നീഗൂഢത നിറഞ്ഞ പ്രണയവും ഒളിവ് ജീവിതവും; അന്ന് നടന്നത്.. റഹ്മാനും സജിതയ്ക്കും ഇനി ഒരു സ്വപ്നം കൂടിയുണ്ട്
പാലക്കാട്; വീട്ടുകാർ പോലും അറിയാതെ പത്ത് വർഷം ഒരു മുറിക്കുള്ളിൽ ഒളിവ് ജീവിതം നയിച്ച പെൺകുട്ടി, അവളെ ആരോരുമറിയാതെ സ്വന്തം മുറിയിൽ പാർപ്പിച്ച ഒരു കാമുകൻ, 2021 ൽ സംഭവ ബഹുലമായ പല കാര്യങ്ങളും കേരളത്തിൽ നടന്നു. എന്നാൽ നെൻമാറയിൽ തന്റെ കാമുകിയായ സജിതയെ 10 വർഷം ഒറ്റമുറിക്കുള്ളിൽ പാർപ്പിച്ച റഹ്മാനേയും ഇരുവരുടേയും പ്രണയ കഥയേയും പോലെ കേരളക്കരയെ ഞെട്ടിപ്പിച്ച മറ്റൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് തന്നെ പറയാം. 10 വർഷം വീട്ടുകാർ പോലും അറിയാതെ എങ്ങനെയാണ് ഒറ്റമുറിയിൽ ഒരാളെ താമസിപ്പിക്കുക? അതും ഒരു പെൺകുട്ടിയെ? പാലക്കാട് നെൻമാറ സ്വദേശികളായ റഹ്മാന്റേയും അജിതയുടേയും പ്രണയത്തിനിടയിലെ ഒളിവ് ജീവിതത്തെ കുറിച്ചുള്ള അത്ഭുതം ഇപ്പോഴും ജനങ്ങൾക്ക് മാറിയിട്ടില്ല.

സംഭവങ്ങളുടെ തുടക്കം ഇങ്ങനെ
അയിലൂർ കാരക്കാട്ടുപറമ്പ് മുഹമ്മദ് ഖനിയുടെ മകൻ റഹ്മാൻ (34) ആണ് സമീപവാസിയായ വേലായുധന്റെ മകൻ സജിതയെ (28) 10 വർഷത്തോളം തന്റെ വീട്ടിലെ ഒറ്റമുറിക്കുള്ളിൽ ഒളിപ്പിച്ചത്. 2010 ലായിരുന്നു സംഭവങ്ങളുടെ തുടക്കം. വെറും 100 മീറ്റർ മാത്രം അകലെയായിരുന്നു ഇരുവരുടേയും വീടുകൾ. രണ്ട് പേരും ഇടയ്ക്കിടെ സംസാരിക്കാറുണ്ട്. ആ സംസാരം പ്രണയത്തിലെത്തി. എന്നാൽ രണ്ട് സമുദായക്കാരായ ഇരുവരും ഒരുമിച്ചാൽ ഉണ്ടായേക്കാവുന്ന പുകിലോർത്ത് ഇരുവരും തങ്ങളുടെ പ്രണയം വീട്ടുകാരോട് പറഞ്ഞില്ല. അങ്ങനെ ഒരു സുപ്രഭാതത്തിൽ സജിത റഹ്മാനൊപ്പം വീട് വിട്ട് ഇററങ്ങി. മകളെ കാണാതായതോടെ സജിതയുടെ കുടുംബം പോലീസിൽ പരാതി നൽകി. പലയിടങ്ങളിലും പോലീസ് സജിതയെ അന്വേഷിച്ചു. കണ്ടെത്താൻ സാധിച്ചില്ല. ഇതിനിടയിൽ റഹ്മാനുമായി സജിത പ്രണയത്തിലായിരുന്നുവെന്ന തരത്തിലുള്ള ചില വാർത്തകൾ കേട്ടതോടെ റഹ്മാനെ ചുറ്റിപറ്റിയും പോലീസ് അന്വേഷണം നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. ഇതോടെ റഹ്മാന് നേരെയുള്ള അന്വേഷണവും പോലീസ് അവസാനിപ്പിച്ചു.

