അത് ജെസ്‌ന തന്നെയോ? പഴയ മൊഴി ആവര്‍ത്തിച്ച് ലോഡ്ജിലെ മുന്‍ ജീവനക്കാരി, നേരറിയാന്‍ സിബിഐ
കോട്ടയം: പ്രമാദമായ ജെസ്‌ന തിരോധാന കേസില്‍ വെളിപ്പെടുത്തല്‍ നടത്തിയ മുണ്ടക്കയത്തെ ലോഡ്ജിലെ മുന്‍ജീവനക്കാരിയുടെ മൊഴി രേഖപ്പെടുത്താന്‍ സിബിഐ. ജെസ്‌നയോടു സാദൃശ്യമുള്ള പെണ്‍കുട്ടിയെ കണ്ടെന്ന ജീവനക്കാരിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് സിബിഐ ഇവരുടെ മൊഴി രേഖപ്പെടുത്തുന്നത്. ഇവര്‍ക്കൊപ്പം ലോഡ്ജ് ഉടമയുടെ മൊഴിയും സിബിഐ സംഘം ഇന്ന് രേഖപ്പെടുത്തും.
ഇതിന് ശേഷം സിബിഐ ലോഡ്ജില്‍ പരിശോധന നടത്തുകയും ചെയ്യും. നേരത്തെ പൊലീസിനോടും ഈ ജീവനക്കാരി ഇതേ മൊഴിയാണ് നല്‍കിയിരുന്നത്. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ ഇതില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയിരുന്നു. പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പൊലീസും സാഹചര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍ സത്യമാണോ, ആണെങ്കില്‍ ഇവിടെയെത്തിയ ജെസ്‌ന പിന്നെ എവിടേക്ക് പോയി തുടങ്ങിയ കാര്യങ്ങളായിരിക്കും സിബിഐ അന്വേഷിക്കുക.

മുണ്ടക്കയം ടൗണിന്റെ ഹൃദയഭാഗത്താണ് ഈ ലോഡ്ജ് പ്രവര്‍ത്തിക്കുന്നത്. ഇരുവശങ്ങളിലും കടകളുള്ള ഒരു ചെറിയ ഇടനാഴി കടന്നാലാണ് ലോഡ്ജിലേക്കെത്താനാകുക. രണ്ടാം നിലയിലെ 102-ാം നമ്പര്‍ മുറിക്ക് പുറത്ത് ജെസ്‌നയോടു രൂപസാദൃശ്യമുള്ള പെണ്‍കുട്ടിയെ കണ്ടുവെന്നാണ് കഴിഞ്ഞ ദിവസം ലോഡ്ജിലെ മുന്‍ ജീവനക്കാരി വെളിപ്പെടുത്തിയത്. പെണ്‍കുട്ടി ചിരിച്ചപ്പോള്‍ പല്ലുകളില്‍ കമ്പി ഇട്ടിരുന്നത് വ്യക്തമായി കണ്ടിരുന്നു.
പിന്നീട് പത്രത്തില്‍ ജെസ്‌നയുടെ ഫോട്ടോ കണ്ടപ്പോഴാണ് രണ്ടും ഒരാളാണെന്നു തിരിച്ചറിഞ്ഞത് എന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ ലോഡ്ജിലെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിലെ പക തീര്‍ക്കാന്‍ ജീവനക്കാരി കള്ളം പറയുകയാണ് എന്നാണ് ലോഡ്ജ് ഉടമ പറയുന്നത്. നേരത്തെ ലഭിച്ച മൊഴി പ്രകാരം മൂന്ന് വര്‍ഷം മുന്‍പ് ക്രൈംബ്രാഞ്ച് സംഘം ലോഡ്ജില്‍ എത്തി അന്വേഷണം നടത്തിയിരുന്നു.
ലോഡ്ജിലും പരിസരങ്ങളിലും 2018 ല്‍ സിസിടിവി ക്യാമറകള്‍ കുറവായതിനാല്‍ അന്വേഷണത്തിന് സഹായകമായ ദൃശ്യങ്ങളൊന്നും ലഭിച്ചിരുന്നില്ല. കാഞ്ഞിരപ്പള്ളിയിലെ കോളജില്‍ ബികോം രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്ന ജെസ്‌നയെ പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറ കൊല്ലമുളയിലെ വീട്ടില്‍ നിന്ന് 2018 മാര്‍ച്ച് 22 നാണ് കാണാതാകുന്നത്. ജെസ്‌ന എരുമേലിയില്‍ നിന്ന് മുണ്ടക്കയം ബസില്‍ കയറിയതായി പൊലീസ് കണ്ടെത്തിയിരുന്നു.
എന്നാല്‍ പിന്നീട് എവിടേക്കാണ് ജെസ്‌ന പോയത് എന്നത് സംബന്ധിച്ച് ഒരു വിവരവുമില്ല. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അതുകഴിഞ്ഞ് സിബിഐയുമാണ് കേസ് അന്വേഷിച്ചത്. ജെസ്‌നയെ കണ്ടെത്താന്‍ ഇന്റര്‍പോള്‍ മുഖേന സിബിഐ 191 രാജ്യങ്ങളില്‍ യെലോ നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്.












Click it and Unblock the Notifications