പൗരപ്രമുഖനാവാൻ എവിടെയാണ് അപേക്ഷ കൊടുക്കേണ്ടത്? വിവരാവകാശ അപേക്ഷയുമായി വാർഡ് മെമ്പർ
കൊല്ലം: നവകേരള സദസ്സ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കാസർഗോഡ് നിന്ന് ആരംഭിച്ച സദസ്സ് ഇപ്പോൾ കണ്ണൂർ ജില്ലയിൽ ആണ് എത്തിയിരിക്കുന്നത്. നവകേരള സദസ് ആരംഭിക്കുന്നതിന് മുമ്പ് പരാതി സ്വീകരിക്കലും യോഗങ്ങളും ഒക്കെ നടക്കുന്നുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ പ്രഭാത യോഗത്തിൽ പൗരപ്രമുഖന്മാരും പങ്കെടുക്കുന്നുണ്ട്.
ഈ പൗരപ്രമുർ എന്ന് പറയുന്നത് കേട്ടപ്പോൾ ചിലർക്കെങ്കിലും സംശയം തോന്നിയില്ലേ ആരാണ് ഈ പൗരപ്രമുഖർ എന്നത്. ഈ സംശയം ഇല്ലാതാക്കാൻ വേണ്ടി ആണോ എന്നറിയില്ല ആരാണ് ഈ പൗരപ്രമുഖർ, പൗരപ്രമുഖർ ആകാനുള്ള മാനദണ്ഡം എന്താണ് എന്ന് ആരാഞ്ഞ് ചീഫ് സെക്രട്ടറിക്ക് അപേക്ഷ ലഭിച്ചിരിക്കുകയാണ്.

കൊല്ലം ജില്ലയിലെ കുമ്മിൾ ഗ്രാമ പഞ്ചായത്ത് അംഗം ഷമീർ ആണ് വിവരാവകാശ നിയമപ്രകാരം ചീഫ് സെക്രട്ടറിക്ക് അപേക്ഷ നൽകിയത്. പൗരപ്രമുഖനാവാൻ എവിടെയാണ് അപേക്ഷ കൊടുക്കേണ്ടത്, പ്രൗരപ്രമുഖൻ ആവാനുള്ള യോഗ്യത എന്താണ് എന്നും അപേക്ഷയിൽ ചോദിക്കുന്നു.
അതേസമയം, നവകേരള സദസ്സ് കണ്ണൂർ ജില്ലയിൽ രണ്ടാം ദിവസമാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും മന്ത്രിയും സഞ്ചരിച്ച ബസ്സിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിക്കാൻ ശ്രമിച്ചത് സംഘർഷത്തിലെത്തിയിരുന്നു.
കണ്ണൂരിലെ കല്യാശ്ശേരി മണ്ഡലത്തിലെ പഴയങ്ങാടി പോലീസ് സ്റ്റേഷന് സമീപത്തായിരുന്നു കോൺഗ്രസ് പ്രവർത്തകർ ഇന്നലെ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചത്. മാടായിപ്പാറ പാളയം മൈതാനത്ത് നടന്ന നവകേരള സദസ് കഴിഞ്ഞ് മുഖ്യമന്ത്രിയും മന്ത്രിമാരും മടങ്ങുമ്പോൾ ആണ് കരിങ്കൊടി കാട്ടിയത് വൻ പോലീസ് സുരക്ഷ മറികടന്നായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഈ പ്രതിഷേധം.
അതേസമയം, പ്രതിഷേധം കണക്കിലെടുത്ത് രണ്ടാം ദിനമായ ഇന്ന് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അഴിക്കോട്, ധർമ്മടം, തലശ്ശേരി, മണ്ഡലങ്ങളിലാണ് ഇന്ന് നവകേരള സദസ്സ്. ഈ മണ്ഡലങ്ങൾക്ക് പുറമേ മട്ടന്നൂർ, പേരാവൂർ, കൂത്തുപറമ്പ് മണ്ഡലങ്ങളിലെ പൗരപ്രമുഖരുമായി രാവിലെ മുഖ്യമന്ത്രിയും മന്ത്രിമാരും സംവദിച്ചതായാണ് റിപ്പോർട്ട്.












Click it and Unblock the Notifications