കേരള കോൺഗ്രസ് (എം) നോമിനി തൃക്കാക്കരയിൽ ഇടത് സ്ഥാനാർത്ഥി? ചരടുവലി സജീവം
എറണാകുളം; സി പി എം സംസ്ഥാന സമ്മേളനം കഴിയുന്നതിന് പിന്നാലെ തൃക്കാക്കരയിലെ സ്ഥാനാർത്ഥി ചർച്ചകൾ സജീവമാക്കാൻ ഒരുങ്ങുകയാണ് പാർട്ടി നേതൃത്വം. കോൺഗ്രസിന്റെ കുത്തക സീറ്റായ തൃക്കാക്കരയിൽ അനുകൂലമായ സാഹചര്യമാണ് ഉള്ളതെന്നും മികച്ച സ്ഥാനാർത്ഥിയെ മത്സരിപ്പിച്ചാൽ അട്ടിമറി ഉണ്ടാക്കാനാകുമെന്നും നേതൃത്വം കരുതുന്നുണ്ട്. അതിനിടെ ഇടതുസ്ഥാനാർത്ഥിയായി കേരള കോൺഗ്രസ് ( എം) നോമിനിയെ രംഗത്തിറക്കാനുള്ള ചരടുവലികൾ അണിയറയിൽ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

പിടി തോമസിന്റെ മരണത്തോടെ ഒഴിവ് വന്ന തൃക്കാക്കരയിൽ ഏത് നിമിഷവും തിരഞ്ഞെടുപ്പ് കമ്മീഷൻ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കും. എത്രയും പെട്ടെന്ന് സ്ഥാനാർത്ഥിയെ കണ്ടെത്തി പ്രചരണം ശക്തമാക്കാനാണ് സി പി എം ആലോചന. പിടി തോമസിന്റെ വ്യക്തി പ്രഭാവം കൊണ്ട് മാത്രമാണ് ഇത്തവണ യു ഡി എഫിനൊപ്പം മണ്ഡലം നിന്നത് എന്നാണ് സി പി എം വിലയിരുത്തൽ. ഈ സാഹചര്യത്തിൽ മികച്ച സ്ഥാനാർത്ഥിയെ ഇറക്കി മണ്ഡലം പിടിക്കാനുള്ള നിക്കത്തിലാണ് നേതൃത്വം.

കത്തോലിക്ക സഭയുടെ പിന്തുണയോടെ സിറോ മലബാർ സഭയുടെ വനിതാ അത്മായ നേതാവിനെ ഇടതുപക്ഷ സ്വതന്ത്രയാക്കി മത്സരിക്കാനുള്ള ചരടുവലിയാണ് കേരള കോൺഗ്രസ് നടത്തുന്നതെന്ന് മംഗളം റിപ്പോർട്ട് ചെയ്യുന്നു. തൃക്കാക്കര ഭാരത് മാതാ കോളേജിലെ മുൻ അധ്യാപികയാണിവർ സാമൂഹിക, സർക്കാർ മേഖലകളിൽ പ്രവർത്തിക്കുന്ന ഇവരെ മത്സരത്തിനിറക്കിയാൽ സഭയുടെ ഔദ്യോഗിക പിന്തുണ ഉണ്ടാകുമെന്നാണ് കേരള കോൺഗ്രസ് വിലയിരുത്തുന്നത്.

മണ്ഡലത്തിൽ പിടിയുടെ ഭാര്യ ഉമ തോമസിനെ രംഗത്തിറക്കായാൽ മത്സരം കടുപ്പിക്കാൻ അധ്യാപികയ്ക്ക് സാധിക്കുമെന്നും കേരള കോൺഗ്രസ് കരുതുന്നു. എന്നാൽ ഇടതു സ്വതന്ത്ര എന്ന പേരിലാണെങ്കിലും തങ്ങളുടെ സീറ്റ് കേരള കോൺഗ്രസ് എമ്മിന് പാർട്ടി വിട്ടുകൊടുക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. ഇക്കുറി സ്വതന്ത്ര സ്ഥാനാർത്ഥികൾ വേണ്ടെന്ന അഭിപ്രായം പാർട്ടിയിൽ ഉണ്ട്. യുവാക്കളുടെ പേരുകൾ പരിഗണിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
Recommended Video

അങ്ങനെയെങ്കിൽ മുന്‍ തൃപ്പൂണിത്തുറ എംഎല്‍എ എം സ്വരാജ്, കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ എം അനില്‍കുമാര്‍ എന്നിവരുടെ പേരുകൾ സജീവമായി പരിഗണിച്ചേക്കും. ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറയിൽ പരാജയപ്പെട്ട സ്വരാജിനെ തൃക്കാക്കര സീറ്റിലൂടെ നിയമസഭയിലെത്തിക്കണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ താത്പര്യം.എന്നാൽ കോൺഗ്രസ് കോട്ടയിൽ പ്രത്യേകിച്ച് ഒരു നഗരകേന്ദ്രീകൃത മണ്ഡലത്തിൽ സ്വരാജിനെ മത്സരിപ്പിക്കാനുള്ള നീക്കത്തിന് സി പി എം തയ്യാറാകുമോ എന്നതാണ് ഉയരുന്ന ചോദ്യം. എന്നാൽ സംസ്ഥന നേതൃത്വത്തിന്റെ നിർദ്ദേശങ്ങൾക്കാകും മണ്ഡലത്തിൽ മുൻഗണന ലഭിച്ചേക്കുക.

അതേസമയം കോൺഗ്രസ് ക്യാമ്പിലും സ്ഥാനാർത്ഥി ചർച്ചകൾ സജീവമാണ്. നിരവധി നേതാക്കളുടെ പേരുകൾ ഉയർന്ന് വരുന്നുണ്ട്. എ ഗ്രൂപ്പിന്റെ കൈയ്യിലുള്ള സീറ്റാണ് തൃക്കാക്കര. അതുകൊണ്ട് തന്നെ ഡൊമനിക് പ്രസന്‌റേഷൻ, ടോണി ചിമ്മിണി എന്നിവർ മത്സരത്തിന് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
എന്നാൽ പി ടിയുടെ ഭാര്യ ഉമാ തോമസിന്റെ പേരിനാണ് മണ്ഡലത്തിൽ മുൻഗണന എന്നാണ് റിപ്പോർട്ടുകൾ. അതേസമയം പിടിക്ക് ശേഷം ഒരു തിരഞ്ഞെടുപ്പ് എന്ന കാര്യം ആലോചിക്കാൻ പോലും തോന്നുന്നില്ലെന്നായിരുന്നു മുൻപ് സ്ഥാനാർത്ഥിത്വ വാർത്തകളോട് അവർ പ്രതികരിച്ചത്. എന്നാൽ പാർട്ടിയിൽ നിന്ന് സമ്മർദ്ദം ശക്തമായാൽ ഉമ മത്സരിക്കാനുള്ള സാധ്യത ഉണ്ടെന്നാണ് വിലയിരുത്തലുകൾ. എം സ്വരാജിനെ സി പി എം മത്സരിപ്പിച്ചാൽ മുൻ തൃത്താല എം എൽ എയായ വി ടി ബൽറാമിനെ തൃക്കാക്കരയിൽ മത്സരിപ്പിക്കണമെന്ന ആവശ്യവും കോൺഗ്രസ് സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ ഉയരുന്നുണ്ട്.












Click it and Unblock the Notifications