ലോറിയില്‍ അശ്രദ്ധമായി കെട്ടിയ കയര്‍ കുരുങ്ങി കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം; ഒന്നുമറിയാതെ ഡ്രൈവര്‍
കോട്ടയം: ഓടുന്ന ലോറിയില്‍ അശ്രദ്ധമായി സൂക്ഷിച്ച കയര്‍ അഴിഞ്ഞ് വീണ് ശരീരത്തില്‍ കുരുങ്ങി കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം. കോട്ടയം ജില്ലയിലെ എം സി റോഡില്‍ സംക്രാന്തി ജംഗ്ഷന് സമീപമായിരുന്നു സംഭവം. സംക്രാന്തിയിലെ ഡ്രൈക്ലീനിങ് സ്ഥാപന ജീവനക്കാരനായ കട്ടപ്പന അമ്പലക്കവല കലവറ ജംക്ഷനില്‍ പാറയില്‍ വിഎസ് മുരളിയാണ് മരിച്ചത്. സംഭവത്തില്‍ ലോറി ഡ്രൈവറും തമിഴ്‌നാട് സ്വദേശിയുമായ ജീവരാജയെ പൊലീസ് അറസ്റ്റ് ചെയ്തു.
കൊലപാതകമല്ലാത്ത മനപൂര്‍വമുള്ള നരഹത്യയ്ക്കു ജീവരാജക്ക് എതിരെ കേസെടുത്തതായി ഗാന്ധിനഗര്‍ പൊലീസ് അറിയിച്ചു. അപകടമുണ്ടാക്കിയ ലോറി പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ചേര്‍ത്തല സ്വദേശിയുടേതാണ് ലോറി എന്ന് പൊലീസ് പറഞ്ഞു. ലോഡ് ചുറ്റിക്കെട്ടിയ കയറിന്റെ ബാക്കി റോഡിലേക്കു നീണ്ടുകിടന്നിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇതില്‍ കുരുങ്ങിയ മുരളി വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് തല്‍ക്ഷണം മരിക്കുകയായിരുന്നു.

മുരളിയെയും വലിച്ച് ലോറി 300 മീറ്ററോളം പോയി. കാല്‍ ശരീരത്തില്‍ നിന്ന് അറ്റ നിലയിലായിരുന്നു. നാഗമ്പടം പനയക്കഴിപ്പ് പള്ളിപ്പുറത്തുമാലി കുടുംബാംഗമായ മുരളി വര്‍ഷങ്ങളായി കട്ടപ്പനയിലാണ് താമസിക്കുന്നത്. സംക്രാന്തി ജംഗ്ഷനിലെ കടയില്‍ ചായ കുടിക്കാന്‍ പോകുമ്പോഴാണ് അപകടം. മനോഹരി ആണ് മുരളിയുടെ ഭാര്യ. ശ്രീദേവി (ബിഫാം), ശ്രീഹരി (പത്താം ക്ലാസ്) എന്നിവരാണ് മക്കള്‍.
അതേസമയം മുരളിക്ക് അപകടം സംഭവിക്കുന്നതിന് തൊട്ടുമുന്‍പ് കയര്‍ ഹെല്‍മറ്റില്‍ തട്ടി ബൈക്ക് മറിഞ്ഞ് പെരുമ്പായിക്കാട് സ്വദേശികളും ദമ്പതികളുമായ ബിജുവിനും ജ്യോതിക്കും പരിക്കേറ്റിരുന്നു. കൂടാതെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന പുന്നത്തറ ക്ഷേത്രം ശാന്തിക്കാരന്‍ ഹരിനാരായണനും അപകടം സംഭവിച്ചു. എന്നാല്‍ അപകടമുണ്ടായിട്ടും ലോറി ഡ്രൈവറോ സഹായിയോ ഇത് അറിഞ്ഞിരുന്നില്ല.
ലോറിയിലെ പച്ചക്കറി വീണ് തുടങ്ങിയപ്പോള്‍ മാത്രമാണ് ഇവര്‍ സംഭവം അറിയുന്നത്. അപകടം നടന്നത് അറിയാതെ റോഡില്‍ വീണ കയര്‍ അന്വേഷിച്ചെത്തിയ ഡ്രൈവറെയും ക്ലീനറെയും പിന്നീട് നാട്ടുകാര്‍ തടഞ്ഞുവെക്കുകയായിരുന്നു. തോമസ് ചാഴികാടന്‍ എം പി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു.












Click it and Unblock the Notifications