പിടിയിലായത് ഇങ്ങനെ
ഇലക്ട്രീഷ്യൻ കൂടിയായ റഹ്മാൻ ഇക്കഴിഞ്ഞ മാർച്ചിൽ ജോലി ആവശ്യത്തിനെന്നും പറഞ്ഞ് വീട് വിട്ടിറങ്ങി. പിന്നീട് തിരിച്ചു വന്നില്ല. ദിവസങ്ങളോളം റഹ്മാനെ കാണാതായതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകി. മൂന്ന് മാസത്തോളം പോലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഇതിനിടയിൽ ലോക്ക് ഡൗണിനിടെ സഹോദരൻ നെൻമാറയിൽ വെച്ച് റഹ്മാനെ അവിചാരിതമായി കാണുകയായിരുന്നു. ഇരുചക്രവാഹനത്തിലായിരുന്നു റഹ്മാൻ ഉണ്ടായിരുന്നത്. ലോറി ഡ്രൈവറയാ സഹോദരൻ റഹ്മാനെ പിന്തുടർന്നു. തുടർന്ന് ഇയാൾ പോലീസിനെ വിവരം അറിയിച്ചു. ഇതോടെ നടത്തിയ അന്വേഷണത്തിൽ വിത്തനശ്ശേരിയിലെ വീട്ടിൽ വെച്ച് റഹ്മാനേയും 10 വർഷം മുൻപ് കാണാതായ സജിതയേയും പോലീസ് കണ്ടെത്തിയത്. റഹ്നാനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് 10 വർഷത്തെ ഒളിവ് ജീവിതത്തെ കുറിച്ച് റഹ്മാൻ പോലീസിനോട് വെളിപ്പെടുത്തുന്നത്.

ഞെട്ടൽ മാറാതെ കേരളം
തന്റെ 18ാം വയസിലാണ് അജിത വീട് വിട്ടുറങ്ങുന്നത്. ആദ്യ ദിവസങ്ങളിൽ തന്റെ മുറിയിൽ ആരും അറിയാതെ അജിതയെ റഹ്മാൻ പാർപ്പിച്ചു. പതിയെ വീട്ടുകാരോട് കാര്യങ്ങൾ പറയാം എന്നായിരുന്നു റഹ്മാന്റേയും സജിതയുടേയും തിരുമാനം. എന്നാൽ ദിവസങ്ങളോളം നീണ്ടുനിന്ന ഒറ്റമുറി ജീവിതവുമായി ഇരുവരും പൊരുത്തപ്പെട്ടു. പിന്നീട് നടന്നതാണ് സംഭവ ബഹുലമായ കാര്യങ്ങൾ. കൂടുതൽ സൗകര്യങ്ങൾ ഒന്നും തന്നെ ഇല്ലാത്ത ചെറിയ വീടായിരുന്നു റഹ്മാന്റേത്. അതുകൊണ്ട് തന്നെ വീട്ടുകാർ അറിയാതെ അജിതയെ താമസിപ്പിക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച വീടിന് ചുറ്റും അയൽ വീടുകളും ഉള്ള സ്ഥലങ്ങൾ. അവിടെയാണ് ഇലക്ട്രിക്ക് പണിയെടുക്കുന്ന റഹ്മാൻ പല തന്ത്രങ്ങളും പയറ്റിയ്. രാത്രി ശുചി മുറി പോകാൻ പജനൽ വഴി പ്രത്യേക വഴി, ആരെങ്കിലും റൂമിലേക്ക് പെട്ടെന്ന് കയറി വന്നാൽ വാതിലിന് പുറകിൽ ഒളിക്കാന് ഒരു പെട്ടി എന്നിവയെല്ലാം റൂമിലൊരുക്കിയിരുന്നു. മാത്രമല്ല മാനസിക വിഭ്രാന്തിയുള്ള ആളെ പോലെ റഹ്മാൻ പെരുമാറി. ഇതോടെ വീട്ടുകാരും നാട്ടുകാരും റഹ്മാനിൽ നിന്നും അകലം പാലിച്ചു. ഭക്ഷണം കുടുംബത്തിനൊപ്പം കഴിക്കാതെ മുറിയിൽ എത്തിച്ചു. പലപ്പോഴും റഹ്മാൻ പണിക്ക് പോയിരുന്നില്ല. ജോലിക്ക് പോകത്തപ്പോഴൊക്കെ തന്റ മുറിക്കുള്ളിൽ റഹ്മാൻ കഴിഞ്ഞു.

