ്പത്തികമായ ബാധ്യതയാണ് പ്രതിപക്ഷത്തിന്റെ മറ്റൊരു ആരോപണം. 49 ശതമാനം റെയില്‍വേയും, 51 ശതമാനം കേരളവുമാണ് പണം മുടക്കുന്നത്. ഇതൊരു ജോയിന്റ് വെഞ്ച്വര്‍ കമ്പനിയാണെന്ന് പ്രമേയം അവതരിപ്പിച്ച പി സി വിഷ്ണുനാഥിനും കൃത്യമായി അറിയാവുന്നതാണെന്നും ഷംസീര്‍ പറഞ്ഞു.












Click it and Unblock the Notifications