തൃക്കാക്കരയിൽ തോറ്റാൽ സിൽവർ ലൈൻ ഉപേക്ഷിക്കാനുള്ള നട്ടെല്ലുണ്ടോ: മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് സുധാകരൻ
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കുമോ എന്ന് ചോദിച്ച് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്റെ വെല്ലുവിളി. മുഖ്യമന്ത്രി പിണറായി വിജയനെയാണ് കെ സുധാകരന്‍ വെല്ലുവിളിച്ചത്. തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കാനുള്ള നട്ടെല്ല് കേരള മുഖ്യമന്ത്രി കാണിക്കുമോ എന്ന് കെ സുധാകരന്‍ ചോദിച്ചു. തന്റെ വെല്ലുവിളി ഏറ്റെടുക്കാന്‍ കേരള മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ടെന്നും സുധാകരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കെ വി തോമസ് വിഷയം തിരഞ്ഞെടുപ്പില്‍ പ്രതിഫലിപ്പിക്കില്ലെന്നാണ് സുധാകരന്‍ മുന്നോട്ടുവയ്ക്കുന്ന വാദം. കെ വി തോമസ് ക്ലോസ്ഡ് ചാപ്റ്ററാണെന്നും കെ സുധാകരന്‍ പറഞ്ഞു. പ്രചാരണത്തിന് തോമസ് ഇറങ്ങിയാലും ഒന്നും സംഭവിക്കില്ലെന്നും അഞ്ച് വോട്ട് പിടിക്കാന്‍ പോലും അദ്ദേഹത്തിനാവില്ലെന്ന് കെ സുദാകരന്‍ പരിഹസിച്ചു. തൃക്കാക്കരയില്‍ സി പി എം സ്ഥാനാര്‍ത്ഥി നിര്‍ണയത്തെയും സുധാകരന്‍ പരിഹസിച്ചു.

സി പി എം ഒരു സജീവ പ്രവര്‍ത്തകനെയല്ലേ നിര്‍ത്തേണ്ടിയിരുന്നതെന്ന് അദ്ദേഹം ചോദിച്ചു. എന്തുകൊണ്ടാണ് വീണ്ടും ഒരു ഡോക്ടറെ നിര്‍ത്തിയത്? ഇക്കാര്യത്തില്‍ സി പി എമ്മിനുള്ളില്‍ തന്നെ കടുത്ത അമര്‍ഷമുണ്ടെന്നും സുധാകരന്‍ വ്യക്തമാക്കി.
അതേസമയം, അഭിപ്രായ വ്യത്യാസങ്ങളില്ലാതെ ഐക്യത്തോടെ സമയബന്ധിതമായി തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ യു.ഡി.എഫിന് സാധിച്ചെന്നും കെ സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പൊതുസമ്മതനായ സ്ഥാനാര്‍ഥിയെ കണ്ടെത്താനും മത്സരിപ്പിക്കാനും അടുത്ത കാലത്തൊന്നും കെ പി സി സിക്ക് സാധിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ഇതൊരു ചരിത്ര സംഭവമാണ്.
തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന് 24 മണിക്കൂറിനുള്ളില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്ന് വാക്ക് കോണ്‍ഗ്രസ് പാലിച്ചിട്ടുണ്ട്. യു ഡി എഫ് വിജയിക്കുന്ന മണ്ഡലമാണ് തൃക്കാക്കര. ജനാധിപത്യ മതേതര ശക്തികളുടെ മണ്ഡലമായ തൃക്കാക്കരയുടെ രാഷ്ട്രീയം എന്നും കോണ്‍ഗ്രസിന്റെ രാഷ്ട്രീയമാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ രണ്ടു കൈയ്യും നീട്ടി സ്വീകരിച്ച മണ്ഡലമാണ് തൃക്കാക്കര. അതുകൊണ്ടു തന്നെ വിജയം ഉറപ്പാണ്. വിജയത്തിന് ഇടങ്കോലിടുന്ന ഒരു ശക്തികളും യു.ഡി.എഫിലില്ല. അതുകൊണ്ടു തന്നെ വിജയം സുനിശ്ചിതമാണ്.
