കൊല്ലത്ത് കൂട്ടുകാരനൊപ്പം ചേർന്ന് അമ്മയെ ജീവനോടെ കുഴിച്ചിട്ടുകൊന്ന കേസ്; വിധി 7 ന്
മകൻ കൂട്ടുകാരനുമായി ചേർന്ന് അമ്മയെ ജീവനോടു കുഴിച്ചുമൂടി കൊലപ്പെടുത്തുകയായിരുന്നു.

കൊല്ലം: കേരളം വളരെ ഞെട്ടലോടെയാണ് മകൻ അമ്മയെ ജീവനോടെ കുഴിച്ചിട്ട് കൊലപ്പെടുത്തിയ വാർത്ത കേട്ടത്. മകൻ കൂട്ടുകാരനുമായി ചേർന്ന് അമ്മയെ ജീവനോടു കുഴിച്ചുമൂടി കൊലപ്പെടുത്തുകയായിരുന്നു.
പട്ടത്താനം നീതി നഗർ പ്ലാമൂട്ടിൽ കിഴക്കതിൽ സാവിത്രിയമ്മയെ കുഴിച്ചുമൂടി കൊലപ്പെടുത്തിയ കേസിൽ മകൻ സുനിൽ, ഇയാളുടെ സുഹൃത്ത് കൊല്ലം പുള്ളിക്കട ശങ്കർ നഗർ പുഷ്പ ഭവനിൽ കുട്ടൻ എന്നിവരാണ് പ്രതികൾ. നാലാം അഡീഷനൽ സെഷൻസ് കോടതിയിലാണ് വിചാരണ നടന്നത്.

കൊലപാതകം നടന്നത് 2019ൽ..
ഈ കേസിന്റെ വിധി വൈകാതെ തന്നെ അറിയും. കേസിൽ വിധി പറയുന്നത് 7ലേക്ക് മാറ്റിയിരിക്കുകയാണ്. സുനിൽ ഒന്നാം പ്രതിയും , ഇയാളുടെ സുഹൃത്ത് കുട്ടൻ രണ്ടാം പ്രതിയുമാണ്. 2019 സെപ്റ്റംബറിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. സാവിത്രിയമ്മയുടെ പേരിലുള്ള വീടും വസ്തുവും എഴുതി നൽകണമെന്ന് ആവശ്യപ്പെട്ട് സുനിൽ നിരന്തരമായി സാവിത്രിയെ ഉപദ്രവിക്കുമായിരുന്നു. ഇതിനിടെ വീടും വസ്തുവും മൂത്ത മകളുടെ പേരിൽ എഴുതി നൽകാൻ തീരുമാനിച്ചതായും ഇതിന് ആയി പ്രമാണം മകളെ ഏൽപിച്ചതായും സുനിലിനോട് അമ്മ പറഞ്ഞു.

ജീവനോടെ കുഴിച്ചുമൂടി..
ഇത് അറിഞ്ഞതോടെ പ്രകോപിതനായ പ്രതി അമ്മയെ ക്രൂരമായി മർദിക്കുകയും തുണി ഉപയോഗിച്ചു കഴുത്ത് മുറുക്കി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ സാവിത്രിയമ്മ ബോധരഹിതയായി വീണു. തുടർന്ന്, ഇയാളുടെ സുഹൃത്ത് കുട്ടനെ വിളിച്ചു വരുത്തി വീടിനു സമീപം കുഴിയെടുത്ത ശേഷം അതിൽ കിടത്തി മണ്ണിട്ടു മൂടി കൊലപ്പെടുത്തി എന്നാണു കേസ്.

കേസ് അന്വേഷണം..
കൊല്ലം സിറ്റി പൊലീസ് എസിപി ആയിരുന്ന പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ ഈസ്റ്റ് സ്റ്റേഷൻ ഇൻസ്പെക്ടർ ആയിരുന്ന ആർ.രാജേഷും സംഘവും നടത്തിയ അന്വേഷണത്തിൽ ആണ് കൊലപാതകം പുറത്തു വരുന്നത്. പിന്നീട്, സുനിലിനെ അറസ്റ്റ് ചെയ്യുകയും സാവിത്രിയമ്മയുടെ മൃതദേഹം പുറത്തെടുത്തു പോസ്റ്റുമോർട്ടം നടത്തുകയും പിന്നീട് സംസ്കരിക്കുകയും ചെയ്തു.

രണ്ടാം പ്രതിയെ പിടികൂടുന്നത് ഇങ്ങനെ ...
രണ്ടാം പ്രതി കുട്ടനെ പള്ളിത്തോട്ടം സ്റ്റേഷൻ എസ്ഐ ആയിരുന്ന പി.പ്രദീപും സംഘവും തമിഴ്നാട്ടിൽ നിന്നു പിടികൂടുകയായിരുന്നു. 2015ൽ വടക്കേവിള സ്വദേശി സുരേഷ്ബാബുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണു സുനിൽ. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വി.വിനോദ് ഹാജരായി












Click it and Unblock the Notifications