ചോരവീണാലും പള്ളിത്തര്‍ക്കത്തിലേക്കില്ല:കോടതി
കൊച്ചി: യാക്കോബായ, ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കത്തിലുള്ള കോലഞ്ചേരി പള്ളിയുടെ കാര്യത്തില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി. പള്ളിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ അനുരഞ്ജന ചര്‍ച്ചകളിലൂടെ തീര്‍ക്കണം എന്നും കോടതി നിര്‍ദ്ദേശിച്ചു.
കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ ഉടമസ്ഥത സംബന്ധിച്ചാണ് തര്‍ക്കം. കോടതി വിധിച്ചിട്ടും തങ്ങളെ പള്ളിയില്‍ കയറാനും പ്രാര്‍ത്ഥിക്കാനും യാക്കോബായ വിഭാഗം സമ്മതിക്കുന്നില്ലെന്നാരോപിച്ച് ഓര്‍ത്തഡോക്‌സ് വിഭഗം നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

വര്‍ഷങ്ങളായി നില നില്‍ക്കുന്നതാണ് പള്ളിയുടെ ഉടമസ്ഥത സംബന്ധിച്ച തര്‍ക്കം. പലപ്പോഴും അക്രമ സംഭവങ്ങളിലേക്ക് വരെ പള്ളിപ്രശ്നം നീണ്ടിരുന്നു. ഇനി വലിയ രക്തച്ചൊരിച്ചില്‍ ഉണ്ടായാല്‍ പോലും പള്ളിയുടെ കാര്യത്തില്‍ കോടതി ഇടപെടില്ലെന്നാണ് ഹൈ കോടതി ഇപ്പോള്‍ വ്യക്തമാക്കുന്നത്.
അധികാരവും പണവും ഉള്ള പള്ളികളില്‍ മാത്രമാണ് തര്‍ക്കം ഉണ്ടാകുന്നതെന്ന് കോടതി നിരീക്ഷിച്ചു. മതങ്ങളുടെ അടിസ്ഥാനം സ്‌നേഹമാണ്. എന്നാല്‍ ഈ തര്‍ക്കത്തില്‍ സ്‌നേഹമില്ലെന്നും കോടതി നിരീക്ഷിക്കുന്നു.
കോടതി വ്യവഹാരത്തിലൂടെ പ്രശ്‌നം പരിഹരിക്കാനാകില്ലെന്നും സമവായ ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കണം എന്നും കോടതി നിര്‍ദ്ദേശിച്ചു. ചര്‍ച്ചകള്‍ക്കായി ഹര്‍ജി മീഡിയേഷന്‍ സെന്ററിന് വിട്ടു. അടുത്ത ആഴ്ച നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാനും ഇരുപക്ഷങ്ങളോടും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പള്ളിയുടെ താക്കോലിന് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അര്‍ഹതയുണ്ടെന്ന് കാണിച്ച് മുമ്പ് ജില്ലാ കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പിന്നീട് ഇക്കാര്യം ഹൈക്കോടതിയും ശരിവച്ചിരുന്നു.












Click it and Unblock the Notifications