തെരഞ്ഞെടുപ്പിൽ രണ്ടോ മൂന്നോ സീറ്റിൽ മത്സരിക്കും, ചോദിക്കാൻ നിങ്ങൾക്കെന്ത് അവകാശം';മാധ്യമങ്ങളോട് സുരേന്ദ്രൻ
ലോക്സഭ തെരഞ്ഞെടുപ്പിൽ താൻ എത്ര സീറ്റിൽ മത്സരിക്കുമെന്നത് സംബന്ധിച്ച് മാധ്യമങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. താൻ ഇത്തവണ മൂന്ന് സീറ്റുകളിൽ വേണമെങ്കിൽ മത്സരിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.
കഴിഞ്ഞ തവണ ലോക്സഭ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തും കോന്നിയിലും കെ സുരേന്ദ്രൻ മത്സരിച്ചിരുന്നു. പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ എതിർപ്പ് പരിഗണിക്കാതെയായിരുന്നു ഇത്. എന്നാൽ രണ്ട് മണ്ഡലങ്ങളിലും വലിയ പരാജയമാണ് സുരേന്ദ്രന് നേരിടേണ്ടി വന്നത്. ഈ സാഹചര്യത്തിലായിരുന്നു ഇത്തവണ എത്ര മണ്ഡലത്തിൽ സുരേന്ദ്രൻ മത്സരിക്കുമെന്ന ചോദ്യം മാധ്യമങ്ങൾ ഉയർത്തിയത്.

അതിനിടെ ലോക്സഭ തിരഞ്ഞെടുപ്പിൽ എത്ര സീറ്റുകളിൽ ബിജെപി വിജയിക്കുമെന്ന് മാധ്യമങ്ങൾ ചോദിച്ചപ്പോൾ തിരഞ്ഞെടുപ്പ് ആകുന്നതല്ലേ ഉള്ളൂവെന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. കേരളത്തിൽ എത്ര സീറ്റ് കിട്ടുമെന്നൊക്കെ ഇപ്പോഴേ പറയേണ്ടതില്ലല്ലോ. തിരഞ്ഞെടുപ്പ് വരാൻ പോകുകയാണ്. 20 സീറ്റിലും ഞങ്ങൾ മത്സരിക്കും', സുരേന്ദ്രൻ പറഞ്ഞു.
പത്രസമ്മേളനത്തിനിടെ ഡിവൈഎഫ്ഐയ്ക്കെതിരേയും സുരേന്ദ്രൻ വിമർശനം ഉയർത്തി. തീറ്റമത്സരവും കമ്പ മത്സരവും മാത്രമാണ് ഡിവൈഎഫ്ഐ നടത്തുന്നതെന്നായിരുന്നു സുരേന്ദ്രന്റെ പരിഹാസം. ബിജെപിയുടെ യുവം പരിപാടിക്ക് ബദലായി ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ യുവാക്കളെ പങ്കെടുപ്പിച്ച് പരിപാടി നടത്തുമെന്ന വാർത്തകളോടായിരുന്നു സുരേന്ദ്രന്റെ വിമർശനം.
'ഡിവൈഎഫ്ഐ യുവം പരിപാടിക്കെതിരെ മറ്റെന്തോ പരിപാടി നടത്താൻ പോകുന്നുണ്ടെന്നാണ് കേട്ടത്. ചെയ്യേണ്ടത് പിണറായി വിജയനെ കണ്ട് കേരളത്തിൽ അഴിമതി, നിയമന നിരോധനം, പിൻവാതിൽ നിയമനം, കരാർ നിയമനം ഇതിനെ കുറിച്ച് എന്തെങ്കിലും പറയാൻ തയ്യാറാവട്ടെ. അവർക്ക് അതിനൊക്കെ മുട്ട് വിറക്കും. ആകെ ഡിവൈഎഫ്ഐ ചെയ്യുന്നത് കുറേ സ്ഥലത്ത് ചോറ് കൊടുക്കുകയാണ്, പിന്നെ തീറ്റ മത്സരവും. കമ്പവലി തീറ്റമത്സരം എന്നിവയൊക്കെയാണ് ഡിവൈഎഫ്ഐയുടെ സാമൂഹിക പ്രവർത്തനം.ഇത്രയും നിലവാരത്തകർച്ചയിലേക്ക് നമ്മുടെ സമൂഹത്തെ കൊണ്ടുപോകണോ എന്നാണ് ഞങ്ങൾ ചോദിക്കുന്നത്', സുരേന്ദ്രൻ റഞ്ഞു.
യുവം' പരിപാടിയിലേക്ക് യുവജന സംഘടനകളെ ക്ഷണിക്കുന്നില്ല. പക്ഷേ, വിവിധ യുവജന സംഘടനകളിൽപ്പെട്ട യുവാക്കളെ ക്ഷണിക്കുന്നുണ്ട്. കാരണം, ഇത്രയും നെഗറ്റീവ് പ്രചരണം നടത്തുന്ന ആളുകളെ എന്തിനാണ് അതിനകത്തേക്ക് ക്ഷണിക്കുന്നത്', സുരേന്ദ്രൻ ചോദിച്ചു.
പന്ന്യൻ രവീന്ദ്രന്റെ മകൻ മാത്രമല്ല പല ഡിവൈഎഫ്ഐക്കാരും വന്ദേഭാരതിനെ അനുകൂലിച്ച് പ്രതികരിക്കുന്നുണ്ട്. വന്ദേഭാരതിൽ എല്ലാം നേതാക്കൾക്കാണ് ഭയം. സാധാരണക്കാരായ അണികളെ സംബന്ധിച്ച് മോദിയുടെ ഭരണമാണ് നല്ലത് എന്ന ധാരണയുണ്ട്', സുരേന്ദ്രൻ പറഞ്ഞു.












Click it and Unblock the Notifications