വീട്ടുകാരും നാട്ടുകാരും ഞെട്ടി
റഹ്മാനും സജിതയും തങ്ങളുടെ ഒളിവ് ജീവിത്തെ കുറിച്ച് പോലീസിനോട് വെളിപ്പെടുത്തിയതോടെ റഹ്മാന്റ് കുടുംബം രംഗത്തെത്തി. റഹ്മാൻ കളവ് പറയുകയാണെന്നായിരുന്നു വീട്ടുകാരുടെ ആരോപണം. 10 വർഷം ഒരുപെൺകുട്ടിയെ ഒറ്റമുറിയിൽ എങ്ങനെ തങ്ങൾ അറിയാതെ താമസിപ്പിക്കുമെന്ന് വീട്ടുകാർ പോലീസിനോടും മാധ്യമങ്ങളിലും ആവർത്തിച്ച് പറഞ്ഞു. വീട്ടുകാർ മാത്രമല്ല കേരളവും ഒന്നടങ്കം ഈ കഥ വിശ്വസിക്കാൻ തയ്യാറായില്ല. നിരവധി സംശയങ്ങളായിരുന്നു പലരും ഉയർത്തിയിരു്നനത്. പ്രാഥമിക ആവശ്യം നിറവേറ്റാനെങ്കിലും പുറത്തിറങ്ങാതിരിക്കാൻ ആകുമോ? ഒരു കുഞ്ഞ് ശബ്ദം പോലും പുറത്ത് കേൾക്കില്ലേ? ഇക്കാലത്തിനിടയിൽ ഒരിക്കൽ പോലും അസുഖം ഉണ്ടായിക്കാണില്ലേ? തുടങ്ങി നൂറുകണക്കിന് ചോദ്യങ്ങൾ ഉയർന്നു. ആദ്യം റഹ്മാന്റെ കഥ വിശ്വസിക്കാൻ പോലീസും കൂട്ടാക്കിയിരുന്നില്ല. എന്നാൽ റ്ഹമാന്റെ വീട്ടിൽ അന്വേഷണം നടത്തിയ പോലീസിന് ഇരുവരും പറഞ്ഞതിന്റെ നിജസ്ഥിതി മനസിലായി. റഹ്മാൻ മുറിയിലൊരുക്കിവെച്ച തന്ത്രങ്ങളെല്ലാം പോലീസും കണ്ട് തന്നെ ബോധ്യപ്പെട്ടു. മാത്രമല്ല പത്ത് വർഷത്തിനിടയിലെ പല സംഭവങ്ങളും ഇരുവരോടും മാറി മാറി ചോദിച്ചപ്പോഴും രണ്ട് പേരും ഒരേ മറുപടികൾ തന്നെ പോലീസിന് നൽകിയതോടെ മറിച്ചുള്ള ചോദ്യങ്ങളെല്ലാം പോലീസും തള്ളി.

സ്വന്തം ഇഷ്ടപ്രകാരം
അതിനിടെ മനുഷ്യാവകാശ വിഷയം ഉയർത്തി മനുഷ്യാവകാശ കമ്മീഷനും റഹ്മാനെതിരെ നടപടിയെടുക്കുമെന്ന് വ്യക്തമാക്കി. അതേസമയം ഇരുവരുടേയും ജീവിതത്തെ കുറിച്ചുള്ള പോലീസ് റിപ്പോർട്ടോടെ കമ്മീഷൻ നിലപാട് മയപ്പെടുത്തി. റഹ്മാനെതിരെ നടപടിയെടുക്കരുതെന്ന് കമ്മീഷനോട് സജിതയും അപേക്ഷിച്ചതോടെ കമ്മീഷൻ ആവശ്യം അംഗീകരിച്ചു. സ്വന്തം ഇഷ്ടപ്രകാരം തന്നെയാണ് താൻ റഹ്മാനൊപ്പം പോയതെന്നായിരുന്നു കമ്മീഷന് മുൻപിൽ സജിത പറഞ്ഞത്.

സ്വപ്നം ബാക്കി
അങ്ങനെ പ്രശ്നങ്ങളെല്ലാം കലങ്ങി തീർന്നു. നീണ്ട 10 വർഷത്തെ കാത്തിരിപ്പിനൊടുവിൽ 2021 സെപ്തംബർ 15 ന് റഹ്മാനും സജിതയും നെൻമാറ സബ് രജിസ്ട്രാർ ഓഫീസിൽ വെച്ച് വിവാഹിതരായി. നെന്മാറ എംഎല്‍എ കെ. ബാബുവും മറ്റു ജന പ്രതിനിധികളുമടക്കമുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. സജിതയുടെ കുടുംബവും വിവാഹത്തിവൽ പങ്കെടുത്തിരുന്നു. അങ്ങനെ 10 വർഷം നീണ്ടുനിന്ന ആ സാഹസിക ജീവിതത്തിന് ശുഭകരമായ ക്ലൈമാക്സും സംഭവിച്ചു. അപ്പോഴും ഇരുവർക്കും ഒരു സ്വപ്നം കൂടി ബാക്കിയുണ്ട്. എന്തെന്നല്ലേ? ഇരുവർക്കും മാത്രം സ്വന്തമായൊരു കൊച്ചുവീട്....