പിഎഫ്‌ഐ ചാപ്പ കുത്തിയ കേസില്‍ ട്വിസ്റ്റ്; സൈനികന്റെ പരാതി വ്യാജം, ലക്ഷ്യം ഇതായിരുന്നു
കൊല്ലം: സൈനികനെ മര്‍ദ്ദിച്ച് മുതുകില്‍ പിഎഫ്‌ഐ എന്ന് ചാപ്പ കുത്തിയ കേസില്‍ വഴിത്തിരിവ്. പരാതി വ്യാജമെന്ന് വിശദമായ പരിശോധനയില്‍ തെളിഞ്ഞു. സൈനികനെതിരെ ആക്രമണം നടന്നുവെന്നായിരുന്നു ആദ്യ പ്രചാരണം. ഇതോടെ സൈന്യവും കേസില്‍ അന്വേഷണം തുടങ്ങിയിരുന്നു. മൊഴികളില്‍ പൊരുത്തക്കേടുണ്ടായതോടെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തായത്.
സൈനികന്‍ ഷൈന്‍ കുമാര്‍, സുഹൃത്ത് ജോഷി എന്നിവരെ കടയ്ക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്തു. പിഎഫ്‌ഐ എന്ന് എഴുതാന്‍ ഉപയോഗിച്ച പെയിന്റ് ജോഷിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു. പ്രശസ്തനാകാന്‍ വേണ്ടിയാണ് കേസ് കെട്ടിച്ചമച്ചതെന്ന് പോലീസിന് ജോഷി മൊഴി നല്‍കി. ഉന്നത പോലീസ് ഓഫീസര്‍മാര്‍ കേസ് അന്വേഷണത്തിന്റെ മേല്‍നോട്ടം ഏറ്റെടുത്തിരുന്നു.

ദേശീയ മാധ്യമങ്ങളിലും വലിയ പ്രാധാന്യത്തോടെ ഈ വാര്‍ത്ത വന്നിരുന്നു. അടുത്തിടെ നിരോധിച്ച പോപ്പുലര്‍ ഫ്രണ്ട് എന്ന സംഘടനയെ ചുരുക്കി പിഎഫ്‌ഐ എന്ന് പറയാറുണ്ട്. സൈനികനെ ആക്രമിച്ചതിന് പിന്നിലെ എല്ലാ സാധ്യതകളും പരിശോധിക്കണമെന്ന് അന്വേഷണ സംഘത്തിന് നിര്‍ദേശം ലഭിച്ചിരുന്നു. സൈനികന്‍ തന്നെ വ്യാജമായ കേസുണ്ടാക്കി എന്ന വിവരമാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
സൈനികനായ ഷൈന്‍ കുമാര്‍ രാജസ്ഥാനിലാണ് ജോലി ചെയ്യുന്നത്. അവധി കഴിഞ്ഞ് മടങ്ങിപ്പോകേണ്ട തലേദിവസമാണ് പരാതി ഉയര്‍ന്നത്. കൊല്ലം കടയ്ക്കലില്‍ ഈ മാസം 24ന് രാത്രിയാണ് സംഭവം നടന്നത് എന്നായിരുന്നു സൈനികന്റെ പരാതി. സുഹൃത്തിന് പണം കൊടുക്കാന്‍ വേണ്ടി പോകുമ്പോള്‍ ഒരാള്‍ വഴിയില്‍ കിടന്നിരുന്നു. അടുത്ത് കുറച്ചുപേര്‍ നില്‍ക്കുകയും ചെയ്തിരുന്നു.
കിടക്കുന്ന വ്യക്തിയെ നോക്കാന്‍ ശ്രമിക്കവെ തനിക്ക് നേരെ ആക്രമണമുണ്ടായി എന്നായിരുന്നു ഷൈനിന്റെ പരാതി. തന്നെ ക്രൂരമായി മര്‍ദ്ദിച്ച അക്രമി സംഘം ബന്ധിക്കുകയും വസ്ത്രം കീറി മുതുകില്‍ എന്തോ എഴുതുകയും ചെയ്തു. സുഹൃത്തിനെ വിളിച്ചുവരുത്തി നോക്കിയപ്പോള്‍ പിഎഫ്‌ഐ എന്നാണ് എഴുതിയതെന്ന് വ്യക്തമായി എന്നും ഷൈന്‍ കുമാറിന്റെ പരാതിയിലുണ്ടായിരുന്നു.
സംഭവത്തിന്റെ ഗൗരവം മനസിലാക്കി പോലീസ് വിശദമായ അന്വേഷണം തുടങ്ങി. മൊഴിയില്‍ വൈരുധ്യമുണ്ടായത് പോലീസിന് സംശയത്തിന് ഇടയാക്കിയിരുന്നു. മിലിറ്ററി ഇന്റലിജന്‍സും ഐബിയും വിവരങ്ങള്‍ ശേഖരിച്ചുവെന്ന് വാര്‍ത്തകള്‍ വരികയും ചെയ്തു. എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഡിഐജിയുടെ മേല്‍നോട്ടത്തില്‍ ഷൈനിനെയും ജോഷിയെയും ചോദ്യം ചെയ്തു.
ഷൈനിന് പ്രശസ്തനാകാന്‍ വേണ്ടി സുഹൃത്തിനെ കൊണ്ട് പിഎഫ്‌ഐ എന്ന് എഴുതിക്കുകയായിരുന്നുവെന്ന് പോലീസിന് ബോധ്യമായി. ജോഷി ഇക്കാര്യം പോലീസിനോട് സമ്മതിച്ചു. ജോഷിയുടെ വീട്ടില്‍ നിന്ന് പെയിന്റ് കണ്ടെത്തി. ആദ്യം ഡിഎഫ്‌ഐ എന്നാണ് എഴുതിയതെന്നും പിന്നീട് പിഎഫ്‌ഐ എന്നാക്കാന്‍ ഷൈന്‍ പറഞ്ഞപ്പോള്‍ അതുപോലെ ചെയ്തുവെന്നും ജോഷി പോലീസിന് മൊഴി നല്‍കി.
ഷൈന്‍ അവസാന നിമിഷം വരെ പരാതിയില്‍ ഉറച്ചുനിന്നു. എന്നാല്‍ ജോഷിയെ പല തവണയായി ചോദ്യം ചെയ്തപ്പോഴാണ് പരാതി വ്യാജമാണെന്ന് തെളിഞ്ഞത്. പെയിന്റ് ചിറയിന്‍കീഴില്‍ നിന്നാണ് വാങ്ങിയതെന്ന് ജോഷി പോലീസിനോട് പറഞ്ഞു. മര്‍ദ്ദിക്കാന്‍ ഷൈന്‍ പറഞ്ഞു, നിലത്തിട്ട് വലിച്ചിഴയ്ക്കാനും പറഞ്ഞു. അതൊന്നും താന്‍ ചെയ്തിരുന്നില്ലെന്നും ജോഷി മൊഴി നല്‍കി. ഷൈനിന് മറ്റെങ്കിലും ലക്ഷ്യമുണ്ടായിരുന്നോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.












Click it and Unblock the Notifications