രാജ്യസഭയിലേക്ക് ശ്രീനിവാസ് കൃഷ്ണന്മാരെ കെട്ടിയിറക്കേണ്ട; ഹൈക്കമാൻഡ് നിക്കത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ്
തിരുവനന്തപുരം: കേരളത്തില്‍ ഒഴിവുവരുന്ന രാജ്യസഭ സീറ്റിലേക്ക് ശ്രീനിവാസന്‍ കൃഷ്ണയെ എത്തിക്കാന്‍ ഹൈക്കമാന്‍ഡിന് പദ്ധതിയുണ്ടെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. പ്രിയങ്ക ഗാന്ധിയുടെ വിശ്വസ്തനായ ശ്രീനിവാസന്‍ തൃശൂര്‍ സ്വദേശിയും ബിസ്‌നസുകാരനുമാണ്. നിലവില്‍ എഐസിസി സെക്രട്ടറിയായ അദ്ദേഹത്തെ രാജ്യസഭയിലേക്ക് എത്തിക്കുന്നതിന് കേരളത്തിലെ നേതൃത്വത്തിന് എതിര്‍പ്പുണ്ടെന്നാണ് സൂചന. എം ലിജുവിനെ കോണ്‍ഗ്രസ് പരിഗണിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഹൈക്കമാന്‍ഡിന്റെ നീക്കം.

എന്നാല്‍ ഹൈക്കമാന്‍ഡിന്റെ ഈ തീരുമാനത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ്. ഹൈക്കമാന്‍ഡ് നിര്‍ദ്ദേശത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍ എസ് നുസൂറാണ് രംഗത്തെത്തിയത്. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് നുസൂര്‍ വിമര്‍ശനം ഉന്നയിക്കുന്നത്.

ശ്രീനിവാസ് കൃഷ്ണന്മാരെ കെട്ടിയിറക്കാന്‍ നോക്കിയാല്‍ പ്രതിഷേധത്തിന്റെ അലയൊലിയെ തടയിടാന്‍ ആര്‍ക്കും കഴിയില്ലെന്ന് നൂസൂര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു. കഴിവും പ്രാപ്തിയുമുള്ള ജൂനിയറും സീനിയറുമായുള്ള ഒട്ടനവധി നേതാക്കള്‍ ഉള്ള കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയം മലീനസമാക്കാന്‍ ആര് ശ്രമിച്ചാലും ശക്തമായി എതിര്‍ക്കുക തന്നെ ചെയ്യും. കെ സുധാകരനെ പോലൊരു കെ പി സി സി പ്രസിഡന്റ് അത് അനുവദിക്കുകയില്ല എന്ന വിശ്വാസം പ്രവര്‍ത്തകര്‍ക്കുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. നുസൂറിന്റെ വാക്കുകള്‍ ഇങ്ങനെ,

കഴിവും പ്രാപ്തിയുമുള്ള ജൂനിയറും സീനിയറുമായുള്ള ഒട്ടനവധി നേതാക്കള്‍ ഉള്ള കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയം മലീനസമാക്കാന്‍ ആര് ശ്രമിച്ചാലും ശക്തമായി എതിര്‍ക്കുക തന്നെ ചെയ്യും. ഇത് കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരമാണ്.ഞങ്ങളെപ്പോലുള്ളവരുടെ ചോരയും വിയര്‍പ്പും ജീവിതവും ഹോമിച്ച പ്രസ്ഥാനമാണ് ഇത്.

ആ അവകാശം ഉള്ളടത്തോളം കാലം ഞങ്ങളുടെ ശബ്ദം നിലക്കുകയുമില്ല. ശ്രീനിവാസ് കൃഷ്ണന്മാരെ കെട്ടിയിറക്കാന്‍ നോക്കിയാല്‍ പ്രതിഷേധത്തിന്റെ അലയൊലിയെ തടയിടാന്‍ ആര്‍ക്കും കഴിയില്ല എന്ന് വ്യക്തമാക്കട്ടെ. കെ സുധാകരനെ പോലൊരു കെപിസിസി പ്രസിഡന്റ് അത് അനുവദിക്കുകയില്ല എന്ന വിശ്വാസം പ്രവര്‍ത്തകര്‍ക്കുണ്ട്. സോഷ്യല്‍ എഞ്ചിനീറിങ്ങിന്റെ ഭാഗയോ രാഷ്ടീയ തന്ത്രത്തിന്റെ ഭാഗമായോ സജീവ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ആരെ തീരുമാനിച്ചാലും ഇരുകയ്യും നീട്ടി സ്വീകരിക്കും. അത് പാര്‍ട്ടിക്ക് ഗുണകരമാണ് എന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രം.

അതേസമയം, ലിജുവിനെ പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റിയും രംഗത്തെത്തിയിരുന്നു. രാജ്യസഭ സ്ഥാനാര്‍ത്ഥിയായി
പരിഗണിക്കാന്‍ ശ്രി എം ലിജു എന്ത് കൊണ്ടും യോഗ്യനാണ്. നേതൃത്വം പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

രാജ്യസഭ സ്ഥാനാര്‍ത്ഥിയായി എം ലിജു, സതീശന്‍ പാച്ചേനി എന്നീ പേരുകളിലേക്ക് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം എത്തിയപ്പോഴായിരുന്നു ഹൈക്കമാന്‍ഡിന്റെ അപ്രതീക്ഷിത നീക്കം. ഇരുവര്‍ക്കും പുറമെ വി ടി ബല്‍റാം, ഷാനിമോള്‍ ഉസ്മാന്‍ എന്നിവരുള്‍പ്പെട്ട വിശാലമായ പട്ടികയുമായിട്ടായിരുന്നു ഇപ്പോള്‍ ദില്ലിയിലുള്ള കെ സുധാകരന്‍ നേതൃത്വത്തെ സമീപിച്ചത്.

അതേസമയം, കെ സുധാകരന്‍ ഇതുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരം. കൂടിക്കാഴ്ചയില്‍ ലിജുവും പങ്കെടുത്തിട്ടുണ്ട്. ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ച് ശ്രീനിവാസന്‍ കൃഷ്ണ നേരത്തെ ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസിലായിരുന്നു ജോലി ചെയ്തിരുന്നത്. പിന്നീട് പത്ത് വര്‍ഷത്തോളം കെ കരുണാകരനോടൊപ്പം ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയായി പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് തെലങ്കാനയുടെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറിയായി നിയോഗിക്കപ്പെട്ടു.












Click it and Unblock the Notifications