ആ വെള്ളം മാറ്റിവെച്ചേക്ക്... യുഡിഎഫിലേക്കില്ലെന്ന് ജോസ് കെ മാണി, 'ഞങ്ങളെ പുറത്താക്കിയത്'
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എം, എല്‍ ഡി എഫ് വിട്ട് യു ഡി എഫിലേക്ക് തിരിച്ചെത്തും എന്ന റിപ്പോര്‍ട്ട് തള്ളി പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി. ഇത്തരം വാര്‍ത്തകള്‍ വ്യാജമാണ് എന്ന് എന്ന് അദ്ദേഹം വ്യക്തമാക്കി. അന്തരീക്ഷത്തില്‍ നിന്ന് സൃഷ്ടിച്ച വാര്‍ത്തയാണിത്. കേരള കോണ്‍ഗ്രസ് മുന്നണി മാറ്റത്തില്‍ ഒരു ചര്‍ച്ചയും ആരുമായും നടത്തിയിട്ടില്ല, ജോസ് കെ മാണി പറഞ്ഞു.
പാലാ, കടുത്തുരുത്തി നിയമസഭാ സീറ്റുകള്‍ സംബന്ധിച്ച് ധാരണയായാല്‍ യു ഡി എഫിലേക്ക് തിരിച്ചുവരാം എന്ന് കേരള കോണ്‍ഗ്രസ് എം തീരുമാനമെടുത്തു എന്ന തരത്തിലാണ് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നത്. എല്‍ ഡി എഫ് സര്‍ക്കാരിന് കീഴില്‍ റബര്‍ വിലസ്ഥിരത ഫണ്ടും കാരുണ്യ പദ്ധതിയും അട്ടിമറിക്കപ്പെട്ടതാണ് അതൃപ്തിക്ക് കാരണമായത് എന്നായിരുന്നു റിപ്പോര്‍ട്ട്.

ഇതിന്റെ ഭാഗമായി പാര്‍ട്ടിയില്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ നടന്നതായും റിപ്പോര്‍ട്ട് അവകാശപ്പെട്ടിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഭരണവിരുദ്ധ വികാരം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും എന്നും ഭരണം നഷ്ടമാകും എന്നുമുള്ള ഭയവും മുന്നണി മാറ്റത്തിന് കാരണമായി പറയപ്പെട്ടിരുന്നു. എന്നാല്‍ ഇതെല്ലാം തള്ളിക്കൊണ്ടാണ് ജോസ് കെ മാണി രംഗത്തെത്തിയത്.
കേരള കോണ്‍ഗ്രസ് എം എല്‍ ഡി എഫിന്റെ അഭിവാജ്യ ഘടകമാണ് എന്നും യുഡിഎഫ് തങ്ങള്‍ വിട്ടതായിരുന്നില്ല തങ്ങളെ പുറത്താക്കിയതായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫിനൊപ്പം ഉറച്ച് നില്‍ക്കും എന്നും അതിന് വിപരീതമായി ആര്‍ക്കെങ്കിലും ആഗ്രഹം ഉണ്ടെങ്കില്‍ അടുപ്പില്‍ വെച്ച വെള്ളം വാങ്ങി വെച്ചേക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തരം വാര്‍ത്തകള്‍ യുഡിഎഫിനെ സഹായിക്കാനുള്ള അജണ്ടയുടെ ഭാഗമാണ് എന്നും അദ്ദേഹം ആരോപിച്ചു. അതേസമയം 2026 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് കേരള കോണ്‍ഗ്രസ് എമ്മിനെ ഒപ്പം കൂട്ടാനായാല്‍ ഇടതുമുന്നണി പ്രതിരോധത്തിലാകും എന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ്. ഇതിന്റെ ഭാഗമായി ക്രൈസ്തവ മതമേലധ്യക്ഷന്‍മാരുടെ കൂടെ ഇടപെടലില്‍ നീക്കം നടക്കുന്നു എന്നാണ് വിവരം.
മുസ്ലിം ലീഗിന്റെ മധ്യസ്ഥതയില്‍ ഇത് സംബന്ധിച്ച് പലവട്ടം അനൗദ്യോഗിക ചര്‍ച്ചകള്‍ നടന്നിട്ടുണ്ട് എന്നാണ് കേരള കോണ്‍ഗ്രസ് എം വൃത്തങ്ങളെ ഉദ്ധരിച്ച് പുറത്തുവന്ന മാധ്യമറിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നത്. കെ എം മാണിയുടേയും കേരള കോണ്‍ഗ്രസ് എമ്മിന്റേയും കുത്തകയായ പാല സീറ്റില്‍ അദ്ദേഹത്തിന്റെ മരണ ശേഷം പാര്‍ട്ടിക്ക് ജയിക്കാനായിട്ടില്ല. പാലാ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ ഭാഗമായിരുന്ന മാണി സി കാപ്പനായിരുന്നു ജയിച്ചത്.
2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എം, എല്‍ഡിഎഫിനൊപ്പമായിരുന്നെങ്കിലും യുഡിഎഫ് പിന്തുണച്ച മാണി സി കാപ്പന്‍ തന്നെയാണ് പാലായില്‍ നിന്ന് ജയിച്ചത്. യുഡിഎഫിലേക്ക് മടങ്ങിയാലും കേരള കോണ്‍ഗ്രസ് എമ്മിന് പാലാ സീറ്റ് ലഭിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല.












Click it and Unblock the Notifications