സുനന്ദയുടെ മരണത്തില്‍ തരൂരിനെ പൂട്ടാന്‍ അര്‍ണബ് ഇറങ്ങുന്പോള്‍, പിറകിലുണ്ട് ഏഷ്യാനെറ്റ് ന്യൂസ് തലവൻ?

  • By: രശ്മി നരേന്ദ്രന്‍
Subscribe to Oneindia Malayalam

തിരുവനന്തപുരം/ദില്ലി: സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മണത്തിന് ഇപ്പോഴും ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അന്ന് കേന്ദ്ര മന്ത്രിയായിരുന്ന ശശി തരൂര്‍ ഈ കേസില്‍ പലപ്പോഴായി സംശയത്തിന്റെ നിഴലില്‍ ആയിരുന്നു. യുപിഎ സര്‍ക്കാരിന് ശേഷം നരേന്ദ്ര മോദി അധികാരത്തിലെത്തിയപ്പോള്‍ തരൂരിനെതിരെ അന്വേഷണവും ശക്തമായി.

എന്തായാലും സുനന്ദ കേസില്‍ തരൂരിന് പങ്കുണ്ടെന്ന് തെളിയിക്കാവുന്ന വിവരങ്ങളൊന്നും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തിലാണ് അര്‍ണബ് ഗോസ്വാമിയുടെ പുതിയ ചാനല്‍ ആയ റിപ്പബ്ലിക് ടിവി സുനന്ദ കേസുമായി ബന്ധപ്പെട്ട ചില നിര്‍ണായക വിവരങ്ങള്‍ പുറത്ത് വിടുന്നത്.

അര്‍ണബിന്റെ ചാനല്‍ ഇങ്ങനെ ഒരു വാര്‍ത്ത പുറത്ത് വിടുമ്പോള്‍ ചില അണിയറക്കഥകളും പ്രചരിക്കുന്നുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് ചെയര്‍മാനും രാജ്യസഭ എംപിയും ആയ രാജീവ് ചന്ദ്രശേഖറിനെ കുറിച്ചാണത്.

സുനന്ദ പുഷ്‌കര്‍

ശശി തരൂര്‍ സുനന്ദ പുഷ്‌കറിനെ വിവാഹം കഴിച്ചപ്പോള്‍ അത് വലിയ വാര്‍ത്തയായിരുന്നു. കേരളത്തിന്‌റെ ഐപിഎല്‍ ടീം സംബന്ധിച്ച വിവാദങ്ങളിലേ കേന്ദ്ര കഥാപാത്രം ആയിരുന്നു സുനന്ദ പുഷ്‌കര്‍.

ഞെട്ടിപ്പിച്ച സംഭവങ്ങള്‍

ശശി തരൂരും സുനന്ദ പുഷ്‌കറും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ട്വിറ്റര്‍ യുദ്ധത്തിലൂടെയാണ് പുറത്തറിഞ്ഞത്. തരൂരിനേയും പാക് മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറിനേയും ചേര്‍ത്തുള്ള ആരോപണങ്ങള്‍ ആയിരുന്നു സുനന്ദ ട്വിറ്ററിലൂടെ ഉന്നയിച്ചത്.

ഞെട്ടിപ്പിച്ച മരണം

അങ്ങനെയിരിക്കെയാണ് സുനന്ദ പുഷ്‌കര്‍ മരിക്കുന്നത്. ദില്ലിയിലെ ലീല പാലസ് ഹോട്ടലിലെ 345 -ാം മുറിയില്‍ ആയിരുന്നു സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 2014 ജനുവരി 17 നായിരുന്നു ഇത്. ട്വിറ്റര്‍ വിവാദം ഉണ്ടായി രണ്ട് ദിവസങ്ങള്‍ക്ക് ശേഷം.

ദുരൂഹതകള്‍ ഏറെ

സുനനന്ദയുടെ മരണം സംബന്ധിച്ച് ദുരൂഹതകള്‍ ഏറെയാണ്. ശരീരത്തിലെ പാടുകളും കഴിച്ച മരുന്നുകളും വന്ന ടെലിഫോണ്‍ കോളുകളും എല്ലാം സംശയങ്ങള്‍ ജനിപ്പിക്കുന്നതായിരുന്നു. അന്ന് തന്നെ തരൂരിനെ പലരും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയിരുന്നു.

ഇപ്പോഴിതാ വീണ്ടും

മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം സുനന്ദ കേസ് വീണ്ടും ചര്‍ച്ചയാക്കിയിരിക്കുന്നത് അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിയാണ്. നിര്‍ണായകമായ ചില ടെലിഫോണ്‍ സംഭാഷണങ്ങളാണ് അവര്‍ പുറത്ത് വിട്ടിട്ടുള്ളത്.

ഏത് മുറിയില്‍ മരിച്ചു?

സുനന്ദ പുഷ്‌കറിന്റെ മൃതദേഹം കണ്ടെത്തിയത് 345-ാം മുറിയില്‍ നിന്നായിരുന്നു എന്നാണ് പറയുന്നത്. എന്നാല്‍ അത 307-ാം നമ്പര്‍ മുറിയില്‍ ആയിരുന്നോ എന്ന് സംശയം ജനിപ്പിക്കുന്ന ടെലിഫോണ്‍ സംഭാഷണങ്ങളാണ് ചാനല്‍ പുറത്ത് വിട്ടിട്ടുള്ളത്.

