കൊളച്ചേരി പറമ്പിലെ കൊലപാതകം; പ്രതിയായ എസ്. ഐയുടെ കേസ് വളപട്ടണം പോലിസ് സ്റ്റേഷനിലേക്ക് മാറ്റി
കണ്ണൂർ:കൊളച്ചേരി പറമ്പില്‍ വീട്ടില്‍ നിന്നും മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തില്‍ മുൻ ലോഡിങ് തൊഴിലാളിയായ സുഹൃത്തിനെ അടിച്ചുകൊന്ന ഗ്രേഡ് എസ്.ഐ ക്കെതിരെ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കാൻ തീരുമാനിച്ചു. കണ്ണൂർ എ സി.പി ടി.കെ രത്നകുമാറിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തിവരുന്നത്. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലിസ് കണ്ണൂർ കോടതിയിൽ അപേക്ഷ നല്‍കി. പ്രതിയായ ഗ്രേഡ് എസ്. ഐ മയ്യില്‍ പൊലിസ് സ്‌റ്റേഷനില്‍ ജോലി ചെയ്യുന്നതിനാല്‍ കേസിന്റെ അന്വേഷണം വളപട്ടണം പൊലിസിന് കൈമാറിയിട്ടുണ്ട്. ഓണത്തിന് ശേഷം ഇയാളെ കസ്റ്റഡിയില്‍ ലഭിക്കാനാണ് സാധ്യതയെന്ന് ഉന്നത പൊലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കൊളച്ചേരിപറമ്പിലെ കൊമ്പന്‍ സജീവനെ കൊലപ്പെടുത്തിയ കേസില്‍ മയ്യില്‍ പൊലിസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്. ഐ കൊളച്ചേരി പറമ്പിലെ എ. ദിനേശനെയാണ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തത്. കോടതി ഇയാളെ റിമാന്‍ഡ് ചെയ്തിരുന്നു. ഓഗസ്റ്റ് 23-ന് വൈകുന്നേരം അഞ്ചുമണിയേടെയാണ് സജീവനെ (55) ദിനേശന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലിസെത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. ദേഹമാകെ പരുക്കേറ്റ നിലയിലായിരുന്നു. തലയ്ക്കും ആഴത്തിലുളള മുറിവുകളുണ്ടായിരുന്നു. അന്ന് രാത്രി തന്നെ ദിനേശനെ കസ്റ്റഡിയിലെടുത്തിരുന്നു.

കണ്ണൂര്‍ സിറ്റി എ.സി.പി ടി.കെ രത്‌നകുമാറിന്റെയുംമയ്യില്‍ ഇന്‍സ്‌പെക്ടര്‍ ടി.പി സുമേഷിന്റെയും നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റംസമ്മതിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയാനാണ് കസ്റ്റഡിയില്‍ വാങ്ങുന്നതെന്ന് പൊലിസ് പറഞ്ഞു.
മദ്യപാനം നടത്തുന്നതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. വീടിന്റെ വർക്ക് ഏരിയയിൽ നിന്നും വിറകു കൊള്ളി കൊണ്ട് സുഹ്യത്തായ സജീവന്റെ തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. പക്ഷാഘാതം വന്ന് ചികിത്സയിലായിരുന്ന സജീവൻ ഏറെക്കാലമായി ജോലിക്ക് പോകാറില്ല. ഈ വീട്ടിൽ സ്ഥിരമായി മദ്യപാനം നടക്കാറുണ്ടെന്നും ബഹളം കേൾക്കാറുണ്ടെന്നും അയൽവാസികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.












Click it and Unblock the Notifications