റെയിൽവേ സ്റ്റേഷനിൽ വന്ന പാഴ്സൽ കൈപ്പറ്റാൻ ആരും വന്നില്ല; തുറന്നുനോക്കി പോലീസ്, ആളെത്തിയപ്പോൾ അറസ്റ്റ്
കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷനിൽ വന്ന പാഴ്സൽ ദിവസങ്ങൾ കഴിഞ്ഞിട്ടും ആരും കൈപ്പറ്റാൻ വന്നില്ല. സംശയം തോന്നിയ പോലീസ് പാഴ്സൽ പൊട്ടിച്ച് നോക്കിയപ്പോഴാണ് സംഭവം പുറത്തായത്. ബെംഗളൂരുവിൽ നിന്നും കടത്തിക്കൊണ്ടുവന്ന 350 കിലയോളം പുകയില ഉത്പന്നങ്ങൾ ആയിരുന്നു.
വസ്ത്രങ്ങൾ ആണെന്ന വ്യാജേനയാണ് നിരോധിത പുകയില ഉത്പന്നങ്ങൾ എത്തിച്ചത്. സംഭവത്തിൽ ആറ്റിങ്ങൽ സ്വദേശി അഖിലിനെ പോലീസ് അറസ്റ്റ് ചെയ്തു. റെഡ് മെയ്ഡ് വസ്ത്രങ്ങളാണെന്ന തരത്തിൽ രേഖകൾ നൽകിയാണ് ബെംഗളൂരുവിൽ നിന്ന് ഉള്ള പാഴ്സൽ കൊല്ലം റെയിൽ വേ സ്റ്റേഷനിൽ എത്തിച്ചത്.

ദിവസങ്ങൾ കഴിഞ്ഞിട്ടും പാഴ്സൽ കൈപ്പറ്റാൻ ആരും വരാതായതോടെ ആണ് റെയിൽ വേ പോലീസിന് സംശയം തോന്നിയത്. ഇതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് പെട്ടികൾക്ക് ഉള്ളിൽ നിന്ന് 350 കിലോയോളം നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെത്തിയത്. പല തരത്തിലുള്ള നിരോധിത പുകയില ഉത്പന്നങ്ങളാണ് ഉണ്ടായിരുന്നത്. ഇതോടെ റെയിൽ വേ സംരക്ഷണ സേനയും ക്രൈം ഇന്റലിജൻസ് വിഭാഗവും എക്സൈസും പ്രതിക്കായി കാത്തിരുന്നു.
ഒടുവിൽ പാഴ്സൽ ബുക്ക് ചെയ്ത ആറ്റിങ്ങൽ സ്വദേശി അഖിൽ കഴിഞ്ഞ ദിവസം റെയിൽ വേ സ്റ്റേഷനിൽ എത്തി. പോലീസ് ഇയാളെ കയ്യോടെ പിടികൂടി. വിപണിയിൽ 12 ലക്ഷം രൂപ വില വരുന്ന പുകയില ഉത്പന്നങ്ങളാണ് കസ്റ്റഡിയിൽ എടുത്തത്. പ്രതി മുൻപും സമാനമായ രീതിയിൽ പുകയില ഉത്പന്നങ്ങൾ കടത്തിയിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.












Click it and Unblock the Notifications