അര്‍ണബിന് പിന്നില്‍...

അര്‍ണബ് ഗോസ്വാമിയ്‌ക്കെതിരെ ഈ വിഷയത്തില്‍ ശശി തരൂര്‍ ശക്തമായി രംഗത്ത് വന്നുകഴിഞ്ഞു. ആരോപണങ്ങള്‍ കോടതിയില്‍ തെളിയിക്കാന്‍ വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ വെറും ഒരു വാര്‍ത്തയ്ക്കപ്പുറം ഈ സംഭവത്തിന് പിന്നില്‍ ചില രാഷ്ട്രീയ താത്പര്യങ്ങളും ഉണ്ടെന്നാണ് സൂചനകള്‍.

രാജീവ് ചന്ദ്രശേഖര്‍ എന്ന ഏഷ്യാനെറ്റ് ചെയര്‍മാര്‍

ഏഷ്യാനെറ്റ് ന്യൂസ് ചെയര്‍മാനും എംപിയും ആയ രാജീവ് ചന്ദ്രശേഖറും റിപ്പബ്ലിക് ടിവിയുടെ സഹ ഉടമയാണ്. രാജീവ് ചന്ദ്രശേഖര്‍ നിലവില്‍ കേരളത്തിലെ എന്‍ഡിഎയട വൈസ് ചെയര്‍മാനും കൂടിയാണ്.

തിരുവനന്തപുരം ലക്ഷ്യമിട്ട്...

അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ മത്സരിക്കാന്‍ രാജീവ് ചന്ദ്രശേഖര്‍ താത്പര്യപ്പെടുന്നു എന്നാണ് സൂചനകള്‍. എംപി എന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ശശി തരൂര്‍ തന്നെ ആയിരിക്കും അടുത്ത തവണയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.

രാഷ്ട്രീയമായി ഉപയോഗിക്കാന്‍

സുനന്ദ കേസില്‍ ശശി തരൂര്‍ വീണ്ടും അന്വേഷണം നേരിടേണ്ടി വരികയോ പ്രതിചേര്‍ക്കപ്പെടുകയോ ചെയ്താല്‍ തിരുവനന്തപുരം മണ്ഡലത്തില്‍ ബിജെപിയ്ക്ക് പ്രതീക്ഷയ്ക്ക് വകയുണ്ട്. ഇപ്പോള്‍ ഇങ്ങനെ ഒരു വാര്‍ത്ത പുറത്ത് വിട്ടതിന് പിന്നില്‍ അത്തരം ചില ലക്ഷ്യങ്ങളും ഉണ്ടാകാം എന്നാണ് പലരും വിലയിരുത്തുന്നത്.

അര്‍ണബിന് ചീത്തവിളി

അര്‍ണബ് ഗോസ്വാമിയ്‌ക്കെതിരെ രൂക്ഷമായ ഭാഷയില്‍ ആണ് ശശി തരൂര്‍ പ്രതികരിച്ചത്. ധാര്‍മികതയില്ലാത്ത, ജേര്‍ണലിസ്റ്റ് എന്ന് അവകാശപ്പെടുന്ന ആള്‍ എന്നാണ് അര്‍ണബിനെ ശശി തരൂര്‍ വിശേഷിപ്പിച്ചിട്ടുള്ളത്.

കേരളത്തിലെ മാധ്യമങ്ങള്‍

റിപ്പബ്ലിക് ടിവി പുറത്ത് വിട്ട വിവരങ്ങള്‍ കേരളത്തിലെ മാധ്യമങ്ങള്‍ വലിയ രീതിയില്‍ ഏറ്റെടുത്തിരുന്നില്ല എന്നതാണ് സത്യം. രാജീവ് ചന്ദ്രശേഖറിന്റെ ഏഷ്യാനെറ്റ് ന്യൂസും ഇക്കാര്യത്തില്‍ മിതത്വം കാണിച്ചു. എന്നാല്‍ തരൂരിന്റെ പ്രതികണത്തിന് കേരളത്തിലെ മാധ്യമങ്ങള്‍ പ്രാതിനിധ്യം നല്‍കുകയം ചെയ്തിട്ടുണ്ട്.

ബിജെപിയുടെ ലക്ഷ്യം

അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തില്‍ പ്രതീക്ഷിക്കുന്ന സീറ്റുകളില്‍ ഒന്നാണ് തിരുവനന്തപുരം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒ രാജഗോപാല്‍ ഇവിടെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. അടുത്ത തിരഞ്ഞെടുപ്പില്‍ സിനിമ താരവം രാജ്യസഭ എംപിയും ആയ സുരേഷ് ഗോപിയെ തിരുവനന്തപുരത്ത് മത്സരിപ്പിക്കണം എന്ന ആവശ്യവം ബിജെപിയുടെ ഉള്ളില്‍ നിന്ന് ഉയരുന്നുണ്ട്.

English summary
Why Sunanda Pushkar Case is more political now? Why Republic TV?
Please Wait while comments are loading...