തൃശൂരില്‍ പ്രതാപന് പകരം വിഎം സുധീരന്‍ ഇറങ്ങുമോ? പ്രചരണങ്ങളില്‍ പ്രതികരണവുമായി സുധീരന്‍
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ സ്ഥാനാർത്ഥികള്‍ക്ക് വേണ്ടി പ്രചരണം തുടങ്ങിയ മണ്ഡലമാണ് തൃശൂർ. ബി ജെ പിക്ക് വേണ്ടി സുരേഷ് ഗോപി, യു ഡി എഫിന് വേണ്ടി ടി എന്‍ പ്രതാപന്‍, എല്‍ ഡി എഫിന് വേണ്ടി വി എസ് സുനില്‍ കുമാർ എന്നിവർ മത്സരിക്കുമെന്നാണ് സൂചന. ഇതോടെയാണ് പ്രവർത്തകർ സ്ഥാനാർത്ഥികള്‍ക്ക് വേണ്ടിയുള്ള പ്രചരണം ഏറ്റെടുത്തത്.
പ്രചരണങ്ങള്‍ ഇത്തരത്തില്‍ മുന്നേറുന്നതിനിടെയാണ് യു ഡി എഫിന് വേണ്ടി സുധീരന്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നത്. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തന്നെ പരാമര്‍ശിച്ചു വരുന്ന വാര്‍ത്തകളില്‍ യാതൊരു അടിസ്ഥാനവുമില്ലെന്നാണ് വിഎം സുധീരൻ വ്യക്തമാക്കുന്നത്. ദീർഘകാലത്തിന് ശേഷം അടുത്തിടെ സുധീരന്‍ പാർട്ടിയില്‍ സജീവമായിരുന്നു. ഇതോടെയാണ് സുധീരന്‍ ലോക്സഭയിലേക്ക് മത്സരിച്ചേക്കുമെന്ന അഭ്യൂഹം ശക്തമായത്.

'ലോക്സഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ചിലമണ്ഡലങ്ങളില്‍ തന്റെ പേര് പരാമർശിച്ച് വരുന്നതായി കണ്ടു. എന്നാല്‍ അതിലൊന്നും യാതൊരു അടിസ്ഥാനവുമില്ല. പാർലമെന്ററി രംഗത്തേക്ക് ഇല്ലെന്ന നേരത്തേയുള്ള നിലപാടില്‍ മാറ്റമില്ല' വിഎം സുധീരന്‍ പറഞ്ഞു. പ്രതാപന് വേണ്ടി പോസ്റ്ററുകളും ചുവരെഴുത്തുകളും പ്രത്യക്ഷപ്പെടുന്നതിന് ഇടയിലാണ് വി എം സുധീരന്റെ പേരും ചർച്ചകളില്‍ ഉയർന്ന് വരുന്നത്.
'-പ്രതാപന്‍ തുടരും പ്രതാപത്തോടെ', '-നമ്മുടെ പ്രതാപനെ വിജയിപ്പിക്കുക' തുടങ്ങിയ ചുവരെഴുത്തുകളായിരുന്നു സുധാകരന് വേണ്ടി പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഇത്തരം പ്രവർത്തികളോട് യോജിപ്പില്ലെന്നായിരുന്നും ടി എന്‍ പ്രതാപന്റെ പ്രതികരണം. സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെ ചുവരെഴുതുന്നതിനോട് യോജിപ്പില്ലെന്നും പാര്‍ട്ടി പറഞ്ഞാല്‍ മണ്ഡലത്തില്‍ വീണ്ടും മത്സരിക്കും. അതിന് മുമ്പ് വന്ന ചുവരെഴുത്തുകള്‍ പാർട്ടി പ്രവർത്തകരുടെ ത്രില്ല് കൊണ്ടായിരിക്കും എന്നും പ്രധാപന്‍ വ്യക്തമാക്കി.
അതേസമയം, തൃശൂരില്‍ ബി ജെ പിക്ക് വേണ്ടി മത്സരിക്കുക സുരേഷ് ഗോപിയാണെന്നുള്ള കാര്യം ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ്. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിലും ബി ജെ പിക്ക് വേണ്ടി സുരേഷ് ഗോപിയായിരുന്നു തൃശൂരില്‍ മത്സരിച്ചത്. മണ്ഡലത്തില്‍ ബി ജെ പിയുടെ വോട്ട് നില 2014 ലേതിനേക്കാള്‍ മൂന്നിരട്ടിയോളം വർധിപ്പിച്ച് ശ്രദ്ധേയമായ പോരാട്ടം കാഴ്ചവെക്കാനും അദ്ദേഹത്തിന് സാധിച്ചു.
17.5 ശതമാനം വർധനവോടെ 293822 വോട്ടായിരുന്നു മണ്ഡലത്തില്‍ സുരേഷ് ഗോപിക്ക് ലഭിച്ചത്. 415089 വോട്ടുകള്‍ നേടിയ ടിഎന്‍ പ്രതാപന്‍ വിജയിച്ചപ്പോള്‍ 321456 വോട്ടുമായി എല്‍ ഡി എഫിന് വേണ്ടി മത്സരിച്ച സി പി ഐയിലെ രാജാജി മാത്യൂ തോമസ് രണ്ടാമത് എത്തി.












Click it and Unblock the Notifications