'പിണറായിയുടെ ചെരുപ്പ് നക്കാൻ ഇറങ്ങിയവരെ തിരിച്ചെടുക്കുന്നത് പൊതുമാപ്പ് കൊടുക്കുമ്പോൾ മതി', രൂക്ഷ പ്രതികരണം
തിരുവനന്തപുരം: ഡിസിസി പുനസംഘടനയുടെ പശ്ചാത്തലത്തിൽ കോൺഗ്രസിനുളളിൽ തുടക്കമിട്ട പൊട്ടിത്തെറിയുടെ അലയൊലികൾ അടങ്ങുന്നില്ല. ഗ്രൂപ്പ് താൽപര്യങ്ങൾ അവഗണിക്കപ്പെട്ടതിൽ ഇടഞ്ഞിരിക്കുകയാണ് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുളള മുതിർന്ന നേതാക്കൾ. സംസ്ഥാന നേതൃത്വവുമായി പരസ്യ പോരിലേക്ക് കടന്നിരിക്കുകയാണ് കാര്യങ്ങൾ.
വി ശിവദാസൻ നായരെ പോലുളള മുതിർന്ന നേതാക്കൾക്കെതിരെ അടക്കം നടപടി എടുത്തതിലൂടെ ശക്തമായ സൂചനയാണ് കോൺഗ്രസ് നേതൃത്വം നൽകുന്നത്. കലാപക്കൊടി ഉയർത്തിയ പിഎസ് പ്രശാന്തിനെ പുറത്താക്കിയപ്പോൾ രാജി വെച്ച് പോയ എവി ഗോപിനാഥിനെ തിരിച്ച് കൊണ്ടുവരാനും ശ്രമം നടക്കുന്നു. വിവാദം കൊടുമ്പിരി കൊണ്ടുനിൽക്കെ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് എൻഎസ് നുസൂറിന്റെ പ്രതികരണം ചർച്ചയാകുന്നു.
കിടിലം ഗ്ലാമറസ് ലുക്കില്‍ നടി ശ്രിന്ദ; വൈറല്‍ ഫോട്ടോ ഷൂട്ട് കാണാം

എൻഎസ് നുസൂറിന്റെ പ്രതികരണം: '' കോൺഗ്രസ്സിനകത്ത് എല്ലാകാലത്തും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാറുണ്ട്. എന്ന് പറഞ്ഞ് പാർട്ടി കേരളത്തിൽ അവസാനിക്കും എന്ന് ആരെങ്കിലും കരുതിയാൽ അവരോട് സഹതാപം മാത്രമേ ഉള്ളൂ. മുതിർന്ന കോൺഗ്രസ് നേതാക്കളെ അംഗീകരിക്കുക, ബഹുമാനിക്കുക എന്നതൊക്കെ നേതൃത്വത്തിന്റെ ഉത്തരവാദിത്തമാണ്. അതിൽ ഏറ്റക്കുറച്ചിലുകളുണ്ടെങ്കിൽ മാധ്യമങ്ങൾ ഏറ്റെടുക്കേണ്ട. കേരളത്തിൽ നിന്നുമുള്ള കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവും എഐസിസി ജനറൽ സെക്രട്ടറിയുമാണ് ഉമ്മൻചാണ്ടി.

കെപിസിസി പ്രസിഡന്റ് അടക്കമുള്ള പാർട്ടി നേതൃത്വം അത് മനസിലാക്കി തന്നെ മുന്നോട്ടു പോവുകയും ചെയ്യും. പരാതികൾ ഉണ്ടെങ്കിൽ എഐസിസി പരിഹരിക്കും. പാർട്ടിക്കകത്ത് പ്രശ്നങ്ങൾ വന്നാൽ ഉടനെ പിണറായിയുടെ ചെരുപ്പ് നക്കാൻ ഇറങ്ങിത്തിരിച്ചവരെ എത്ര സൗഹൃദ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണെങ്കിലും തിരികെ വരാൻ വിളിച്ചാൽ പാർട്ടി പൊതുമാപ്പ് കൊടുക്കുമ്പോൾ മാത്രം മതി എന്നതാണ് ഒട്ടേറെ പ്രവർത്തകർ ഇന്നലെ ഫോണിലൂടെ എന്നെ വിളിച്ചുപറഞ്ഞ കാര്യം. അല്ലെങ്കിൽ അത് ഇരട്ടനീതിയാകും എന്ന് അവർ പറയുന്നു.

