വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്; മുന്‍ എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസ് പിടിയില്‍
കോട്ടയം: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ എസ്എഫ്‌ഐ പുറത്താക്കിയ നിഖില്‍ തോമസ് പിടിയില്‍. എസ്എഫ്‌ഐയുടെ മുന്‍ ഏരിയ സെക്രട്ടറിയായിരുന്നു നിഖില്‍. രാത്രി വൈകി, കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് നിഖിലിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്യുന്നത്. നിഖില്‍ കെഎസ്ആര്‍ടിസി ബസ്സില്‍ ഇരിക്കുകയായിരുന്നു.
അതേസമയം വെള്ളിയാഴ്ച്ച വൈകീട്ടോടെ നിഖില്‍ പോലീസിന് മുമ്പാകെ കീഴടങ്ങുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നു. എന്നാല്‍ നിഖിലിനെ പിന്തുടര്‍ന്ന് അറസ്റ്റ് ചെയ്‌തെന്നാണ് പോലീസ് അവകാശപ്പെടുന്നത്. അഞ്ച് ദിവസത്തോളമായി നിഖില്‍ ഒളിവില്‍ ഇരുന്ന ശേഷമാണ് അറസ്റ്റിലാവുന്നത്.

അതേസമയം അറസ്റ്റ് ചെയ്ത നിഖിലിനെ കായംകുളം പോലീസ് സ്‌റ്റേഷനിലെത്തിച്ചു. ഒളിവിലായിരുന്ന നിഖിലിന്റെ നീക്കങ്ങള്‍ അന്വേഷണ സംഘം വ്യക്തമായി മനസ്സിലാക്കിയിരുന്നു. നിഖിലിന്റെ സുഹൃത്തായ മുന്‍ എസ്എഫ്‌ഐ നേതാവിനെ വര്‍ക്കലയില്‍ നിന്ന് ഇന്നലെ പകല്‍ കസ്റ്റഡിയിലെടുത്തിരുന്നു.
ഒളിവില്‍ കഴിഞ്ഞിരുന്ന നിഖിലിന് കീഴടങ്ങാന്‍ സമ്മര്‍ദമുണ്ടായിരുന്നു. നിഖിലിന്റെ അച്ഛനെയും സഹോദരങ്ങളെയും നേരത്തെ സ്‌റ്റേഷനില്‍ വിളിച്ച് വരുത്തി മണിക്കൂറുകള്‍ ചോദ്യം ചെയ്തിരുന്നു. അന്വേഷണ സംഘം മൂന്ന് സിഐമാരെ കൂടി ഉള്‍പ്പെടുത്തി വിപുലീകരിച്ചിട്ടുണ്ട്. അതേസമയം നിഖിലിന്റെ വിഷയത്തില്‍ യുഡിഎഫ് സംസ്ഥാന വ്യാപകമായി പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയായിരുന്നു. അതിന് മുമ്പേ നിഖിലിനെ അറസ്റ്റ് ചെയ്യാനും സമ്മര്‍ദമുണ്ടായിരുന്നു.
നേരത്തെ വ്യാജ ഡിഗ്രി വിവാദത്തിന് പിന്നാലെ നിഖിലിനെ സിപിഎമ്മും പുറത്താക്കിയിരുന്നു. ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കലിംഗ സര്‍വകലാശാല വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് എസ്എഫ്‌ഐ പുറത്താക്കിയത്. നിഖിലിനെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നിര്‍മിക്കാന്‍ സഹായിച്ചത് വിദേശത്തുള്ള മുന്‍ എസ്എഫ്‌ഐ നേതാവാണെന്ന് സൂചനയുണ്ട്. ഇതിന്റെ നിര്‍മാണം കൊച്ചികേന്ദ്രീകരിച്ചാണെന്നും നിഖിലിന്റെ സുഹൃത്ത് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications