ഓണത്തിരക്കിനിടയില്‍ ജാഗ്രത കൈമോശം വരരുത്; കടകളിൽ എത്തുന്നവർ നിയന്ത്രണം പാലിക്കണം
ഓണത്തിരക്കിനിടയില്‍ കോവിഡ് പ്രതിരോധത്തിനുള്ള ജാഗ്രത കൈമോശം വരരുതെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. ജില്ലാ തലത്തില്‍ നടന്ന ഉന്നതല അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. അയവ് ചില മേഖലകളില്‍ ആവാം. കടകളില്‍ എത്തുന്നവര്‍ സ്വയം നിയന്ത്രണം പാലിക്കണം. പോലീസിന് എല്ലാ കടകളും ശ്രദ്ധിക്കാനാവില്ല. കടയുടമകളുടെ കൂടി സഹകരണം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ തേടണം. നിയന്ത്രണങ്ങള്‍ എല്ലാവരുടെയും രക്ഷയെ കരുതിയാണെന്ന ബോധം വരും വിധമാവണം പ്രവര്‍ത്തനങ്ങള്‍. എന്നാല്‍ ചില ഭാഗത്ത് കണ്ടുവരുന്ന ബോധപൂര്‍വ്വമായ നിയമ ലംഘനത്തിന് കര്‍ശന നടപടി വേണമെന്നും മന്ത്രി നിര്‍ദേശിച്ചു.
മത്സ്യ വിപണനം വഴിയോരത്ത് പാടില്ല. ചില പഞ്ചായത്തുകള്‍ ഇതില്‍ കാര്യക്ഷമമായി വിജയിച്ചിട്ടുണ്ട്. മറ്റു പഞ്ചായത്തുകള്‍ കൂടി ശ്രദ്ധിക്കണം. മാര്‍ക്കറ്റുകളില്‍ വില്ക്കാന്‍ മത്സ്യം വേണമെന്ന് തൊഴിലാളികള്‍ ആവശ്യമുന്നയിച്ചാല്‍ മത്സ്യഫെഡ് അവ നല്‍കണമെന്നും മന്ത്രി നിര്‍ദേശിച്ചു. വാര്‍ഡുകള്‍ മുഴുവന്‍ കണ്ടയിന്‍മെന്റ് സോണാക്കി അടയ്ക്കുന്നത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി എം.പിമാരായ എ. ആരിഫ്, കെ. സോമപ്രസാദ്, എം എല്‍ എ മാരായ പി അയിഷാ പോറ്റി, ആര്‍ രാമചന്ദ്രന്‍, മുല്ലക്കര രത്‌നാകരന്‍ എന്നിവര്‍ അറിയിച്ചു. നിലവില്‍ മൈക്രോ ലവല്‍ കണ്ടയിന്‍മെന്റാണ് നടപ്പിലാക്കുന്നതെന്നും, ഇക്കാര്യം പരിശോധിച്ച് പോലീസ് ക്രമീകരണം ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
തീരദേശമുള്‍പ്പടെ ജില്ലയില്‍ കോവിഡ് വ്യാപനം തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് ജില്ലാ കലക്ടര്‍ ബി.അബ്ദുല്‍ നാസര്‍ അറിയിച്ചു. തദ്ദേശ ജനപ്രതിനിധികളുമായി ഇടപെടുന്നതിന് കോവിഡ് ജാഗ്രതാ സെല്‍ തുടങ്ങിയതായി ജില്ലാ പോലീസ് മേധാവി ഹരിശങ്കറും, നീണ്ടകരയില്‍ കൂടുതല്‍ പോലീസിനെ നിയോഗിച്ച് നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തിയതായി സിറ്റി പോലീസ് കമ്മീഷണര്‍ ടി. നാരായണനും അറിയിച്ചു. ഡി.എം.ഒ ആര്‍ ശ്രീലത, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനുന്‍ വാഹിദ് തുടങ്ങി വകുപ്പ് തല ഉദ്യോഗസ്ഥര്‍ ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിച്ചു (പി.ആര്‍.കെ നമ്പര്‍ 2270/2020)