അവരുടെ വികാരം ഉത്തരവാദിത്തപ്പെട്ട യുവജന സംഘടന ഭാരവാഹി എന്ന നിലയിൽ പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഗ്രൂപ്പുകൾ പാർട്ടികളിൽ സാധാരണയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഗ്രൂപ്പ് വ്യത്യാസമില്ലാതെ, ഹൈക്കമാന്റ് പ്രതിനിധികളുടെ ഒരുമാസക്കാലം നീണ്ട നിരീക്ഷണങ്ങൾക്കൊടുവിൽ അവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനാർത്ഥി നിർണയം നടത്തിയത്. എന്നിട്ട് എന്തുകൊണ്ട് പരാജയം ഉണ്ടായി? .

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനോടൊപ്പം വർക്കിംഗ് പ്രസിഡന്റ്മാരായ കെ സുധാകരനും, കൊടിക്കുന്നിൽ സുരേഷും അടങ്ങുന്ന പ്രഗത്ഭന്മാരായ നേതൃനിരയാണ് കഴിഞ്ഞ ത്രിതലപഞ്ചായത്ത് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചത്. എന്നിട്ടും നമ്മൾ പരാജയപ്പെട്ടു. (എം ഐ ഷാനവാസിന്റെ മരണം ഇപ്പോൾ ന്യൂനപക്ഷത്തെ നമ്മളിൽ നിന്നും അകറ്റുന്ന തരത്തിലേക്ക് വരെ എത്തിച്ചേർന്നു ). അത് എന്ത് കൊണ്ട്? പാർട്ടി പ്രവർത്തകരായ നമ്മൾ ഓരോരുത്തരും ഈ വിഷയം പഠിക്കണം.

നമ്മുടെ വീടിന്റെ പരിസരങ്ങളിൽ രാഷ്ട്രീയ ഇടപെടലുകൾ സജീവമാക്കാൻ ശ്രദ്ധിക്കണം. മതേതര പ്രസ്ഥാനത്തിലേക്ക് പുതുതലമുറയെ ആകർഷിക്കാൻ ശ്രമിക്കണം. എന്റെ എഐസിസിയും കെപിസിസിയുമെല്ലാം എന്റെ നാട്ടിലെ കമ്മിറ്റിയാണ്. അവിടെ തകിടം മറിയുന്നു എന്ന് തോന്നിയാൽ ആരുടേയും അനുവാദത്തിന് വേണ്ടി കാത്തുനിൽക്കേണ്ട . ഒരു ചർക്ക ആലേഖനം ചെയ്‌ത കൊടിയുമെടുത്ത് ജനങ്ങളുടെ ഇടയിലേക്ക് പോകണം . നവമാധ്യമങ്ങളിൽ സ്വന്തം വ്യക്തിത്വം വെളിപ്പെടുത്താത്ത കൂലിയെഴുത്തുകാരെക്കൊണ്ട് പാർട്ടി ഉണ്ടാകില്ല. അത് ഇന്ന് നമ്മുക്ക് വേണ്ടിയെങ്കിൽ നാളെ മറ്റ് പലർക്കും വേണ്ടിയും എഴുതും.

എന്റെ വീട്ടിന് മുൻപിലെ കൊടിമരത്തിൽ കൊടി കെട്ടിയശേഷം മതി തൊട്ടടുത്ത നാട്ടിലെ പാർട്ടി വിഷയങ്ങളിൽ ഇടപെടാൻ എന്ന വാശി നമ്മെ നയിക്കണം . പാർട്ടി എന്ന വികാരം നമ്മുക്ക് ആത്മാർത്ഥമായി ഉണ്ടാകണം. അത് മാറി മാറി വരുന്ന നേതൃത്വമല്ല. അത് കടലുപോലുള്ള ഒരു ആശയമാണ്.നിലനിൽപ്പിന് വേണ്ടി, സ്ഥാനമാനങ്ങൾക്ക് വേണ്ടി പലതരത്തിലുമുള്ള തകിടംമറിയലുകൾ കാണാം. അത് പ്രവർത്തകാരായ നമ്മൾ വൈകാരികമാക്കേണ്ട. ഒരുമിച്ച് സ്വന്തം നാട്ടിൽ പണിയെടുക്കാം . അവിടെ നമ്മളോടൊപ്പം നമ്മൾ മാത്രമേ ഉണ്ടാകു. അവിടെ നമ്മൾ മാത്രമാണ് പാർട്ടി''.












Click it and Unblock the Notifications