സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവി ആര്? തീരുമാനം ഇന്നറിയാം, അനില്‍കാന്തിന് കൂടുതല്‍ സാധ്യത
തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഇന്ന് വിരമിക്കുന്ന പശ്ചാത്തലത്തില്‍ പുതിയ പൊലീസ് മേധാവി ആരായിരിക്കുമെന്ന് ഇന്നറിയാം. ഇന്ന് ചേരുന്ന മന്ത്രിസഭ യോഗമാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കുക. സുധേഷ് കുമാര്‍, ബി സന്ധ്യ, അനില്‍കാന്ത് എന്നിവരാണ് യുപിഎസ്സി അംഗീകരിച്ച ചുരുക്കപ്പട്ടിതയിലുള്ളത്.
ഈ മൂന്നംഗ പട്ടികയില്‍ സീനിയോരിറ്റി സുധേഷ് കുമാറിനാണെങ്കില്‍ അദ്ദേഹത്തിനെതിരായ ദാസ്യപ്പണി വിവാദം തിരിച്ചടിയാകുമെന്നാണ് സൂചന. റോഡ് സേഫ്റ്റി കമ്മിഷണറായ അനില്‍ കാന്തിനാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്.

അതേസമയം, പൊലീസ് മേധാവിയായി നിയമിക്കുന്ന ഉദ്യോഗസ്ഥന് രണ്ട് വര്‍ഷം പൂര്‍ത്തിയാക്കാനുള്ള അനുമതി നല്‍കണമെന്നാണ് സുപ്രീം കോടതി വിധി. ഈ അന്തിമപട്ടികയില്‍ രണ്ട് വര്‍ഷം കാലാവധിയുള്ളത് ബി സന്ധ്യയ്ക്ക് മാത്രമാണ്. അടുത്ത ജനുവരി വരെ മാത്രമാണ് അനില്‍ കാന്തിന് കാലാവധിയുള്ളത്. എന്നാല്‍ നിയമനം ലഭിച്ചാല്‍ രണ്ട് വര്‍ഷം തുടരാവുന്നതാണ്.
അതേസമയം, സംസ്ഥാന പൊലീസ് മേധാവിയുടെ കാലാവസ്ധി സംബന്ധിച്ച് പൊതുഭരണ വകുപ്പ് നിയമസെക്രട്ടറിയോട് നിയമോഹദേശം തേടി. കാലയളവ് സംബന്ധിച്ച് സുപ്രീം കോടതി ഉത്തരവ് അടിസ്ഥാനമാക്കി ഉത്തരവിറക്കണമെന്നാണ് ഐപിഎസ് ഉദ്യോഗസ്ഥര്‍ മുന്നോട്ടുവയ്ക്കുന്ന നിലപാട്. പൊലീസ് മേധാവിക്ക് രണ്ട് വര്‍ഷം കാലവധി അനുവദിക്കണമെന്നാണ് ആവശ്യം.
അതേസമയം, സംസ്ഥാന പൊലീസ് മേധാവിയുമായ ലോക്‌നാഥ് ബെഹ്‌റ ഇന്ന് സര്‍വീസില്‍ നിന്ന് വിരമിക്കും. രണ്ട് ഘട്ടങ്ങളിലായി ഏകദേശം അഞ്ച് വര്‍ഷമായി ബെഹ്‌റയാണ് കേരളത്തിന്റെ പൊലീസ് മേധാവി. ഡിജിപി പദവിയിലുള്ള സംസ്ഥാന പോലീസ് മേധാവി, വിജിലന്‍സ് ഡയറക്ടര്‍, ജയില്‍ മേധാവി, ഫയര്‍ഫോഴ്‌സ് മേധാവി എന്നീ നാലു തസ്തികകളിലും ജോലി ചെയ്ത ഏക വ്യക്തിയും അദ്ദേഹമാണ്. ബുധനാഴ്ച രാവിലെ എട്ട് മണിക്ക് പേരൂര്‍ക്കട എസ്.എ.പി മൈതാനത്ത് സംസ്ഥാന പൊലീസ് മേധാവിക്ക് വിടവാങ്ങല്‍ പരേഡ് സംഘടിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications