നിലമ്പൂരില്‍ സിപിഎം എന്തുകൊണ്ടു തോറ്റു? സ്പഷ്ടം ഈ 4 കാര്യങ്ങള്‍, ഇനി സംഭവിക്കുക ഇതാണ്
മലപ്പുറം: പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാം ഭരണത്തില്‍ നടന്ന അഞ്ചാമത്തെ ഉപതിരഞ്ഞെടുപ്പായിരുന്നു നിലമ്പൂരിലേത്. നാലിടത്തും സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്താന്‍ പാര്‍ട്ടികള്‍ക്ക് സാധിച്ചെങ്കിലും നിലമ്പൂരില്‍ കളിമാറി. എല്‍ഡിഎഫിന്റെ സീറ്റ് ആര്യാടന്‍ ഷൗക്കത്തിലൂടെ യുഡിഎഫ് പിടിച്ചെടുത്തു. മികച്ച സ്ഥാനാര്‍ഥിയായി സിപിഎം മുന്നോട്ടുവച്ച എം സ്വരാജിന് പോലും വേണ്ടത്ര തിളങ്ങാന്‍ സാധിച്ചില്ല.
തൃക്കാക്കരയിലും പുതുപ്പള്ളിയിലും ചേലക്കരയിലും പാലക്കാടും കോണ്‍ഗ്രസും സിപിഎമ്മും സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്തുകയായിരുന്നു. അംഗങ്ങളുടെ മരണവും സ്ഥാന ചലനവുമാണ് ഈ മണ്ഡലങ്ങൡ ഉപതിരഞ്ഞെടുപ്പിന് കളമൊരുക്കിയത്. എന്നാല്‍ നിലമ്പൂരില്‍ സര്‍ക്കാരിനെ വെല്ലുവിളിച്ചാണ് കൂടെയുണ്ടായിരുന്ന അന്‍വര്‍ കളമൊഴിഞ്ഞത്. അതുകൊണ്ടുതന്നെ നിലമ്പൂര്‍ തീര്‍ത്തും വ്യത്യസ്തമാണ്. എന്തുകൊണ്ട് സിപിഎം തോറ്റു എന്ന് ചോദിച്ചാല്‍ മറുപടി പറയാന്‍ ഏറെയുണ്ട്...

ഒമ്പതു വര്‍ഷമായ സര്‍ക്കാരിനെതിരെ സ്വാഭാവികമായും ഉയരുന്നതാണ് ഭരണവിരുദ്ധ വികാരം. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിന്റെ വീഴ്ചകള്‍ സര്‍ക്കാരിന് തിരിച്ചടിയായി എന്നതില്‍ സംശയമില്ല. സര്‍ക്കാരില്‍ ആര്‍എസ്എസിന് സ്വാധീനമുണ്ട് എന്ന് ന്യൂനപക്ഷ സംഘടനകള്‍ നിരന്തരം ആരോപിച്ചിരുന്നു.
സര്‍ക്കാരിനെ വെട്ടിലാക്കിയ ഘടകങ്ങള്‍
ആര്‍എസ്എസ് നേതാവുമായുള്ള എഡിജിപി അജിത് കുമാറിന്റെ ചര്‍ച്ച, തൃശൂര്‍ പൂരം കലക്കലില്‍ അജിത് കുമാറിന്റെ സംശയകരമായ സാന്നിധ്യം, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരിലെ ബിജെപിയുടെ വിജയം എന്നിവയെല്ലാം പ്രതിപക്ഷം പ്രധാന വിഷയമാക്കി. പിവി അന്‍വര്‍ എല്‍ഡിഎഫ് വിടുകയും പോലീസിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തതോടെ കൂട്ടില്‍ നിര്‍ത്തപ്പെട്ടത് മുഖ്യമന്ത്രിയെയും അജിത് കുമാറിനെയും തന്നെ.
കോഴിക്കോട്ടെ വ്യവസായിയെ കാണാതയത് ഉള്‍പ്പെടെ ദൂരൂഹമായ സംഭവങ്ങളിലെല്ലാം അജിത് കുമാറിന്റെ സാന്നിധ്യം വിമര്‍ശിക്കപ്പെട്ടു. എന്നാല്‍ കാര്യമായ നടപടി അജിത് കുമാറിനെതിരെ സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല എന്നതും ചര്‍ച്ചയായി. അദ്ദേഹത്തെ ഡിജിപിയാക്കാന്‍ ശ്രമം നടക്കുന്നു എന്ന പ്രചാരണവും സര്‍ക്കാരിന് തിരിച്ചടിയായി. മലപ്പുറത്ത് അധികമായി കേസെടുത്ത് ദുരൂഹത പടര്‍ത്താന്‍ പോലീസിലെ ആര്‍എസ്എസ് അനുകൂലികള്‍ നീക്കം നടത്തുന്നു എന്ന അന്‍വറിന്റെ ആരോപണവും നിലമ്പൂരില്‍ പ്രധാന ചര്‍ച്ചയായി. ഒപ്പം വന്യജീവി ആക്രമണവും.
നവകേരള യാത്രയിലെ വിവാദ 'രക്ഷാപ്രവര്‍ത്തനം', പിപി ദിവ്യയുമായി ബന്ധപ്പെട്ട വിവാദം എന്നിവയും സര്‍ക്കാരിന് കരിനിഴല്‍ വീഴ്ത്തി. നിലമ്പൂരില്‍ ഇടതുപക്ഷത്തിന് തിരിച്ചടിയായ മറ്റൊരു പ്രധാന ഘടകം പിവി അന്‍വറിന്റെ സാന്നിധ്യം തന്നെയാണ്. അന്‍വര്‍ യുഡിഎഫിന്റെ ഭാഗമല്ലാതെ മല്‍സരിച്ചിട്ടും 20000ത്തോളം വോട്ട് നേടി. ഇത് അന്‍വര്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ക്കുള്ള പിന്തുണയായി കണക്കാക്കപ്പെടുന്നു.
യുഡിഎഫിലെ കെട്ടുറപ്പ്
യുഡിഎഫിലെ കെട്ടുറപ്പാണ് നിലമ്പൂരില്‍ കണ്ട മറ്റൊരു പ്രധാന കാര്യം. മുസ്ലിം ലീഗിന്റെ നിസ്സീമമായ സഹകരണം യുഡിഎഫിന് കരുത്ത് വര്‍ധിപ്പിച്ചു. നിലമ്പൂരില്‍ പഴയ തിരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമായ മല്‍സരമാക്കി ഇത് മാറ്റി. ഒറ്റക്കെട്ടായി നിന്നാല്‍ മാത്രമേ അടുത്ത ഭരണം പിടിക്കാന്‍ സാധിക്കൂ എന്ന തോന്നലും യുഡിഎഫ് ക്യാമ്പിലുണ്ട്. വിഡി സതീശനും പികെ കുഞ്ഞാലിക്കുട്ടിയും മുതല്‍ എല്ലാ നേതാക്കളും നിലമ്പൂരില്‍ അണിനിരന്നു.
ആര്‍എസ്എസ്-സിപിഎം ബന്ധം സൂചിപ്പിച്ച് എംവി ഗോവിന്ദന്‍ വോട്ടെടുപ്പിന് തൊട്ടുമുമ്പ് നടത്തിയ പ്രതികരണം യുഡിഎഫിന് കിട്ടിയ പിടിവള്ളിയായി എന്നതില്‍ തര്‍ക്കമില്ല. അന്‍വര്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ ശരിയാണ് എന്ന് അരക്കെട്ടുറപ്പിക്കാന്‍ ഇത് കാരണമായി. സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന ഗോവിന്ദന്റെ പ്രതികരണവും ചര്‍ച്ചായയി. ഗോവിന്ദന് നന്ദി അറിയിച്ച് സോഷ്യല്‍ മീഡിയയില്‍ യുഡിഎഫ് ട്രോളുകള്‍ക്ക് തിരികൊളുത്തിയതും ഇതുകൊണ്ടുതന്നെ.
അന്‍വര്‍ തള്ളിക്കളയാന്‍ പറ്റാത്ത കരുത്തനാണ് എന്ന് നിലമ്പൂര്‍ ഫലം തെളിയിക്കുന്നു. കോണ്‍ഗ്രസില്‍ വിഡി സതീശന്‍ എന്ന തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്റെ കുതിപ്പും ഇവിടെ കാണാം. തുടര്‍ഭരണത്തിലേക്ക് 2026ല്‍ കേരളം പോകില്ല എന്ന സൂചനയും ലഭിക്കുന്നു. ഇത് സിപിഎമ്മിന്റെ മോഹത്തിന് ഭംഗമുണ്ടാക്കിയേക്കാം. യുഡിഎഫ് ക്യാമ്പിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്‌തേക്കാം.












Click it and Unblock the Notifications