16 കൊല്ലം മുങ്ങിനടന്ന പിടികിട്ടാപ്പുള്ളി; ഒടുവില്‍ പോലീസിന്റെ പിടിവീണു; സംഭവം ഇങ്ങനെ
അഞ്ചൽ: പ്രതികളെ പിടികൂടുന്ന കാര്യത്തിൽ കേരള പോലീസ് മിടുക്കന്മാരാണ്. ഒന്നും രണ്ടും കേസുകളാണോ തെളിയിച്ചിരിക്കുന്നത്. മണിക്കൂർ കൊണ്ട് കേസുകൾ തെളിയിച്ച ചരിത്രം കേരളാ പോലീസിനുണ്ട്. 24 മണിക്കൂറിനുള്ളിൽ കൊലപാതക കേസിലെ പ്രതിയെ പോലും പൊക്കിയിട്ടുണ്ട് കേരള പോലീസ്. കഴിഞ്ഞ ദിവസം ക്ഷേത്രത്തിൽ കവർച്ച നടത്തിയ മോഷ്ടാവിനെ മൂന്ന് മണിക്കൂർ കൊണ്ടാണ് പോലീസ് പിടിച്ചത്.
പറഞ്ഞുവരുന്നത് കേരള പോലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെടാം എന്ന് വിചാരിക്കുന്നത് വെറും മോഹം മാത്രമാണ്. പതിനാറ് വർഷത്തിനൊടുവിൽ കണ്ണുവെട്ടിത്ത് നടന്ന ഒരു പിടികിട്ടാപ്പുള്ളിയെ പോലിസ് ഇന്ന് പിടികൂടിയിരിക്കുകയാണ്.

നിരവധി അബ്കാരി കേസുകളിലും അടിപിടി, കവർച്ച കേസുകളിലെയും പ്രതിയായ ഇയാൾ 16 വർഷം എല്ലാവരുടേയും കണ്ണ് വെട്ടിച്ച് മുങ്ങിനടന്ന ആളെ അഞ്ചൽ പൊലീസ് മലപ്പുറത്തുനിന്ന് അറസ്റ്റ് ചെയ്തു. അഗസ്ത്യക്കോട് കൊച്ചുകുരുവിക്കോണം സൂര്യ വിലാസത്തിൽ സുരേഷ് (42) ആണ് പിടിക്കപ്പെട്ടത്.
2004ൽ വാറ്റുചാരായം കൈവശം വെച്ച് വിൽപന നടത്തിയതിന് ആർച്ചൽ നിന്ന് അഞ്ചൽ പൊലീസ് പിടികൂടിയ സുരേഷ് കോടതിയിൽ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു. ഇതിന് പിന്നാലെ ആണ് പ്രതിയെ പിടികിട്ടാപ്പുള്ളിയായി കൊട്ടാരക്കര അബ്കാരി കോടതി പ്രഖ്യാപിച്ചത്.
2006 ജൂൺ അഞ്ചിന് രാത്രി 11 ഓടെ അഞ്ചൽ ഓട്ടോ സ്റ്റാൻഡിൽ നിന്ന് ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പുനലൂർ പേപ്പർമിൽ സ്വദേശിയായ സനുവിനെ ഓട്ടം വിളിച്ചു കൊണ്ടുപോയി വിജനമായ സ്ഥലത്തെത്തിച്ച് കഴുത്തിൽ വടിവാൾ വെച്ച് ഭീഷണിപ്പെടുത്തി ഓട്ടോ തട്ടിയെടുക്കാൻ ശ്രമിച്ച മൂവർ സംഘത്തിലെ ഒരാളായിരുന്നു.
സുരേഷിനെയും കൂട്ടുപ്രതികളായ വടമൺ തുണ്ടുവിള വീട്ടിൽ ബിജു, വടമൺ ബിജു വിലാസത്തിൽ ബിജു എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ റിമാൻഡിൽ കഴിഞ്ഞ മൂവരും ജാമ്യത്തിൽ ഇറങ്ങി. സുരേഷ് കോടതിയിൽ ഹാജരാകാതെ മുങ്ങി.
മലപ്പുറം ജില്ലയിലെ മോങ്ങം വളമംഗലം എന്ന സ്ഥലത്ത് കാട്ടിന് സമീപം റബർ എസ്റ്റേറ്റിൽ നിന്നുമാണ് അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തത്. പുനലൂർ ഡിവൈ.എസ്. പി.ബി. വിനോദിൻറെ നേതൃത്വത്തിൽ അഞ്ചൽ എസ്.എച്ച്.ഒ കെ.ജി. ഗോപകുമാർ, എസ്.ഐ പ്രജീഷ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ വിനോദ് കുമാർ, സിവിൽ പൊലീസ് ഓഫിസർ അരുൺ ജോസഫ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടിച്ചിരിക്കുന്നത്.












Click it and Unblock the Notifications