ചര്‍ച്ച നടക്കുന്നുണ്ട് എന്നു പറയുമ്പോള്‍ കലാപത്തിന്റെ ചര്‍ച്ചയാണ് സി.പി.എമ്മില്‍ നടക്കുന്നത്. എല്‍.ഡി.എഫിന്റെ അശക്തിയും യു.ഡി.എഫിന്റെ ശക്തിയും വിജയം സുനിശ്ചിതമാക്കും. നട്ടെല്ലുണ്ടെങ്കില്‍ വികസനത്തെ കുറിച്ച് തുറന്ന ചര്‍ച്ചയ്ക്ക് സി.പി.എം തയാറുണ്ടോ?
ഇതിനിടെ, സി പി എമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തി. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലേത് വികസന വാദികളും വികസന വിരുദ്ധരും തമ്മിലുള്ള തര്‍ക്കമാണെന്ന് വിഡി സതീശന്‍ വ്യക്തമാക്കി. വികസനം ചര്‍ച്ചയാക്കാനുള്ള അജണ്ടയെ സ്വാഗതം ചെയ്യുന്നു. അപ്പോള്‍ ഞങ്ങള്‍ക്ക് എറണാകുളം ജില്ലയുടെ വികസന ചരിത്രം പറയേണ്ടി വരും. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം യു.ഡി.എഫ് കാലത്ത് കെ. കരുണാകരന്‍ കൊണ്ടുവന്നതാണ്. ഈ വിമാനം ഞങ്ങളുടെ നെഞ്ചത്ത് കൂടി മാത്രമെ ഇറക്കാന്‍ പറ്റൂവെന്നാണ് അന്നത്തെ സി.പി.എം നേതാക്കള്‍ പ്രസംഗിച്ചത്.
കലൂര്‍ ഇന്റര്‍ നാഷണല്‍ സ്റ്റേഡിയം കെ കരുണാകരന്‍ കൊണ്ടുവന്നതാണ്. എന്തിനാണ് കണ്ണായ സ്ഥലത്ത് കളിക്കളമെന്നാണ് സി.പി.എം ചോദിച്ചത്. ഗോശ്രീ വികസന പദ്ധതി കൊണ്ടുവന്നതും കെ കരുണാകരനാണ്. അന്ന് അതിനെതിരെ ഹൈക്കോടതിയില്‍ കേസ് കൊടുത്തത് സി.പി.എമ്മുകാരാണ്. ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് ഗെയില്‍ പൈപ്പ് ലൈന്‍ വലിച്ചെങ്കിലും അത് പൂര്‍ത്തിയാക്കിയത് ഞങ്ങളാണെന്നാണ് മുഖ്യമന്ത്രി അവകാശവാദമുന്നയിക്കുന്നത്. ഗെയില്‍ പൈപ്പ് ലൈന്‍ ഭൂമിക്കടിയില്‍ ഒളിപ്പിച്ചു വച്ച ബോംബാണെന്ന് പ്രസംഗിച്ചയാള്‍ ഇന്ന് പിണറായി മന്ത്രിസഭയിലെ മന്ത്രിയാണ്. സില്‍വര്‍ ലൈന്‍ കൊണ്ടുവന്ന് തൃക്കാക്കരയെ രക്ഷപ്പെടുത്തുമെന്നാണ് പറയുന്നത്. തൃക്കാക്കരയിലൂടെ സില്‍വര്‍ ലൈനൊന്നും പോകുന്നില്ല. കുന്നത്ത് നാട് മണ്ഡലത്തിലൂടെയാണ് സില്‍വര്‍ ലൈന്‍ പോകുന്നതെന്ന് വി ഡി സതീശന്‍ വ്യക്തമാക്കി.












Click it and Unblock the Notifications