കോവിഡിനെ ചെറുക്കാൻ കൊല്ലം ജില്ലയിൽ കുടുംബ കൂട്ടായ്മ, വീടുകള്‍ കേന്ദ്രീകരിച്ച് പ്രതിരോധം
കൊല്ലം: കൊവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ പുതിയ പ്രതിരോധ പരിപാടിയുമായി കൊല്ലം ജില്ലാ ഭരണകൂടം. ജില്ലയില്‍ കോവിഡ് വ്യാപനം തടയാന്‍ സംരക്ഷിത കുടുംബ കൂട്ടായ്മ എന്ന പദ്ധതി നടപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. കോവിഡ് സ്ഥിതി അവലോകനം ചെയ്യാന്‍ കൂടിയ ഉന്നതതല ഉദ്യോഗസ്ഥ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. വിവാഹം ഉള്‍പ്പടെ ചടങ്ങുകള്‍ നടത്താന്‍ മുന്‍കൂട്ടി അറിയിച്ച് പൊലീസ്-ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ഇതിനായി നടപടി സ്വീകരിക്കാനും നിര്‍ദേശം നല്‍കി.
വാര്‍ഡ്/ഡിവിഷന്‍ തലത്തില്‍ 10 മുതല്‍ 15 വരെ വീടുകള്‍ കേന്ദ്രീകരിച്ച് രൂപീകരിക്കുന്ന ഗ്രൂപ്പില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ചുമതല വഹിക്കുന്നവര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ മേല്‍നോട്ടം വഹിക്കും. വീടുകളിലെ എല്ലാവരും അംഗങ്ങളവുന്ന ഗ്രൂപ്പില്‍ വാര്‍ഡ്, താലൂക്ക്, ജില്ലാതലത്തില്‍ മേല്‍നോട്ടത്തിന് കൗണ്‍സിലര്‍/വാര്‍ഡ് അംഗം, തഹസില്‍ദാര്‍, സബ് കലക്ടര്‍, റൂറല്‍ സിറ്റി പൊലീസ് മേധാവികള്‍ എന്നിവര്‍ ഉണ്ടാകും.

ജില്ലാതലത്തില്‍ ജില്ലാ കലക്ടറുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സെല്‍ പ്രവര്‍ത്തിക്കും. ഈ പ്രവര്‍ത്തനം വഴി മൂന്ന് ആഴ്ച കൊണ്ട് കോവിഡ് നിയന്ത്രണ വിധേയമാക്കാന്‍ കഴിയും. ഇത് സംബന്ധിച്ച പ്രവര്‍ത്തനം ഉര്‍ജ്ജിതമാക്കന്‍ മന്ത്രി ജെ മേഴ്സികുട്ടിയമ്മയുടെ അധ്യക്ഷതയില്‍ യോഗം കൂടാനും തീരുമാനമായി.
ജില്ലയില്‍ കോവിഡ് ചികിത്സ വീടുകളില്‍ തുടങ്ങിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു. ശക്തികുളങ്ങര, ചവറ, കരുനാഗപ്പള്ളി, ആലപ്പാട് തുടങ്ങി ഓച്ചിറ വരെ തീരദേശത്ത് പ്രത്യേക ജാഗ്രത പുലര്‍ത്താന്‍ യോഗം തീരുമാനിച്ചു.
കാവനാട് അരവിള പ്രദേശം കണ്ടയിന്‍മെന്റ് മേഖലയായതിനാല്‍ ഇവിടെ നിന്നും ആരും കടലില്‍ പോകരുതെന്ന് നിര്‍ദേശം നല്‍കിയതായി സിറ്റി പൊലീസ് കമ്മീഷണര്‍ ടി നാരായണന്‍ അറിയിച്ചു. മെഡിക്കല്‍ കോളേജുകളില്‍ ചികിത്സ കഴിഞ്ഞ് തിരികെ എത്തിയവരുടെ കൂട്ടിരിപ്പുകാര്‍, ജയില്‍ വാസം അനുഭവിച്ചവര്‍, കല്യാണച്ചടങ്ങില്‍ പങ്കെടുത്തവര്‍ എന്നിവരില്‍ റൂറല്‍ മേഖലയില്‍ രോഗബാധയുണ്ടാവുന്നതായി പൊലീസ് മേധാവി ഹരിശങ്കര്‍ പറഞ്ഞു. കല്യാണങ്ങള്‍ ചടങ്ങുകള്‍ എന്നിവ പോലീസ് ആരോഗ്യ വിഭാഗങ്ങളെ അറിയിച്ചാല്‍ നിരീക്ഷണം വഴി രോഗവ്യാപനം തടയാനാകും.
ഓണത്തിരക്ക് പരിഗണിച്ച് കടകളില്‍ ശക്തമായ നിരീക്ഷണവും പരിശോധനയും നടത്താന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. ഹാര്‍ബറുകള്‍ പൊതുവേ നിയന്ത്രണങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കുന്നതായും യോഗം വിലയിരുത്തി. എ ഡി എം പി.ആര്‍.ഗോപാലകൃഷ്ണന്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഓണ്‍ലൈന്‍ യോഗത്തില്‍ സംബന്ധിച്ചു.












Click it and Unblock the Notifications