'ഭര്‍ത്താവ് ഗള്‍ഫില്‍, ഭര്‍തൃസഹോദരന്‍ വീട്ടില്‍ വെച്ച് പീഡിപ്പിച്ചു'; പൊലീസ് കേസെടുക്കുന്നില്ലെന്ന് അതിജീവിത
കോഴിക്കോട്: ഭര്‍ത്താവിന്റെ സഹോദരനെതിരായ ലൈംഗിക പീഡനപരാതിയില്‍ പൊലീസ് കേസെടുക്കാന്‍ തയ്യാറാകുന്നില്ലെന്ന് 21കാരിയായ അതിജീവിത. സമാനതകളില്ലാത്ത പീഡനമാണ് ഭര്‍തൃവീട്ടില്‍ നടന്നതെന്ന് അതിജീവിത പറയുമ്പോഴും പൊലീസ് കേസ് ഒത്തുതീര്‍ക്കാമെന്ന നിലപാടാണ് സ്വീകരിച്ചത്. മലപ്പുറം വാഴക്കാട് പൊലീസാണ് അതിജീവിതയോട് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പരാതിക്കാരിയുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്.
'ഭര്‍ത്താവ് ഗള്‍ഫില്‍ പോയി ഒരാഴ്ച കഴിഞ്ഞാണ് ഭര്‍തൃ സഹോദരന്‍ മോശമായി പെരുമാറിയത്. ഉമ്മ കാന്‍സര്‍ രോഗിയാണ്. ഉമ്മ ആശുപത്രിയില്‍ പോയ ഒരു ദിവസം അയാള്‍ എന്നെ കയറിപ്പിടിച്ചു. ഞാന്‍ തള്ളി മാറ്റിയപ്പോള്‍ അന്ന് പോയി. എന്നാല്‍ ഇത് പിന്നീട് തുടര്‍ന്നു. ഒരു ദിവസം കട്ടിലിലേക്ക് തള്ളിയിട്ട് ഉപദ്രവിക്കാന്‍ നോക്കിയപ്പോള്‍ കാല് കൊണ്ട് ചവിട്ടി കഷ്ടിച്ചാണ് രക്ഷപ്പെടത്' - യുവതി പറഞ്ഞു.

'ഉപദ്രവത്തെ കുറിച്ച് വീട്ടില്‍ പറഞ്ഞപ്പോള്‍ എല്ലാവരും തന്നെ കളിയാക്കി. സ്വര്‍ണത്തിന്റെ പേരില്‍ തന്നെ ഒരുപാട് ഉപദ്രവിച്ചു. ഉപദ്രവം തുടര്‍ന്നപ്പോഴാണ് പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ പൊലീസ് നടപടി സ്വീകരിച്ചില്ല. തന്നെ തല്ലിയ വിവരം വാഴക്കാട് എസ് ഐയെ വിളിച്ച് പറഞ്ഞു. എന്നാല്‍ എസ് ഐക്ക് വീട്ടിലേക്ക് വന്ന് അന്വേഷിക്കാന്‍ കഴിയില്ല, ജീപ്പും വനിത പൊലീസും അവിടെ ഇല്ലെന്നാണ് പറഞ്ഞത്'.
'രണ്ട് തവണ പൊലീസ് സ്റ്റേഷനില്‍ പോയെങ്കിലും എസ് ഐയെ കാണാന്‍ സാധിച്ചില്ല. മൂന്നാമത് പോയി പരാതി നല്‍കിയെങ്കിലും എസ് ഐ അത് ഗൗരവമായി എടുത്തില്ല. നിന്റെ ഭാവി പോകും, കേസ് ഒത്തുതീര്‍പ്പാക്കാം, പരാതിയുമായി പോയാല്‍ അഞ്ച് കൊല്ലമെടുക്കും എന്നൊക്കെയാണ് അവര്‍ പറഞ്ഞത്. എന്നെയും ഉപ്പയെയും കേസില്‍ കുടുക്കി അകത്തിടുമെന്നും പറഞ്ഞ് അവര്‍ ഭീഷണിപ്പെടുത്തി' - യുവതി പറഞ്ഞു.
വാഴക്കാട് പൊലീസ് കേസെടുക്കാത്തതിനെ തുടര്‍ന്ന് എസ് പിക്ക് പരാതി നല്‍കി. എന്നാല്‍ നടപടി ഉണ്ടായില്ല. പിന്നീട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്ന് യുവതി പറഞ്ഞു. എന്നാല്‍ യുവതിയുടെ മൊഴിയും അവരുടെ അമ്മയുടെ മൊഴിയും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇതേ തുടര്‍ന്നാണ് കേസെടുക്കാത്തത്. എന്നാല്‍ ഭര്‍തൃ വീട്ടുകാര്‍ പൊലീസിനെ സ്വാധീനിച്ചെന്ന് പെണ്‍കുട്ടി ആരോപിക്കുന്നു .












Click it and Unblock the Notifications